18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 10, 2024
December 6, 2024
November 28, 2024
November 26, 2024
November 21, 2024
November 14, 2024
November 9, 2024
November 7, 2024

ചൂരല്‍മല ദുരന്തം: സഹായം വൈകുന്നതില്‍ കേന്ദ്രം വിശദീകരിക്കണം

Janayugom Webdesk
കൊച്ചി
October 10, 2024 10:49 pm

ചൂരല്‍മല ദുരന്തത്തിലെ സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. സംസ്ഥാനം മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേന്ദ്ര സഹായം സംബന്ധിച്ച കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ദുരന്തഭൂമിയുടെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതല്ലേ? ആ ഭൂമി വീണ്ടെടുക്കേണ്ടതല്ലേയെന്നും അവിടേയ്ക്കായി എന്തെങ്കിലും ചെയ്തുകൂടെയെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. ദുരന്തത്തില്‍ ഇതുവരെ കേന്ദ്ര സഹായം ലഭിക്കാത്തതു സംബന്ധിച്ച് ഹൈക്കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. 

ദേശീയ ദുരന്ത നിവാരണ അതോറിട്ടി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയില്‍ നിന്ന് കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കേന്ദ്രത്തോട് വിശദീകരണം തേടിയത്. വിശദീകരണത്തിന് കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയപ്പോഴാണ് ഡിവിഷൻ ബെഞ്ചിന്റെ രൂക്ഷമായ പരാമർശങ്ങളുണ്ടായത്‌. ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ സഹായം സംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു. സംസ്ഥാനത്തിനു മാത്രം വയനാട് പുനരധിവാസം പൂർത്തിയാക്കാനാകില്ലെന്നും കേന്ദ്രസഹായം അടിയന്തരമായി ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകിയെന്നും കോടതി ഇടപെട്ട് നിയന്ത്രിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. 

പുനരധിവാസത്തിന് തയ്യാറാക്കിയ എസ്റ്റിമേറ്റ് തുക, ചെലവഴിച്ച തുകയായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചത് പുനരധിവാസ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ചെന്ന് എജി അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തകരുടെ മനോവീര്യം തകരുന്ന സാഹചര്യമുണ്ടാക്കിയെന്നും അറിയിച്ചു. തുടര്‍ന്ന് എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ വാര്‍ത്തയില്‍ മാധ്യമങ്ങളെ ഹൈക്കോടതി വിമര്‍ശിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് കോടതി പറഞ്ഞു.

പ്രധാനമന്ത്രിയുമായി ആലോചിച്ച് തീരുമാനമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ചൂരല്‍മല സഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജിഎസ‌്ടി വിഷയത്തില്‍ കേരളം ഉന്നയിച്ച കാര്യങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിന് ശേഷം പ്രകൃതി ദുരന്തമുണ്ടായ പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സഹായം ലഭ്യമായിട്ടും കേരളത്തിന് സഹായം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര — കേരള മാനദണ്ഡങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ടാണ് കാലതാമസം നേരിടുന്നതെന്ന് കേന്ദ്രമന്ത്രി മറുപടി നല്‍കി. ജിഎസ‌്ടിയുടെ കാര്യത്തില്‍ സംസ്ഥാന ധനമന്ത്രിയുമായി പലതവണ സംസാരിച്ചിട്ടുണ്ട്. ഇനിയുള്ള വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നും സീതാരാമന്‍ പറഞ്ഞു. കേരളം ഉന്നയിച്ച വിഷയങ്ങളോട് അനുകൂല നിലപാടാണ് മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ കെ വി തോമസ് അറിയിച്ചു.

കേന്ദ്ര മാനദണ്ഡങ്ങളെല്ലാം പാലിച്ചു; മന്ത്രി കെ രാജന്‍

തിരുവനന്തപുരം: ചൂരല്‍മലയിലെ ദുരിതാശ്വാസസഹായവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍. ഓഗസ്റ്റ് ഒമ്പതിന് തയ്യാറാക്കിയ നിവേദനം കേന്ദ്ര സംഘത്തെ കാണിച്ചിരുന്നു. അവര്‍ അംഗീകരിച്ച നിവേദനം ഓഗസ്റ്റ് 17 ന് ദുരന്തനിവാരണ, റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ദുരന്തനിവാരണത്തിന്റെ എല്ലാ മാനദണ്ഡങ്ങളും അതില്‍ പാലിച്ചിട്ടുണ്ട്. നിവേദനം നല്‍കിയ സമയത്ത് ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റൊന്നും പ്രതികരിച്ചിരുന്നില്ല. മാത്രമല്ല, 60 ദിവസക്കാലത്തിനിടയ്ക്ക് ഏതെങ്കിലും കുറവുള്ളതായി കേരളത്തെ അറിയിച്ചിട്ടുമില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ഇതിനിടെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. ആ സമയത്തും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കേരളത്തെ അറിയിച്ചിട്ടില്ല. മാനദണ്ഡങ്ങളില്‍ കുറവുള്ളത് എന്താണെങ്കിലും അത് കേരളത്തെ അറിയിക്കണമല്ലോ എന്നും മന്ത്രി ചോദിച്ചു. 

കേരളത്തിന് നികുതി വിഹിതം 3,430 കോടി 

ന്യൂഡല്‍ഹി: കേരളത്തിന് നികുതി വിഹിതമായി 3,430 കോടി. ഉത്തര്‍പ്രദേശിന് 31, 962, ബിഹാറിന് 17,921 കോടി എന്നിങ്ങനെയാണ് നികുതി വിഹിതം. മധ്യപ്രദേശിന് 12,987 കോടി രൂപയും അനുവദിച്ചു.
ഉത്സവകാലം കണക്കിലെടുത്ത് മൂലധന ചെലവ് ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വിഹിതം പ്രഖ്യാപിച്ചതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 1.78 ലക്ഷം കോടി രൂപ അനുവദിച്ചു. 2024–25 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് 15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമുള്ള 41 ശതമാനത്തിന് പകരം 32.5 ശതമാനം തുകയാണ് സംസ്ഥാനങ്ങളുമായി പങ്കിട്ടിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.