13 December 2025, Saturday

ചൈനീസ് സ്വകാര്യ റോക്കറ്റ് ‘സെറസ്-1’ വിക്ഷേപണം പരാജയം; ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ‘ഗാലക്‌റ്റിക് എനർജി’

Janayugom Webdesk
ബെയ്‌ജിങ്
November 12, 2025 2:32 pm

സ്വകാര്യ ചൈനീസ് ബഹിരാകാശ വിക്ഷേപണ കമ്പനിയായ ഗാലക്‌റ്റിക് എനർജിയുടെ സോളിഡ്-ഫ്യുവൽ റോക്കറ്റായ സെറസ്1‑ൻ്റെ 22-ാമത്തെ വിക്ഷേപണം പരാജയപ്പെട്ടു. ലോ എർത്ത് ഓർബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളുമായി ജൂക്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഞായറാഴ്ച കുതിച്ചുയർന്ന റോക്കറ്റിൻ്റെ ആദ്യ മൂന്ന് ഭാഗങ്ങളും വിജയകരമായി വേർപ്പെട്ടെങ്കിലും നാലാമത്തെയും അവസാനത്തെയും ഘട്ടം പരാജയപ്പെടുകയായിരുന്നു. ഇതോടെ മൂന്ന് പേലോഡുകളും നഷ്‌ടമായി. ഇവയിൽ രണ്ട് സാറ്റ്‌ലൈറ്റുകൾ ചൈനയുടെ ജിലിൻ‑1 ഉപഗ്രഹ ശൃംഖലയിൽപ്പെട്ടതാണ്.

ഗാലക്‌റ്റിക് എനർജി റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിനെ തുടർന്ന് ക്ഷമാപണവുമായി രംഗത്തെത്തി. “ദൗത്യത്തിൻ്റെ ഉപഭോക്താക്കളോടും ഗാലക്‌റ്റിക് എനർജിയെ പിന്തുണയ്ക്കുന്ന എല്ലാവരോടും ഞങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു,” കമ്പനി പ്രതികരിച്ചു. ഈ വിക്ഷേപണ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, സെറസ്-1 റോക്കറ്റ് മോടിപിടിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. 62 അടി ഉയരമുള്ള റോക്കറ്റാണ് സെറസ്-1. ലോ എർത്ത് ഓർബിറ്റിലേക്ക് 400 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷി ഈ ബഹിരാകാശ വിക്ഷേപണ വാഹനത്തിനുണ്ട്.

2020 നവംബർ ഏഴിന് കന്നി വിക്ഷേപണത്തിനായി ഉപയോഗിച്ച സെറസ്-1 റോക്കറ്റ് 2023 സെപ്റ്റംബറിൽ ആദ്യമായി പരാജയം രുചിക്കുന്നത് വരെ തുടർച്ചയായി 9 വിക്ഷേപണങ്ങൾ വിജയമാക്കിയ റോക്കറ്റാണ്. 2023‑ലെ പരാജയത്തിന് ശേഷവും തുടർച്ചയായി 11 വട്ടം വിജയിച്ച് സെറസ്-1 ശക്തമായി തിരിച്ചെത്തിയിരുന്നു. ആകെ 22 വിക്ഷേപണങ്ങളിൽ രണ്ടാം തവണയാണ് ഇത് പരാജയപ്പെടുന്നത്. സെറസ്-1‑നേക്കാൾ കരുത്തുറ്റ സെറസ്-2, പല്ലാസ്-1 എന്നീ റോക്കറ്റുകൾ വികസിപ്പിക്കുകയുമാണ് ഗാലക്‌റ്റിക് എനർജി. സ്പേസ് എക്‌സിൻ്റെ ഫാൽക്കൺ 9‑ന് സമാനമായി, ആദ്യഘട്ടം പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് പല്ലാസ്-1 റോക്കറ്റ് തയ്യാറാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.