11 December 2025, Thursday

Related news

December 3, 2025
November 27, 2025
November 24, 2025
November 24, 2025
November 11, 2025
October 12, 2025
October 4, 2025
October 3, 2025
September 13, 2025
September 12, 2025

ഇന്ന് ശിശുദിനം: ഇരുള്‍ പടരുന്ന ശിശുക്കളുടെ ലോകം

തമലം വിജയന്‍
November 14, 2023 10:32 am

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14 എല്ലാ വര്‍ഷവും ശിശുദിനമായി ആഘോഷിക്കുന്നു. നവംബര്‍ 20 ആണ് അന്തര്‍ദേശീയ ശിശുദിനം. 1889 നവംബര്‍ 14 ആണ് നെഹ്രുവിന്റെ ജനനം. 1964ല്‍ അദ്ദേഹത്തിന്റെ മരണശേഷമാണ് നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയത്.
സ്വാതന്ത്ര്യസമരസേനാനിയും സമാധാന പ്രിയനായ ഭരണാധികാരിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന നെഹ്രു കുട്ടികളുമായി സംവദിക്കുവാനും അവരുമായി കളിക്കുവാനും സമയം കണ്ടെത്തുകയും ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ കൃത്യനിഷ്ഠ പുലര്‍ത്തുകയും ചെയ്തിരുന്നു.
പനിനീര്‍പ്പൂക്കളുടെ ആരാധകനായിരുന്നു ചാച്ചാജി. കുട്ടികള്‍ക്ക് അദ്ദേഹം പൂക്കള്‍ സമ്മാനിക്കുമായിരുന്നു. പൂന്തോട്ടത്തില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കളെപ്പോലെയായിരുന്നു ചാച്ചാജിയുടെ കാഴ്ചയില്‍ കുട്ടികള്‍. ‘റോസാപ്പൂവപ്പൂപ്പന്‍’ എന്ന് കുട്ടികള്‍ സ്നേഹപൂര്‍‍വം വിളിച്ചിരുന്നു. പൂന്തോട്ടത്തിലെ ചെടികളെ പരിലാളിക്കുന്നതുപോലെ കുഞ്ഞുങ്ങളെയും പരിലാളിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

ഭാവി പൗരന്മാരായ കുട്ടികള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ രാജ്യത്തെയും ബാധിക്കുമെന്നും ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുകയെന്നും നമ്മള്‍ അവരെ വളര്‍ത്തുന്ന രീതിയാണ് രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുക എന്നും ചാച്ചാജി പറഞ്ഞിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി വളരെ ശക്തമായി വാദിച്ചിരുന്ന ഒരു വ്യക്തിയും കൂടിയാണ് നെഹ്രു.
നെഹ്രു തന്റെ ആത്മകഥയില്‍ പറയുന്നു: “ഞാനും കൂട്ടുകാരും ജയിലില്‍ വെറും നിലത്തുകിടന്നാണ് ഉറങ്ങിയിരുന്നത്. തടിയന്മാരായ എലികള്‍ മുഖത്തുകൂടെയും ശരീരഭാഗങ്ങളിലൂടെയും ഓടിപ്പാഞ്ഞുപോകുമ്പോള്‍ ഞങ്ങള്‍ ഞെട്ടി ഉണരുമായിരുന്നു.” നെഹ്രുവിന്റെ ജീവിത കാലഘട്ടത്തിലെ ശിശുക്കളുടെ ജീവിത സാഹചര്യമല്ല ഇന്നത്തെ ശിശുക്കളുടെ ജീവിത സാഹചര്യം.
സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള കാര്‍ഷിക വ്യാവസായിക സാങ്കേതിക വിജ്ഞാന വിപ്ലവങ്ങളിലൂടെ മനുഷ്യ ജീവിതത്തില്‍ ഗുണകരവും അല്ലാത്തതുമായ വിവിധ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് ചില കുട്ടികള്‍ സ്വയം അനാരോഗ്യകരമായ പ്രവൃത്തികളിലും സൗഹൃദങ്ങളിലും ഏര്‍പ്പെടുന്നു. കുട്ടികളോട് ചിലര്‍ ക്രൂരമായി അതിക്രമങ്ങള്‍ കാട്ടുന്ന ഭീതിജനകമായ അന്തരീക്ഷവുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അ‍ഞ്ചില്‍ ഒരാള്‍ക്ക് മാനസിക രോഗവും വ്യക്തിത്വവൈകല്യവും ഉണ്ടെന്നാണ് വിലയിരുത്തുന്നത്.
സ്വഭാവദൂഷ്യങ്ങളുള്ള കുട്ടികളാണ് സ്വയം അനാരോഗ്യകരമായ പെരുമാറ്റരീതികള്‍ പ്രകടിപ്പിക്കുന്നത്. സമൂഹം അംഗീകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെയും പെരുമാറ്റ രീതികളെയുമാണ് സ്വഭാവം എന്നതുകൊണ്ടുദേശിക്കുന്നത്. സമൂഹം സൃഷ്ടിക്കുന്ന നിയമസംഹിതകള്‍ അനുസരിക്കാതെ നിരന്തരം ചെയ്യുന്ന അസാധാരണമായ പെരുമാറ്റങ്ങളെയാണ് സ്വഭാവദൂഷ്യമായി കണക്കാക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, കള്ളം പറയല്‍, മോഷണം, ഒളിച്ചോടല്‍, അക്രമം കാട്ടുക, അസാന്മാര്‍ഗിക വഴികളില്‍ സഞ്ചരിക്കുക തുടങ്ങിയവ സ്വഭാവദൂഷ്യരോഗത്താല്‍ കാട്ടിക്കൂട്ടുന്നതാണ്. കാരണം മനസിലാക്കാന്‍ വളരെയധികം പ്രയാസമുള്ള ഒരുതരം മാനസിക രോഗമാണ് സ്വഭാവദൂഷ്യം എന്നാണ് മനോരോഗ വിദഗ്ധരുടെ അഭിപ്രായം.

മോശമായ ഗൃഹാന്തരീക്ഷം, തകര്‍ന്ന കുടുംബബന്ധങ്ങള്‍, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ കുട്ടികള്‍ അവരുടെ മോഹങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി മോശമായ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നു. കുട്ടിയുടെ ആദ്യ അധ്യാപിക അമ്മയാണല്ലോ. കുട്ടി തന്റെ വ്യക്തിത്വത്തില്‍ അടിസ്ഥാനപരമായ കാര്യങ്ങള്‍ അമ്മയില്‍ നിന്നും പഠിക്കുന്നു. അറിവ് വര്‍ധിപ്പിക്കുന്നതിലൂടെ തന്റെ വിദ്യാര്‍ത്ഥികളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ അധ്യാപകര്‍ക്കും കഴിയും.
കുട്ടികളെ മാനസികമായും ശാരീരികമായും തകര്‍ത്തുകളയുന്ന അതിക്രമങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുട്ടികള്‍ ആണായാലും പെണ്ണായാലും അവര്‍ സ്വന്തം ഗൃഹത്തില്‍പോലും ഇന്ന് സുരക്ഷിതരല്ല. ഒമ്പത് പരിചിതരായവരെയാണ് കുട്ടികള്‍ ഏറ്റവും അധികം സൂക്ഷിക്കേണ്ടതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആരെ വിശ്വസിക്കണം എന്ന് രക്ഷിതാക്കള്‍ തന്നെ നിര്‍ബന്ധമായും കുട്ടികളെ പറഞ്ഞുപഠിപ്പിക്കേണ്ടതുണ്ട്. കുട്ടികളിലും കുടുംബത്തിലും അവബോധം ഉണ്ടാക്കുന്നത് ഇന്ന് ഏറ്റവും അത്യാവശ്യമായി മാറിയിരിക്കുന്നു.
മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം ചില കുട്ടികളില്‍ ഇന്ന് വളരെ കൂടുതലാണ്. മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയെപ്പോലെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ കുട്ടികള്‍ അടിമകളാകുന്നതും. 

ചാച്ചാജിയുടെ ദര്‍ശനത്തില്‍ ഭാവിപൗരന്മാരായ കുട്ടികള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ രാജ്യത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ കുട്ടികളുടെ നേര്‍വഴിക്ക് വിഘാതമാകുന്ന ഏതൊന്നിനെയും കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്. കുട്ടികളുടെ ലോകം എന്നത് പരസ്പര സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മാത്രമാക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ഉണ്ടാവണം.
വീടുകളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും കുട്ടികളുടെ ലോകത്ത് ഇരുള്‍പടരുമ്പോള്‍ പലപ്പോഴും മറന്നുപോകുന്ന ഒരു വസ്തുതയാണ് അവരുടെ അവകാശങ്ങള്‍. തങ്ങളുടെ ശരീരത്തിലും മനസിലും അവര്‍ക്കാണ് അവകാശമെന്ന കാര്യം ചെറുപ്പം മുതലേ അവരെ പഠിപ്പിച്ചെടുക്കണം. വളരാനും പഠിക്കുവാനും സംരക്ഷിക്കപ്പെടുവാനും ജീവിക്കുവാനുള്ള അവകാശമുണ്ടെന്നുള്ള കാര്യം രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ പഠിപ്പിച്ചെടുക്കണം. കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ അകറ്റാനാവശ്യമായ വഴിയൊരുക്കുന്നതാകട്ടെ ശിശുദിനാഘോഷ പരിപാടികള്‍.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.