15 October 2024, Tuesday
KSFE Galaxy Chits Banner 2

ചൊക്രമുടി: 28 പേരുടെ പട്ടയം റദ്ദാക്കാൻ നോട്ടീസ്

Janayugom Webdesk
മൂന്നാർ
October 15, 2024 10:55 pm

ചൊക്രമുടി കയ്യേറ്റത്തിൽ വിവാദ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കും. വിവാദ ഭൂമി വാങ്ങിയ 28 പേർക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയെന്ന് ദേവികുളം സബ് കളക്ടർ വി എം ജയകൃഷ്ണൻ പറഞ്ഞു. പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക്‌ ഈ മാസം 21 ന് മുമ്പ് നേരിൽ ഹാജരായി പരാതി നൽകാം. ചൊക്രമുടിയിലെ വിവാദ ഭൂമി വാങ്ങിയ 44 പേർക്ക്‌ റവന്യു വകുപ്പ് രേഖ പരിശോധനയ്ക്കായി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഭൂമിയിൽ അവകാശവും അധികാരവും ലഭിച്ചതിന്റെ പ്രമാണങ്ങൾ, കൈവശാവകാശം തെളിയിക്കുന്ന അസ്സൽ രേഖകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഹിയറിങ്ങിന് ഹാജരാകാനായിരുന്നു നിര്‍ദേശം.

അതുപ്രകാരം 33 പേർ ദേവികുളം സബ് കളക്ടർക്ക് മുന്നിൽ കഴിഞ്ഞ ദിവസം ഹാജരായി. ഹാജരാകാത്ത ബാക്കിയുള്ളവർക്ക് വീണ്ടും നോട്ടീസ് നൽകും. ഹിയറിങ്ങിന് ഹാജരായവരുടെ പട്ടയ ഫയലിലും അനുബന്ധ രേഖകളിലും അപാകതകൾ കണ്ടെത്തി. പട്ടയ വ്യവസ്ഥകളും ലംഘിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് പട്ടയവും തണ്ടപ്പേരും റദ്ദാക്കുന്ന നടപടികളുമായി മൂന്നോട്ട് പോകാനാണ് റവന്യു വകുപ്പിന്റെ തീരുമാനം. രേഖ പരിശോധനക്ക് ഹാജരായവർക്ക് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. 1965 മുതൽ 70 വരെയുള്ള കാലഘട്ടത്തിലാണ് ചൊക്രമുടിയിൽ 14 ഏക്കർ 69 സെന്റ് ഭൂമിക്ക് പട്ടയം അനുവദിച്ചത്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ച് നൽകണമെങ്കിൽ ഈ ഭൂമിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും കൃഷി ചെയ്യുകയോ വീടുവച്ച് താമസിക്കുകയോ വേണമെന്ന മാനദണ്ഡം മറികടന്നാണ് ഇവിടെ പട്ടയം നൽകിയതെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.