
വരാനിരിക്കുന്ന ഐപിഎൽ സീസണിലെ മത്സരങ്ങൾ ബംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തുന്നതിന് കർണാടക മന്ത്രിസഭ അനുമതി നൽകി. എന്നാൽ, കഴിഞ്ഞ വർഷത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ നിബന്ധനകളോടെ മാത്രമായിരിക്കും അനുമതിയെന്ന് നിയമ‑പാർലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീൽ അറിയിച്ചു. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. 2025 ജൂൺ 4ന് ആർസിബിയുടെ ഐപിഎൽ കിരീടവിജയാഘോഷത്തിനിടെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചിരുന്നു. ഈ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുൻഹ കമ്മീഷൻ, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ നിലവിലെ ഘടന വൻ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. സ്റ്റേഡിയത്തിലെ ഗേറ്റുകളുടെ വീതി കൂട്ടുക, പാർക്കിംഗ് സൗകര്യം പരിഷ്കരിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന നിർദ്ദേശങ്ങൾ കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഈ സീസണിലെ ഉദ്ഘാടന മത്സരം സ്വന്തം മണ്ണിൽ കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. കമ്മീഷൻ നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്താമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ആർസിബി മാനേജ്‌മെന്റും ഉറപ്പുനൽകിയതായി ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. ആംബുലൻസ്, ഡോക്ടർമാരുടെ സേവനം, അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ എന്നിവ നിർബന്ധമായും ഉറപ്പാക്കണം. മത്സര നടത്തിപ്പിനിടെയുണ്ടാകുന്ന ഏതൊരു അനിഷ്ട സംഭവങ്ങൾക്കും കെഎസ്സിഎയും ആർസിബിയുമായിരിക്കും പൂർണ്ണ ഉത്തരവാദികളെന്നും സർക്കാർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.