
ഇന്ത്യയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായും ഫലപ്രദമായും ഇടപെടണമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ക്രിസ്ത്യൻ സമൂഹം ഇന്ത്യയിൽ കടുത്ത വേട്ടയാടലുകൾക്ക് ഇരയായതായി വിവിധ ഏജൻസികളുടെ കണക്കുകൾ ഉദ്ധരിച്ച് സംഘടന വ്യക്തമാക്കി. 2025 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ മാത്രം 706 അക്രമ സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് പറയുന്നു. ഉത്തർപ്രദേശിൽ 183 സംഭവങ്ങളും ഛത്തീസ്ഗഢിൽ 156 ഓളം കേസുകളും രേഖപ്പെടുത്തി. മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളും ക്രിസ്ത്യൻ സമൂഹത്തിന് വെല്ലുവിളിയുയർത്തുന്ന പട്ടികയിലുണ്ട്.
പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തുക, പള്ളികൾക്ക് നേരെ അതിക്രമം നടത്തുക, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് കള്ളക്കേസുകൾ ചുമത്തുക എന്നിവ വ്യാപകമായി തുടരുന്നു. 2025‑ലെ ക്രിസ്മസ് സീസണിൽ മാത്രം രാജ്യവ്യാപകമായി അറുപതിലധികം ഇടങ്ങളിൽ ആഘോഷങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ഉത്തരേന്ത്യയിൽ മാത്രം 20 ലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ കരോൾ സംഘങ്ങൾക്ക് നേരെ ആക്രമണമുണ്ടായപ്പോൾ, ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അലങ്കാരങ്ങൾ നശിപ്പിക്കുകയും വിശ്വാസികളെ ഉപദ്രവിക്കുകയും ചെയ്തു. ക്രിസ്മസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടതായും എഐസിയു ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഉൾപ്പെടെയുള്ള ഉന്നത ഭരണാധികാരികൾ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനെ സംഘടന സ്വാഗതം ചെയ്തു. എന്നാൽ, ഇത്തരം പ്രതീകാത്മക നടപടികൾ അടിത്തട്ടിലെ വിശ്വാസികൾക്ക് സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. ഭരണാധികാരികളുടെ സന്ദർശനങ്ങൾ നടക്കുമ്പോൾ തന്നെ മറ്റൊരു വശത്ത് വിദ്വേഷ പ്രസംഗങ്ങളും ഭീഷണികളും തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് എഐസിയു ദേശീയ പ്രസിഡന്റ് എർ ഏലിയാസ് വാസ് വ്യക്തമാക്കി.
രാജ്യത്തെ ജനസംഖ്യയുടെ 2.3 % മാത്രമുള്ള ക്രിസ്ത്യൻ സമൂഹം വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നൽകുന്ന സേവനങ്ങൾ വലുതാണ്. ഭരണഘടനാപരമായ സമത്വവും സുരക്ഷയും മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, നിയമവാഴ്ച ഉറപ്പാക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.