
വിദേശ പൗരന്മാരെന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തിയവരെ തിരികെ കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി. നാടുകടത്തപ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ അവസരം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ് മല്യ ബഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. നാടുകടത്തപ്പെട്ടവര്‍ യഥാര്‍ത്ഥ ഇന്ത്യാക്കാരാണോ എന്ന് തെളിയിക്കാന്‍ ഇടക്കാല അവസരമൊരുക്കണം. ഇന്ത്യന്‍ രേഖകള്‍ സഹിതം അധികാരികള്‍ക്ക് മുമ്പാകെ തങ്ങളുടെ ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ ഇതുവഴി അവര്‍ക്ക് സാധിക്കും. നാടുകടത്തപ്പെട്ടവരെ കേൾക്കാനും ഏജൻസികൾക്ക് അവരുടെ രേഖകളുടെ ആധികാരികത പരിശോധിക്കാനും കഴിയുന്ന തരത്തിൽ അവരെ താൽക്കാലികമായി തിരികെ കൊണ്ടുവരണം.
ബംഗ്ലാദേശില്‍ നിന്ന് ഒരു നിയമവിരുദ്ധ കുടിയേറ്റക്കാരായി നാടുകടത്തപ്പെടുന്ന ആര്‍ക്കെങ്കിലും ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ കഴിയുന്ന പക്ഷം, ഇത്തരം വ്യക്തികള്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാന്‍ അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഡിസംബര്‍ ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് ബെഞ്ച് ആവശ്യപ്പെട്ടു. നാടുകടത്തപ്പെട്ടവരെ തിരിച്ചയ്ക്കാന്‍ ഉത്തരവിട്ട കൊല്‍ക്കത്ത ഹൈക്കോടതി തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തതായി ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ ബോധിപ്പിച്ചു. കോടതിയലക്ഷ്യ കുറ്റം ആരോപിച്ച് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിനുശേഷമാണ് കേന്ദ്രം വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ നിന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട രണ്ട് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളെ തിരിച്ചുകൊണ്ടുവരാൻ നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരാണെന്ന് ആരോപിച്ചാണ് ഇവരെ തിരിച്ചയച്ചത്. എട്ട് മാസം ഗർഭിണിയായ സുനാലി ഖാത്തൂന്‍ ഉൾപ്പെടെ ആറ് പേർക്കെതിരായ നാടുകടത്തൽ ഉത്തരവ് സെപ്റ്റംബർ 26ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ അവരെ പശ്ചിമ ബംഗാളിലേക്ക് തിരികെ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയും ഇടപെടല്‍ നടത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.