
മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ പിന്നാക്കവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നിലത്ത് പഴയ കടലാസിലിട്ട് ഉച്ചഭക്ഷണം വിളമ്പിയത് വിവാദമായി. പാത്രങ്ങുടെയും ജീവനക്കാരുടെയും ക്ഷാമം കാരണം കഴിഞ്ഞ ഒരാഴ്ചയായി പഴയ കടലാസിലാണ് ഭക്ഷണം വിളമ്പിയതെന്നും കണ്ടെത്തി. ഷിയോപുർ ജില്ലയിലെ ഹുല്ലാപുർ സർക്കാർ സ്കൂളിലാണ് സംഭവം. കുട്ടികൾ നിലത്തിരുന്ന് കടലാസിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികൾക്ക് പാത്രങ്ങളോ സ്പൂണോ ഭക്ഷണം കഴിക്കാൻ നൽകിയില്ല. വീഡിയോയിൽ അധ്യാപകരെ കാണുന്നില്ല. സംഭവത്തിൽ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
ഭക്ഷണം വിളമ്പാൻ കരാറെടുത്ത സ്വയംസഹായ സംഘത്തെ സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്കൂളിന്റെ ചുമതലയുള്ള ഭോഗിറാം ധാക്കഡിനെയും ജില്ലാ വിദ്യാഭ്യാസ ഓഫീസർ സസ്പെൻഡ് ചെയ്തു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് പോഷകസമൃദ്ധവും ശുചിത്വവുമുള്ള ഭക്ഷണം നൽകാൻ ഉദ്ദേശിച്ചുള്ള പ്രധാൻമന്ത്രി പോഷൺ ശക്തി നിർമ്മാൺ (പിഎം പോഷൺ) പദ്ധതിയുടെ പോരായ്മകളാണ് ഈ സംഭവത്തോടെ ഉയർന്നതെന്നാണ് ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ബിജെപി വാഗ്ദാനംചെയ്തിരുന്നു. അതേസമയം കടലാസിൽ ഉച്ചഭക്ഷണം വിളമ്പിയതിൽ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി രംഗത്തെത്തി. സംഭവത്തിന്റെ വീഡിയോദൃശ്യം എക്സിൽ പങ്കുവെച്ച രാഹുൽ, പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്ന് കുറിച്ചു.
ദൃശ്യം തന്റെ ഹൃദയം തകർത്തെന്നും മധ്യപ്രദേശിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. 20 വർഷത്തിലധികമായി ഭരിക്കുന്ന ബിജെപി സർക്കാർ കുട്ടികളുടെ പ്ലേറ്റുകൾപോലും അപഹരിച്ചു. ഇവരുടെ വികസനമെന്നത് വെറും മിഥ്യയാണെന്നും രാഹുൽ പരിഹസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.