20 January 2026, Tuesday

Related news

January 16, 2026
January 12, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
December 31, 2025
December 29, 2025
December 26, 2025
December 26, 2025

ചൈനയുടെ ഡിഎപി കയറ്റുമതി നിരോധനം; രാസവള ക്ഷാമം രൂക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
July 15, 2025 10:30 pm

ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) കയറ്റുമതി ചൈന റദ്ദാക്കിയതിന് പിന്നാലെ രാജ്യത്ത് രാസവള ക്ഷാമം രൂക്ഷം. ഖാരിഫ് സീസണ്‍ സമയത്ത് ഡിഎപി ക്ഷാമം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളിലും രാസവളം കിട്ടാതെ കര്‍ഷകര്‍ വലയുകയാണ്. തദ്ദേശീയ കര്‍ഷകര്‍ക്ക് ഡിഎപി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചൈന കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇന്ത്യയിലെ കര്‍ഷകരെ പ്രതികൂലമായി ബാധിച്ചത്. യൂറിയ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ വളമാണ് ഡിഎപി. നേരിട്ട് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഡിഎപി ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നത്. ചൈന കയറ്റുമതിയിലും ആഗോളതലത്തിൽ ഫോസ്ഫേറ്റ് വളങ്ങളുടെ വിതരണത്തിലും ഗണ്യമായ കുറവ് വരുത്തിയതോടെയാണ് ഖാരിഫ് സീസണിന്റെ ഉച്ചസ്ഥായിയിൽ ഇന്ത്യൻ കർഷകർ കടുത്ത വളക്ഷാമം നേരിടുന്നത്. അടുത്തിടെ ഇന്ത്യൻ ഇറക്കുമതിക്കാർ സൗദി അറേബ്യ, മൊറോക്കോ, റഷ്യ, ജോർദാൻ എന്നിവിടങ്ങളിൽ നിന്ന് ഡിഎപി ഇറക്കുമതി ചെയ്യാന്‍ നീക്കം നടത്തിയിരുന്നുവെങ്കിലും ചൈനീസ് ഡിഎപിയുടെ കുറവ് നികത്താന്‍ പര്യാപ്തമായിട്ടില്ല. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഡൈ അമോണിയം രാസവളം പൊതുവിപണിയില്‍ കിട്ടാക്കനിയായി മാറിയെന്ന് കര്‍ഷകരും സംഘടനകളും പ്രതികരിച്ചു.
കഴിഞ്ഞ വർഷത്തെ സ്റ്റോക്ക് ഉൾപ്പെടെ ഇതുവരെ 1.9 ലക്ഷം ടൺ ഡിഎപി വളം വിതരണം ചെയ്യാൻ കഴിഞ്ഞുവെന്ന് കേന്ദ്ര രാസവള മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. റാബി സീസണ് മുമ്പ് പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എത്ര ടണ്‍ ലഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പ് പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കർണാടകയിൽ കേന്ദ്രസർക്കാർ നാല് ലക്ഷം ടൺ ഡിഎപി അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ 1.89 ലക്ഷം ടൺ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. ഏതാനും ദിവസം മുമ്പ് കര്‍ണാടക കൃഷി മന്ത്രി എന്‍ ചെലുവരായസ്വാമി രാസവള ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര രാസവള മന്ത്രി ജെ പി നഡ്ഡയ്ക്ക് കത്തെഴുതിയിരുന്നു. കേരളത്തില്‍ കൃഷിമന്ത്രി പി പ്രസാദും വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നു.
2024–25ല്‍ ഖാരിഫ്-റാബി സീസണുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 4.91 ലക്ഷം ടണ്‍ ഡിഎപിയാണ് വിതരണം ചെയ്തത്. എന്നാല്‍ ഉപഭോഗം 5.85 ലക്ഷം ടണ്‍ ആയിരുന്നു. മുന്‍വര്‍ഷത്തെ സ്റ്റോക്ക് ഉപയോഗിച്ചാണ് ഡിഎപി ക്ഷാമം അന്ന് പരിഹരിച്ചത്. ഡിഎപി ക്ഷാമം രാജ്യത്തെ മൊത്തം കാര്‍ഷിക മേഖലയെ തളര്‍ത്തുന്ന നിലയിലേക്ക് നീങ്ങിയിട്ടും ബദല്‍മാര്‍ഗം കണ്ടെത്താന്‍ മോഡി സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.