
കുട്ടികളെ, ആരോടും പറയാനാകാതെ സങ്കടങ്ങളെല്ലാം നിങ്ങൾ മനസിൽ കൂട്ടിവച്ചിരിക്കുകയാണോ? എന്നാൽ ഇനി മുതൽ ഉള്ളുതുറന്ന് സംസാരിക്കാൻ നിങ്ങൾക്ക് ഒരിടമുണ്ട്. ഫോൺ എടുത്ത് 1098 ലേക്ക് വിളിക്കൂ, നിങ്ങള്‍ പറയുന്നത് കേള്‍ക്കാനും സഹായത്തിനായി ഒപ്പം നില്‍ക്കാനും ആളുണ്ട്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ചൈൽഡ് ഹെല്പ്‌ലൈൻ നമ്പരാണ് 1098. വിഷമതകൾ അനുഭവിക്കുന്ന ഏതൊരു കുട്ടിക്കും ഏതൊരു സമയത്തും നേരിട്ട് വിളിക്കാൻ കഴിയുന്ന വിധത്തിൽ ചൈൽഡ് ഹെല്പ്‌ലൈൻ 1098 റീബ്രാന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജ് ചൈൽഡ് ഹെല്പ്‌ലൈൻ റീബ്രാന്‍ഡിങ് ലോഗോ പ്രകാശനം ചെയ്തു.
കുട്ടികളുടെ അടിയന്തര സഹായ സംവിധാനമായി വനിതാ ശിശു വികസന വകുപ്പ് മുഖേന സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന ചൈൽഡ് ഹെല്പ്‌ലൈനാണ് 1098. 2023 ഓഗസ്റ്റില്‍ ചൈൽഡ് ഹെല്പ്‌ലൈൻ പൂർണമായും വനിതാ ശിശു വികസന വകുപ്പ് ഏറ്റെടുത്തിരുന്നു. വകുപ്പ് ഏറ്റെടുത്ത ശേഷം ഇതുവരെ 4,86,244 കോളുകൾ ലഭിച്ചു. 32,330 കുട്ടികൾക്ക് അടിയന്തര സേവനം ആവശ്യമാണെന്ന് കണ്ടെത്തി കൃത്യമായ ഇടപെടലുകളിലൂടെ ആവശ്യമായ സഹായം നൽകുകയും കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ ഹെല്പ് ഡെസ്കുകളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനതല കൺട്രോൾ റൂം തിരുവനന്തപുരത്തെ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറേറ്റിലാണ് സജ്ജമാക്കിയിരിക്കുന്നത്. 1098 ലേക്ക് വിളിക്കുന്ന കോളുകൾ സംസ്ഥാന കൺട്രോൾ റൂമിലാണ് എത്തുന്നത്. അടിയന്തര പ്രാധാന്യമുള്ള കോളുകൾ 112ലേക്ക് ഫോര്‍വേഡ് ചെയ്യുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.