ചൈനീസ് നിര്‍മ്മാണ കമ്പനികളുടെ സഹകരണത്തോടെ രാജ്യത്തെ നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് മോഡി സര്‍ക്കാര്‍ ആവിഷ്കരിച്ച 1.98 ലക്ഷം കോടി രൂപയുടെ പദ്ധതി റദ്ദാക്കി. ചൈനീസ് നിര്‍മ്മാണ ഉല്പന്നങ്ങളുടെ രാജ്യത്തേക്കുള്ള അനിയന്ത്രിതമായ തള്ളിക്കയറ്റം ഒഴിവാക്കാനും ആഭ്യന്തര നിര്‍മ്മാണ മേഖലയെ ഊര്‍ജിതമാക്കാനുമുള്ള പദ്ധതിയാണ് ഇല്ലാതാക്കിയത്. പ്രാഥമിക മേഖലകളില്‍ മാത്രം പദ്ധതി ചുരുക്കിയതോടെ പ്രമുഖ കമ്പനികള്‍ മുഖംതിരിക്കുകയും പദ്ധതി നഷ്ടത്തിലാവുകയും ചെയ്തതാണ് പിന്മാറാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്.ലോകത്തെ നിര്‍മ്മാണ ഫ്ലോര്‍ എന്നറിയപ്പെടുന്ന ചൈനയുമായുള്ള സംയുക്ത സംരംഭം വഴി ആഭ്യന്തര കമ്പനികളെ ശാക്തീകരിക്കുകയായിരുന്നു ലക്ഷ്യം. കോവിഡിനുശേഷം മന്ദീഭവിച്ച നിര്‍മ്മാണ മേഖലയുടെ ഉണര്‍വിനായി പ്രധാനമന്ത്രിയുടെ ഓഫിസും വാണിജ്യ മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിച്ചത്. നാല് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ തുടക്കകാലത്ത് ആപ്പിള്‍ നിര്‍മ്മതാക്കളായ ഫോക്സ്‌കോണ്‍ ഉള്‍പ്പെടെ കമ്പനികള്‍ ഉല്പാദനാധിഷ്ഠിത പദ്ധതിയില്‍ (പ്രൊഡക്ഷന്‍ ലിങ്ക് ഇനിഷ്യേറ്റീവ് സ്കീം) പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ 14 പ്രാഥമിക മേഖലകളില്‍ മാത്രം പദ്ധതി ചുരുക്കിയതോടെ പ്രമുഖ കമ്പനികള്‍ പദ്ധതിയോട് മുഖം തിരിച്ചുവെന്ന് വാണിജ്യ മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
പദ്ധതിയുമായി സഹകരിച്ച കമ്പനികള്‍ നിര്‍മ്മാണ ലക്ഷ്യം കൈവരിച്ചാല്‍ നിര്‍മ്മാണ മേഖലയിലെ സാമ്പത്തിക വളര്‍ച്ച 25 ശതമാനം വര്‍ധിക്കാന്‍ ഇടവരുത്തുമെന്ന് മോഡി സര്‍ക്കാര്‍ പ്രതീക്ഷിച്ചു. എന്നാല്‍ പല കമ്പനികളും നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടത് പദ്ധതിക്ക് തിരിച്ചടി സൃഷ്ടിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വേതന വിതരണത്തിലെ കാലതാമസം, സബ്സിഡി ലഭ്യമാകുന്നതിലെ വീഴ്ച എന്നിവയാണ് കമ്പനികളെ ദോഷകരമായി ബാധിച്ചത്. 2024 ഒക്ടോബര്‍ മാസത്തില്‍ കമ്പനികള്‍ ആകെ ഉല്പാദിപ്പിച്ചത് 13.13 ലക്ഷം കോടിയുടെ ഉല്പന്നങ്ങളായിരുന്നു. ഡല്‍ഹി ലക്ഷ്യമിട്ട ഉല്പാദനത്തിന്റെ കേവലം 37 ശതമാനം മാത്രമായിരുന്നു ആഭ്യന്തര കമ്പനികളുടെ ഈ പ്രകടനമെന്നും റോയിട്ടേഴ്സ് പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ മൊത്തം മൂലധനനിക്ഷേപത്തന്റെ എട്ട് ശതമാനം തുക ഇന്‍സെന്റീവ് ആയി നല്‍കിയ പദ്ധതിയിലാണ് ഉല്പാദനം ഗണ്യമായി ഇടിഞ്ഞത്. ഇതോടെയാണ് പദ്ധതി റദ്ദാക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ പദ്ധതി റദ്ദാക്കിയിട്ടില്ലെന്നും പുനരാസൂത്രണം ചെയ്യുകയാണെന്നും വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ ഓഫിസും വാണിജ്യ മന്ത്രാലയവും ഇതു സംബന്ധിച്ച് ഔദ്യോഗീക വിശദീകരണം നടത്തിയിട്ടില്ല. പ്രമുഖ കമ്പനികളായ ഫോക്സ്‌കോണും റിലയന്‍സ് ഇന്‍ഡസ്ട്രിയും മൗനം പാലിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.