
സംസ്ഥാനത്ത് വാഹനവുമായി റോഡിലിറങ്ങി അപകടങ്ങള്‍ സൃഷ്ടിക്കുന്ന ‘കുട്ടി’ ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ കൂടിവരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വണ്ടി ഓടിക്കുന്ന കുട്ടികളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തിലാകുന്ന അവസ്ഥയുമുണ്ട്.
പലപ്പോഴും കുട്ടികള്‍ ഓടിച്ച വാഹനങ്ങള്‍ അപകടം വരുത്തുമ്പോഴാണ് രക്ഷിതാക്കള്‍ വിവരമറിയുന്നത്. ലൈസന്‍സ് ലഭിക്കാത്ത കുട്ടികള്‍ പ്രതികളായ കേസുകള്‍ ദിനം പ്രതി കൂടുകയാണ്. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ ശിക്ഷാ നടപടികളെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മോട്ടോര്‍ വാഹന നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്ത് പിടിക്കപ്പെട്ടാല്‍ രക്ഷിതാവിന്\വാഹന ഉടമയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. 25,000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. കൂടാതെ നിയമലംഘനം നടന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യപ്പെടുകയും ചെയ്യും.
വാഹനം ഓടിച്ച കുട്ടിക്ക് ഏഴ് വര്‍ഷത്തിന് ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ സാധിക്കൂ. അതായത് പിടിക്കപ്പെട്ട കുട്ടിക്ക് 18 വയസിന് പകരം 25 വയസിന് ശേഷം മാത്രമേ ലൈസന്‍സിന് അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കൂ. ഇവയ്ക്കെല്ലാം പുറമെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികളും കുട്ടി നേരിടേണ്ടി വരും.
തന്റെ അറിവോടെയല്ല കുട്ടി കുറ്റം ചെയ്തത് എന്നു തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്. ഇത് സംബന്ധിച്ച് മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ 2019 സെപ്റ്റംബര്‍ ഒന്ന് മുതലാണ് നിലവില്‍ വന്നത്. നിയമം കര്‍ശനമായി നടപ്പിലാക്കി കുട്ടി ഡ്രൈവര്‍മാരെ പൂര്‍ണമായും നിരത്തുകളില്‍ ഒഴിവാക്കുന്നതിനാണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.
രജിസ്ട്രേഷന്‍ ആവശ്യമില്ലാത്ത (മോട്ടോര്‍ വാഹനങ്ങളായി പരിഗണിക്കാത്ത) വൈദ്യുതി ഇരുചക്രവാഹനങ്ങളില്‍ ചിലത് മാത്രമെ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ നിരത്തില്‍ ഓടിക്കുവാന്‍ സാധിക്കുകയുള്ളു. മോട്ടോര്‍ ശേഷി 250 വാട്സില്‍ കുറഞ്ഞ വാഹനങ്ങള്‍ ഓടിക്കുവാന്‍ വയസോ ലൈസന്‍സോ ബാധകമല്ല.
English Summary: Accidents driven by children are on the rise
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.