ഇറ്റലിയിൽ ജീവിച്ചിരുന്ന സെന്റ് ഫ്രാൻസിസ് അസീസിയാണ് ക്രിസ്മസ് കാരളിന്റെ ഉപജ്ഞാതാവ്. ക്രിസ്മസ് കാരളിന്റെ ജന്മനാട് എന്ന ബഹുമതിയും ഇറ്റലിക്കാണ്. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു ക്രിസ്മസ് ഗാനമുണ്ട്. ‘സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്’ എന്ന പേരിൽ പ്രശസ്തമായ ആ ഗാനം ആദ്യമായി ആലപിച്ചത് ആസ്ട്രിയയിൽ ആയിരുന്നു. ‘ശാന്തരാത്രി വിശുദ്ധ രാത്രി’ എന്ന പേരിൽ മലയാളത്തിലേക്കും പരിഭാഷ ചെയ്തിട്ടുള്ള പ്രസ്തുത ഗാനം ലോകത്തിലെ മിക്ക ഭാഷകളിലേക്കും തർജ്ജമ ചെയ്തിട്ടുണ്ട്.
ക്രിസ്മസ് കാരളിനു തുടക്കം കുറിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധമായ കാരൾ ഗാനം ‘വീ ത്രീ കിങ്സ് ഓഫ് ഓറിയന്റ് ആർ’ എന്നതാണ്. ഉണ്ണിയേശുവിനു കാഴ്ചവസ്തുക്കളുമായി പോയ മൂന്നു വിദ്വാന്മാരെ അനുസ്മരിച്ചുകൊണ്ടുള്ള കാരൾ ഗാനമാണത്. ക്രിസ്മസ് കാരളിന് മുന്നോടിയായി കണക്കാക്കപ്പെടുന്ന ഒരു റോമൻ ആഘോഷമാണ് ‘സാറ്റണേലിയ. ’ ക്രിസ്മസ് കാരൾ ബഹിഷ്കരിച്ചിരുന്ന ഒരു രാജാവായിരുന്നു ഒലിവർ ക്രോംവൽ. ഒടുവിൽ ക്രിസ്മസ് ആഘോഷങ്ങൾ രാജ്യത്തുതന്നെ അദ്ദേഹം നിരോധിക്കുകയുണ്ടായി.
ക്രിസ്മസും കാരളും ബഹിഷ്കരിച്ചിരുന്ന മറ്റൊരു മതനവോത്ഥാന നായകനായിരുന്നു ജോൺ കാൽവിൻ. ആഘോഷങ്ങൾ വെറും ചടങ്ങുകളായി അധഃപ്പതിക്കുമോ എന്ന ആശങ്കയാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ അദ്ദേഹത്തെയും അനുയായികളെയും പ്രേരിപ്പിച്ചത്. ഇംഗ്ളീഷ് കാരളുകളുടെ പ്രഥമ സമാഹാരം അച്ചടിച്ചിറക്കിയത് വിൻകിൻ ഡിവേർഡ് ആയിരുന്നു. 1521 ലായിരുന്നു അത്. വിശ്വസാഹിത്യത്തിലും ക്രിസ്മസ് കാരൾ കടന്നു ചെന്നിട്ടുണ്ട്.
1843 ൽ ചാൾസ് ഡിക്കൻസ് രചിച്ച ‘ക്രിസ്മസ് കാരൾ’എന്ന ചെറുകഥയാണ് കാരളിനെ ലോകസാഹിത്യമേഖലയിൽ ലബ്ധപ്രതിഷ്ഠമാക്കിയത്. ‘സ്ക്രൂജ്’ എന്നായിരുന്നു ആ കഥയിലെ നായകകഥാപാത്രത്തിന്റെ പേര്. ക്രിസ്മസ് കാരളുമായി ആത്മബന്ധം പുലർത്തുന്ന ആഘോഷമാണ് ‘ക്രിസ്മസ് ക്രിബ്ബ്. ’ ഇതിന്റെ ഉപജ്ഞാതാവും സെന്റ് ഫ്രാൻസിസ് അസീസിയാണ്. ഗ്രേഷ്യോയിലാണ് ആദ്യത്തെ ക്രിസ്മസ് ക്രിബ്ബ് രൂപം കൊണ്ടത്. തുടർന്ന് ലോകരാജ്യങ്ങളിലായി അതു വ്യാപിച്ചു.
ഇരുനൂറിലേറെ ക്രിസ്മസ് ക്രിബ്ബുകൾ നിർമ്മിച്ച് ലോകറിക്കാർഡിന് അർഹമായ ദേവാലയമാണ് വിയന്നയിലെ കാതലിക് ചർച്ച്. കാരളിനെക്കുറിച്ചും ക്രിബ്ബിനെക്കുറിച്ചും നോവൽ രചിച്ച ഫ്രഞ്ച് നോവലിസ്റ്റാണ് മൈക്കിൾ ടൂർനിയർ. കാരൾ കൂടാതെയുള്ള ഒരു ക്രിസ്മസ് ആഘോഷത്തെപ്പറ്റി പാശ്ചാത്യ ക്രൈസ്തവർക്കു ഭാവനയിൽപ്പോലും സങ്കൽപ്പിക്കുവാൻ കഴിയില്ല. എത്ര കാരൾ ഗാനങ്ങൾ ആലപിച്ചാലും അതിൽ ആദ്യമായോ അവസാനമായോ ‘സൈലന്റ് നൈറ്റ് ഹോളി നൈറ്റ്’ എന്ന കാരൾ ഗാനം പാടുമെന്നതാണ് പാശ്ചാത്യരാജ്യങ്ങളിലെ ക്രിസ്മസ് കാരളിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.