
ചൂരൽമല മോഡൽ ടൗൺഷിപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ മാതൃകയാണെന്നും ടൗണ്‍ഷിപ്പിനെതിരായ ആരോപണങ്ങള്‍ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമെന്നും മന്ത്രി കെ രാജന്‍. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തശേഷം ആരോപണങ്ങള്‍ പലതായിരുന്നു. അതിലെയൊക്കെ പൊള്ളത്തരം ജനം തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ ടൗൺഷിപ്പ് നിർമാണത്തിനെതിരെ ചിലരുയർത്തുന്ന തെറ്റായ പ്രചാരണങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണ്. എന്തായാലും ബോധപൂര്‍വമായ ശ്രമങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് തീര്‍ച്ച. ഇത്തരം തെറ്റായ പ്രചാരണം നടത്തുന്നവര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ മാത്രമല്ല, മലയാളികളെയാകെ ആണെന്ന് ഓര്‍മ്മിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ പിശുക്ക് കാട്ടുന്നുവെന്നാണ് മറ്റൊരു ആരോപണം. പിശുക്ക് കാണിക്കുന്നത്, പണം അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കുന്നതിന് വേണ്ടിയാണ്. വിവരാവകാശത്തിനും സോഷ്യല്‍ ഓഡിറ്റിനും വിധേയമാണ് ദുരന്തബാധിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്. അത് അര്‍ഹരായവര്‍ക്ക് തന്നെ കൈമാറും. അനാവശ്യമായ വിവാദങ്ങള്‍ നല്ലതല്ല. ടൗണ്‍ഷിപ്പിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് ആശങ്ക അവിടുത്തെ ജനങ്ങള്‍ക്കില്ല. ആശങ്കയുള്ളവര്‍ക്ക് അവിടെ നേരിട്ട് എത്തി വിലയിരുത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീടിന്റെ നിർമ്മാണ ചെലവിനെ കുറിച്ച് അടിസ്ഥാനരഹിത ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാൽ യുഎല്‍സിഎസിന് നൽകിയ കരാർ ഒരു വീടിന് ജിഎസ്ടി ഒഴികെ 22 ലക്ഷം എന്ന നിരക്കിലാണ്. അതായത് സാങ്കേതിക എസ്റ്റിമേറ്റിൽ നിന്നും 30 ശതമാനം കുറവിലാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. പൂർത്തിയായ മോഡൽ ഹൗസ് സന്ദർശിച്ച ഗുണഭോക്താക്കൾ ഒന്നടങ്കം നിർമ്മാണ ഗുണനിലവാരം, വീടിന്റെ രൂപകല്പന ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് മികച്ച പ്രതികരണം ആണ് പ്രകടിപ്പിച്ചത്. അവരുടെ പ്രതികരണവും സംതൃപ്തിയും സർക്കാരിന്റെ ശുഭാപ്തിവിശ്വാസവും പ്രവർത്തനങ്ങൾക്ക് ഊർജവും ആത്മവിശ്വാസവും പകരുന്നുണ്ട്. എസ്റ്റേറ്റ് ഭൂമി ടൗണ്‍ഷിപ്പിനായി ഏറ്റെടുക്കേണ്ടി വന്ന സാങ്കേതിക പ്രശ്നങ്ങളും മറ്റും മറികടക്കാനുള്ള കാലതാമസം മാത്രമാണ് നിലവില്‍ ഉണ്ടായത്. കോടതി നടപടിക്രമങ്ങള്‍ പാലിച്ച് ഭൂമി ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നാല് സോണുകളിലും ഒരേപോലെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ തന്നെ ടൗണ്‍ഷിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.