
ഓണപ്പാട്ടിന്‍ താളം തുള്ളാത്ത ഒരു ഓണക്കാലം ഇപ്പോള്‍ മലയാളിക്കില്ല. ഓണാഘഷവേദിയിലും ഇന്‍സ്റ്റഗ്രാം റീല്‍സിലും അടക്കം ഓണപ്പൂക്കളത്തിനും കേരള വസ്ത്രത്തിനും എല്ലാം അകമ്പടിയായി എവിടെ തിരിഞ്ഞു നോക്കിയാലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ‘ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ…’ എന്ന സബീഷ് ജോര്‍ജിന്റെ ഓണപ്പാട്ടുണ്ട്, മലയാളി ഉള്ളിടത്തെല്ലാം. ഓണാഘോഷങ്ങള്‍ക്ക്് സബീഷും ബ്രജേഷും ചേര്‍ന്നൊരുക്കിയ മനോഹരമായൊരു ഓണപ്പാട്ട് കൂടി മലയാള മനസിലേക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഈണങ്ങളാല്‍ ചേക്കേറിയിരിക്കുന്നു… ‘പൊന്നാവണി വരവായ്’ എന്ന ഗാനം ഇതിനോടകം തന്നെ ആറുലക്ഷത്തിലേറെ കാഴ്ചക്കാര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
പ്രമുഖ സംഗീത ഗ്രൂപ്പായ ‘സരിഗമ’ ഒരു ഓണം ആല്‍ബം പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗാനം രചിക്കാനായി രണ്ടാമതൊരാളെ സബീഷിന് ആലോചിക്കേണ്ടി വന്നില്ല. സുഹൃത്തായ ബ്രജേഷ് രാമചന്ദ്രന്‍ തന്നെ മനസിലെത്തി. എക്കാലത്തെയും ഓണ ഹിറ്റുകളില്‍ ഒന്നായ ‘ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ’ എന്ന ഗാനം ഒരുക്കിയ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ മലയാള സംഗീത ആസ്വാദകര്‍ക്ക് ‘പൊന്നാവണി വരവായ്’ എന്ന ഗാനം സാക്ഷാല്‍ ചിന്മയിയുടെ ശബത്തില്‍ അത് ഗംഭീരമായ ഒരു ഓണ വിരുന്നായി മാറി.
ഒരുകാലത്ത് ഓണമെത്തിയാല്‍ തരംഗിണിയുടെ ഓണപാട്ടുകളുടെ കാസറ്റുകള്‍ക്കായി കാതോര്‍ത്ത് കാത്തിരുന്ന നൊസ്റ്റാള്‍ജിക് ഓണ നാളുകള്‍ ഉള്ളവരാണ് നാം. പുതു തലമുറയില്‍ എന്നും ഓര്‍ത്തിരിക്കാന്‍ ഒരു പക്ഷേ വിരളമായ ഗാനങ്ങളേ ഉണ്ടായിരുന്നിരിക്കൂ… അക്കൂട്ടത്തില്‍ 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു ഓണപാട്ടാണ് ഇന്നും യുവത്വത്തിന്റെ ചുണ്ടുകളില്‍ മൂളിക്കൊണ്ടിരിക്കുന്നത്. പരസ്യ ചിത്രങ്ങളിലും ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയും ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സകലമാന സോഷ്യല്‍ മീഡിയയിലും ഇന്ന് , ‘ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ…’ എന്ന ഗാനം ഒഴുകി നടക്കുകയാണ്… 2004ല്‍ ക്വട്ടേഷന്‍ എന്ന ചിത്രത്തില്‍ ബ്രജേഷ് രാമചന്ദ്രന്റെ വരികള്‍ക്ക് സബീഷ് ജോര്‍ജ് ഈണം നല്‍കിയ ആ മനോഹര ഗാനം ഇന്നും മലയാളികള്‍ ആഘോഷത്തോടെ ശ്രവിച്ചുകൊണ്ടേയിരിക്കുന്നു…
മലയാളത്തില്‍ ക്വട്ടേഷന്‍, ആയുര്‍രേഖ എന്നീ രണ്ട് സിനിമകള്‍ക്ക് മാത്രം സംഗീതം ചെയ്തിട്ടുള്ള സബീഷ് രണ്ടര പതിറ്റാണ്ടിന് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്തിടെ തമിഴില്‍ ഇറങ്ങിയ ‘യാനൈ മുഗതാന്‍ ’ എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കിയതും സബീഷാണ്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് സബീഷ് ഒരുക്കിയ ഓണപ്പാട്ടായ ”പൂ… വേ…’ എന്ന ഗാനം ഇപ്പോള്‍ സൂര്യ ടിവിയില്‍ അവരുടെ പരസ്യ ഗാനമായി മാറിക്കഴിഞ്ഞു. സബീഷ് ജോര്‍ജ് ചിട്ടപ്പെടുത്തിയ ഒരുപാട് ഗാനങ്ങള്‍ യൂടൂബിലും മറ്റും ലഭ്യമാണ്. മധുബാലകൃഷ്ണന്‍ പാടിയ അയ്യപ്പ ഭക്തിഗാനം, ലതിക ടീച്ചര്‍ ആലപിച്ച ക്രിസ്തീയ ഭക്തിഗാനം ‘എന്തതിശയമേ യേശുവിന്‍ സ്‌നേഹം’…, സൂഫി സംഗീതത്തില്‍ ഒരുക്കിയ ‘റൂഹി’, തമിഴ് സോങ്ങ് കാതല്‍ ഘടിതം… പോലെ ഒരുപാട് നല്ല ഗാനങ്ങള്‍
ഹരിഹരന്റെ ശബ്ദത്തില്‍ സബീഷ് ഒരുക്കിയ ‘ഹൃദയ രാഗമഴ പൊഴിയും ആത്മ സുഖം മനതാരില്‍ വിടരും കവിതേ’ എന്ന ഗാനവും അക്കാലത്ത് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.… ആയുര്‍ രേഖയില്‍ ഒഎന്‍വിയുടെ വരികള്‍ക്കായിരുന്നു സബീഷിന്റെ സംഗീതം. നീണ്ടകാലത്തെ സംഗീതയാത്രകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഇന്ന് കൂടുതല്‍ ഊര്‍ജ്ജത്തോടെ സംഗീത ലോകത്തേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് സബീഷ്. ഈ സമയത്ത് തന്നെ ഓണപ്പാട്ടിന്റെ താളം തുള്ളുന്ന വരികള്‍ മലയാളികള്‍ ആഘോഷ തിമിര്‍പ്പോടെ മൂളിക്കൊണ്ടിരിക്കുന്നതും ഒപ്പം പുതിയ ഗാനം ‘പൊന്നാവണി വരവായ്’ നാടാകെ ഏറ്റെടുത്തതും ഇരട്ടി മധുരം തന്നെ!…
അങ്ങനെ ഒരോണക്കാലവും കൂടി ഓണപ്പാട്ടിന്‍ താളം തുള്ളി കടന്നു പോകുകയാണ് സബീഷിന്റെ ഈണം മറക്കാതെ… ഇന്നും ഇതാ ഒരു ഗാനം സബീഷിന്റെ ഈണത്തില്‍ ചിന്മയിയുടെ ശബ്ദത്തില്‍ ബ്രജേഷിന്റെ വരികളിലൂടെ മലയാള മനസ്സില്‍ ചേക്കേറിയിരിക്കുന്നു…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.