19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024

‘കുട്ടികൾ തന്നെ ഉപഭോക്താക്കളും വാഹകരുമായി മാറുന്നു’; പത്തനംതിട്ടയില്‍ എംഡിഎംഎയുമായി രണ്ടുകുട്ടികൾ പിടിയിൽ

Janayugom Webdesk
April 20, 2023 7:32 pm

പത്തനംതിട്ട : കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ രണ്ട് കുട്ടികൾ പൊലീസ് പിടിയിലായി. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ് ഇന്ന് പന്തളത്ത് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പൊലീസിന്റെയും സംയുക്ത നീക്കത്തിൽ കുടുങ്ങിയത്. ഇവരിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വിൽപ്പനക്കായി വാങ്ങികൊണ്ടുപോകവെയാണ് പിടിയിലായത്. പൊലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരെ സാഹസികമായി പിടികൂടുകയായിരുന്നു. കളിക്കളങ്ങൾ കേന്ദ്രീകരിച്ച് കർശനനിരീക്ഷണം തുടരാൻ ജില്ലാ പൊലീസ് മേധാവി പൊലീസിന് നിർദേശം നൽകിയിരുന്നു. 

കുളനട പെട്രോൾ പമ്പിനടുത്തുനിന്നാണ് രാസലഹരിയുമായി കുട്ടികൾ പൊലീസ് വലയിലായത്. ഇത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം കുട്ടികളിൽ വ്യാപകമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് പൊലീസ് നടപടി കടുപ്പിച്ചത്. കുട്ടികൾ തന്നെ ഉപഭോക്താക്കളും വാഹകരുമായി മാറുന്ന ഗുരുതര സ്ഥിതിവിശേഷം നിലവിലുണ്ട്. വിൽക്കാൻ കിട്ടുന്ന ലഹരിവസ്തുക്കളിൽ നിന്നും ഇവർക്ക് സ്വന്തം ഉപയോഗത്തിന് അല്പം കിട്ടാറുണ്ടെന്നും, കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വിൽപ്പനക്കാർ കൗമാരക്കാരെ ഉപയോഗിക്കുന്നുണ്ടെന്നും പൊലീസിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടു. 5 ഗ്രാം എം ഡി എം എ വാങ്ങിയാൽ മൊബൈൽ ഫോണിൽ വച്ച് എ ടി എം കാർഡ് കൊണ്ട് പൊടിച്ച് വരയിട്ട് പന്ത്രണ്ടോളം പേർ ഉപയോഗിക്കുമെന്ന് പിടിക്കപ്പെട്ടവർ പൊലീസിനോട് പറഞ്ഞു. 

ആദ്യതവണ സൗജന്യമായി കച്ചവടക്കാർ നൽകുമെന്നും,പിന്നെ മുതൽ പണം കൊടുത്താണ് വാങ്ങുന്നതെന്നും, തുടർന്ന് വാഹകരായി മാറുകയാണെന്നും കുട്ടികൾ വെളിപ്പെടുത്തി. ഈ സ്ഥിതി അത്യന്തം അപകടമാണെന്നതിനാൽ രാസലഹരി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്തും വില്പനയും തടയുന്നതിന് ശക്തമായ നടപടി തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് പറഞ്ഞു. നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു ഡാൻസാഫ് സംഘത്തിന്റെ തന്ത്രപരമായ നീക്കം. അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ നിർദേശപ്രകാരം പന്തളം പൊലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പന്തളം എസ് ഐ രാജേഷ്, സി പി ഓമാരായ അൻവർഷാ, അർജ്ജുൻ കൃഷ്ണൻ, ഡാൻസാഫ് ടീമിലെ എസ് ഐ അജി സാമൂവൽ, എ എസ് ഐ അജി കുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവർ അടങ്ങിയ സംഘമാണ് നടപടികൾ സ്വീകരിച്ചത്.

Eng­lish Summary;‘Children them­selves become con­sumers and car­ri­ers’; Two chil­dren arrest­ed with MDMA in Pathanamthitta

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.