അതിര്‍ത്തിയിലെ ഹോട്ടാന്‍ മേഖലയില്‍ രണ്ട് പുതിയ പ്രവിശ്യകള്‍ സ്ഥാപിക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങള്‍ കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ഉള്‍പ്പെടുന്നതാണ് എന്നാണ് ഇന്ത്യയുടെ നിലപാട്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ രണ്ട് മാസം മുമ്പ് പരിഹരിച്ചെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ പട്രോളിങ് നടത്താനും തീരുമാനിച്ചിരുന്നു. അതിന് ശേഷമാണ് ചൈനയുടെ അസാധാരണ നടപടി. ഇന്ത്യന്‍ മേഖലയില്‍ ചൈന നടത്തിയ അനധികൃത കയ്യേറ്റം ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും കയ്യേറിയ മേഖല കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് കീഴിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെയാണ് ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വടക്ക് — പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് ഉയ്ഗുര്‍ സ്വയംഭരണ പ്രദേശത്തെ ഭരണകൂടം ഈ മേഖലയില്‍ രണ്ട് പുതിയ കൗണ്ടികള്‍ സ്ഥാപിക്കുന്നതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് റിപ്പോര്‍ട്ട് ചെയ്തത്. ടിബറ്റിലെ യാര്‍ലുങ് സാങ്പോ നദിയില്‍ ചൈന ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കുന്നതിനെക്കുറിച്ചും വിദേശകാര്യവക്താവ് പ്രതികരിച്ചു. വിദഗ്ധ തലത്തിലൂടെയും നയതന്ത്ര ചാനലുകളിലൂടെയും നദികളിലെ വന്‍പദ്ധതികളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളും ആശങ്കകളും ചൈനയെ അറിയിച്ചിട്ടുണ്ടെന്നും ജയ്സ്വാള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.