29 January 2026, Thursday

അപൂര്‍വ ധാതുക്കള്‍ക്ക് ചൈനയുടെ കയറ്റുമതി വിലക്ക്; ഇവി രംഗം പ്രതിസന്ധിയിലേക്ക്

Janayugom Webdesk
മുംബൈ
June 4, 2025 10:29 pm

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായം പ്രതിസന്ധിയിലേക്ക്. കാര്‍ നിര്‍മ്മാണത്തിലെ പ്രധാന ഘടകമായ അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതിന് കാരണമാകുന്നത്. അടുത്തമാസം ആദ്യംതന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ഉല്പാദനം നിലച്ചേക്കുമെന്ന് വാഹനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈനീസ് ഉല്പന്നങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ കനത്ത തീരുവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ബെയ്ജിങ് ഈ ധാതുക്കളുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തനത്തിന് നിര്‍ണായകമായ ധാതുക്കള്‍ ഏപ്രില്‍ നാല് മുതല്‍ ചൈനീസ് തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. 2024–25 ല്‍ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ മേഖല 460 ടണ്‍ അപൂര്‍വ ധാതുക്കളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ കൂടുതലും ചൈനയില്‍ നിന്നാണ്. ഈ വര്‍ഷം 30 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 700 ടണ്‍ ഇറക്കുമതി ചെയ്യുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്ക്, പ്രത്യേകിച്ച് ചെലവ് കുറഞ്ഞ ഇരുചക്ര വാഹന വിഭാഗത്തില്‍, ചൈനയുടെ നടപടി നിലനില്‍പ്പിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നു. നിലവിലെ സ്ഥിതി ഏറെ ഗുരുതരമാണെന്ന് ബജാജ് മോട്ടോഴ്‌സ്, ടിവിഎസ് തുടങ്ങിയ കമ്പനികള്‍ വ്യക്തമാക്കുന്നു.
ചൈനയില്‍ നിന്നും അപൂര്‍വ ധാതുക്കളുടെ കയറ്റുമതി സാധ്യമാക്കുന്നതിന് ഇപ്പോള്‍ നിരവധി കടമ്പകളുണ്ട്. ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ധാതുക്കളുടെ അന്തിമ ഉപയോഗം സ്വയം പ്രഖ്യാപിക്കണം. അത് അധികാരികള്‍ മുഖേന ബഹുതല സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാക്കണം. തുടര്‍ന്ന് ചൈനീസ് എംബസിയില്‍ നിന്നുള്ള അന്തിമ അംഗീകാരം ലഭിക്കണം. ഏകദേശം 30 അപേക്ഷകള്‍ ഇന്ത്യന്‍ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ചൈനക്ക് ലഭിച്ചിരുന്നു, എന്നാല്‍ ഇവ ഇപ്പോഴും ചൈനീസ് ക്ലിയറന്‍സ് കാത്തിരിക്കുകയാണ്. 

അപൂര്‍വ ധാതുക്കളുടെ ആഗോള ഉല്പാദനത്തിന്റെ ഏകദേശം 90 ശതമാനവും ചൈനയാണ് വഹിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങി നാം ദൈനംദിനം ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഈ ധാതുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്ക് പകരക്കാരെ കണ്ടെത്തുന്നത് എളുപ്പമല്ല. കൂടാതെ മലേഷ്യ, വിയറ്റ്‌നാം, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ബദലുകള്‍ക്ക് ചെലവ് കൂടുതലാകും. ഇവ വേര്‍തിരിച്ചെടുക്കാനും പ്രോസസ് ചെയ്യാനും പ്രയാസകരവും ചെലവേറിയതുമാണെന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

ഈ സാഹചര്യത്തില്‍ ഈ ധാതുക്കളുടെ വിതരണം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഒരു സംഘം 2–3 ആഴ്ചയ്ക്കുള്ളില്‍ ചൈന സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധികള്‍ ഉണ്ടാകില്ലെന്നാണ് സൂചന. അതേസമയം, സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഈ ധാതുക്കളുടെ ബദല്‍ സ്രോതസുകള്‍ അന്വേഷിച്ചുവരികയാണെന്നും സര്‍ക്കാര്‍ സൂചിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.