മോഡാനി, സംഭാല്‍ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെയും സ്തംഭിച്ചു.
രാവിലെ സമ്മേളിച്ച ലോക്‌സഭയില്‍ ചോദ്യവേള മുന്നേറിയെങ്കിലും ശൂന്യവേളയില്‍ ആദ്യം വിഷയം ഉന്നയിക്കാന്‍ അവസരം ലഭിച്ച ബിജെപി അംഗം നിഷികാന്ത് ദുബെ പ്രതിപക്ഷത്തിന്റെ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ വിദേശ ശക്തികളുടെ സ്വാധീനമുണ്ടെന്ന് പരാമര്‍ശിച്ചതോടെ നടപടികള്‍ കലുഷിതമായി. സര്‍ക്കാരിന്റെ വീഴ്ചകള്‍ വിദേശ ശക്തികളുടെ തലയില്‍ കെട്ടിവച്ച് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ ട്രഷറി ബഞ്ചുകള്‍ നടത്തിയ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിരോധം തീര്‍ത്തു.
അഡാനി കൈക്കൂലി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തിനെതിരെ തന്നെ അന്വേഷണം നടത്തുന്ന അവസ്ഥയാകുമെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. രാഹുലിനെതിരെ ദുബെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങിയതോടെ സ്പീക്കര്‍ ഓം ബിര്‍ള ഉച്ചതിരിഞ്ഞ് രണ്ടുവരെ നടപടികള്‍ നിര്‍ത്തിവച്ചു.
തുടര്‍ന്ന് സമ്മേളിച്ച ലോക്‌സഭയില്‍ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടു പോകാന്‍ പ്രതിപക്ഷം വിസമ്മതിച്ചതോടെ മൂന്നു വരെയും പിന്നീട് ഇന്നത്തേക്കും പിരിയുകയായിരുന്നു. രാവിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ മോഡാനി വിഷയത്തില്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി റാലിയായാണ് സഭയിലേക്ക് എത്തിയത്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ശൂന്യവേളയിലെ പ്രതിപക്ഷ പ്രതിഷേധം.
രാജ്യസഭയില്‍ ശൂന്യവേള ആരംഭിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ വീഴ്ചകള്‍ സംബന്ധിച്ച് ആരോപണങ്ങള്‍ക്ക് കാരണമാകുന്ന റിപ്പോര്‍ട്ടുകള്‍ സഭാ സമ്മേളനത്തിനു മുമ്പോ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളുമ്പോഴോ ആണ് ഉയര്‍ന്നുവരുന്നതെന്ന് ബിജെപി അംഗം സുധാംശു ചതുര്‍വേദി ഉന്നയിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. തുടര്‍ന്ന് സഭ 12 വരെ പിരിഞ്ഞു. പിന്നീട് സമ്മേളിച്ച സഭയില്‍ ചോദ്യവേളയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും സര്‍ക്കാരിന്റെ ഔദ്യോഗിക ബിസിനസുകള്‍ സുഗമമായി മുന്നേറാന്‍ സഭാ നേതൃത്വം അവസരം സൃഷ്ടിക്കുന്നുണ്ട്. ലോക്‌സഭ പാസാക്കിയ ഭാരതീയ വായുയാന്‍ വിധേയക് ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ ഇന്നലെ പാസാക്കി. പുതിയ ബില്ലുകളില്‍ ഹിന്ദിവല്‍ക്കരണം നടത്തുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.