
എയർ ഇന്ത്യ എക്സ്പ്രസ് ശൈത്യകാല ഗൾഫ് സർവീസുകൾ വെട്ടിക്കുറച്ചത് ക്രിസ്മസ് — പുതുവത്സര യാത്രയ്ക്കൊരുങ്ങുന്ന പ്രവാസി മലയാളികൾക്ക് ഇരുട്ടടിയായി. അവസരം മുതലെടുത്ത് ഇതര വിമാനക്കമ്പനികൾ യാത്രക്കൂലി പല മടങ്ങായി വർധിപ്പിച്ചു.
26 മുതൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള, മാസത്തിൽ 300 ഓളം വരുന്ന സർവീസുകളാണ് എയർ ഇന്ത്യ വെട്ടിക്കുറച്ചിട്ടുള്ളത്. ചിലത് പൂർണമായി റദ്ദാക്കാനും തീരുമാനമുണ്ട്. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ ലാഭകരമായിട്ടു പോലും എയർ ഇന്ത്യ എക്സ്പ്രസ് ടാറ്റ ഏറ്റെടുത്ത ശേഷം കേരളത്തോട് നിരന്തരം കാണിക്കുന്ന അവഗണനയിലൊന്നാണ് ഈ നടപടിയെന്നും നേരത്തേയും ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ടെന്നും വിമാനയാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
ഗൾഫിൽ സെപ്റ്റംബറിൽ അധ്യയനം ആരംഭിച്ച സ്കൂളുകൾക്ക് ഡിസംബര്‍ എട്ട് മുതൽ ജനുവരി നാല് വരെയും ഇന്ത്യൻ സിലബസ് സ്കൂളുകൾക്ക് ഡിസംബര്‍ 15 മുതൽ ജനുവരി നാല് വരെയുമുള്ള ശൈത്യകാല അവധിയാണ്. ഇത് മുന്നിൽക്കണ്ട് 35 ശതമാനം വരെ യാത്രാക്കൂലി വർധിപ്പിച്ച വിമാനക്കമ്പനികൾക്ക് എയർ ഇന്ത്യാ എക്സ്പ്രസിന്റെ പിന്മാറ്റം വലിയ കൊയ്ത്തിനാണ് വഴി വച്ചിരിക്കുന്നത്.
ദുബായ് — കൊച്ചി സര്‍വീസില്‍ ഡിസംബര്‍ ഏഴിന് പോയി എട്ടിന് തിരിച്ചു വരാൻ ബുക്ക് ചെയ്താൽ ഒരാൾക്ക് ഏതാണ്ട് 36,250 രൂപ വേണ്ടിവരും. എന്നാൽ, നിലവിൽ ഒരാൾക്ക് ഇതേ സര്‍വീസിൽ യാത്രയ്ക്ക് 14,500 രൂപയാണ് നിരക്ക്. നിരക്ക് ഇനിയും കൂടും. പ്രധാന ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് പരിശോധിച്ചാൽ പകൽക്കൊള്ള ബോധ്യമാവുമെന്ന് യാത്രക്കാർ പറയുന്നു. ടിക്കറ്റ് ബുക്കിങ് ഏജൻസികളും തീയതിയും വിമാനക്കമ്പനികളും മാറുന്നതിനനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാവും. ബുക്കിങ് കൂടുന്തോറും നിരക്കും പിന്നെയും കൂടും.
ജൂൺ, ജൂലൈ, ഓഗസ്റ്റ് സമയത്തെ ഗൾഫിലെ വേനൽക്കാല അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസി കുടുംബങ്ങളെ കൊള്ളയടിക്കാൻ നാലും അഞ്ചും ഇരട്ടിയായി യാത്രാ നിരക്ക് വർധിപ്പിക്കുന്നതും പതിവാണ്. സർവീസുകൾ വെട്ടിക്കുറച്ചത് താല്‍ക്കാലികമാണെന്നും വേനൽക്കാല അവധിയോടെ പുനരാരംഭിക്കുമെന്നുമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.