24 February 2026, Tuesday

ഐടി മേഖലയെ ഞെട്ടിച്ച് സിട്രിനി റിപ്പോര്‍ട്ട്; വിപണികളില്‍ എഐ ആശങ്ക

എഐ കൂട്ടപിരിച്ചുവിടലുകള്‍ക്ക് കാരണമാകും
രൂപയുടെ മൂല്യം ഇനിയും താഴും
ആഗോള ഓഹരിവിപണികള്‍ തകര്‍ന്നടിഞ്ഞു
Janayugom Webdesk
മുംബൈ
February 24, 2026 9:39 pm

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമബുദ്ധി ആഗോള സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് സിട്രിനി റിസർച്ച് പുറത്തുവിട്ട പഠന റിപ്പോർട്ട് ആഗോള വിപണിയിൽ വൻ ചലനമുണ്ടാക്കുന്നു.
2028 ഓടെ ലോകം നേരിട്ടേക്കാവുന്ന ഇന്റലിജൻസ് പ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ ഐടി കമ്പനികളുടെ ഓഹരി വിലയിൽ വലിയ ഇടിവുണ്ടായി. വാൾസ്ട്രീറ്റ് മുതൽ ദലാൽ സ്ട്രീറ്റ് വരെയുള്ള നിക്ഷേപ കേന്ദ്രങ്ങളെ റിപ്പോർട്ട് പിടിച്ചുലച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 730 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 25,500ത്തിന് താഴെയും എത്തി.
ഭാവിയിൽ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾ തൊഴിൽ മേഖലയെ എങ്ങനെ ബാധിക്കുമെന്നാണ് സിട്രിനിയുടെ പഠനം. എഐ സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ച ആഗോള തലത്തിൽ വലിയ പിരിച്ചുവിടലുകൾക്ക് കാരണമാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇത് ലോകത്തെ ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. അമേരിക്കൻ സാങ്കേതിക ഭീമനായ ഐബിഎമ്മിന് കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും മോശം വിപണി തകർച്ച ഇതിനെത്തുടർന്ന് നേരിടേണ്ടി വന്നു.
ഇന്ത്യയിലെ വൻകിട ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവയുടെ വളർച്ചാ സാധ്യതകൾക്കും റിപ്പോർട്ട് മങ്ങലേല്പിക്കുന്നു. കുറഞ്ഞ ചെലവില്‍ വിദഗ്ധരായ ഇന്ത്യന്‍ ഡെവലപ്പര്‍മാരെ ലഭ്യമാക്കുക എന്നതായിരുന്നു ഈ കമ്പനികള്‍ ചെയ്തിരുന്നത്. എന്നാല്‍ ഏജന്റിക് എഐ വരുന്നതോടെ ഈ മേല്‍ക്കോയ്മ അവസാനിക്കും. ഇന്ത്യൻ ഐടി മേഖല വൻതോതിലുള്ള തൊഴിൽ നഷ്ടം നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ വിദേശ നിക്ഷേപകരില്‍ വില്പന സമ്മര്‍ദം ശക്തമായി. 2008‑ലെ ലേമാന്‍ ബ്രദേഴ്‌സ് തകര്‍ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് ഇന്ത്യന്‍ ഐടി സൂചിക നിലംപൊത്തി. നിഫ്റ്റി ഐടി ഇന്‍ഡക്‌സ് 2.84 % താഴ്ന്നു.
അടുത്ത 18 മാസത്തിനുള്ളില്‍ 5% വൈറ്റ് കോളര്‍ ജോലികള്‍ എഐ കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. ഇത് രാജ്യത്തെ ഉപഭോഗത്തെയും ജിഡിപിയെയും സാരമായി ബാധിക്കും. 2028 ഓടെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വലിയ ഇടിവുണ്ടാകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ഐടി കയറ്റുമതിയില്‍ നിന്നുള്ള ഡോളര്‍ വരവ് നിലച്ചാല്‍ രൂപയുടെ മൂല്യം 18 % വരെ ഇടിഞ്ഞേക്കാം.
2023 ൽ ജെയിംസ് വാൻ ഗീലാൻ സ്ഥാപിച്ച സാമ്പത്തിക ഗവേഷണ സ്ഥാപനമാണ് സിട്രിനി റിസർച്ച്. ഇത് ഒരു പ്രവചനമല്ലെന്നും നിലവിലെ എഐ വിന്യാസം ഇതേ രീതിയിൽ തുടർന്നാൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു സാഹചര്യമാണെന്നും സിട്രിനി റിസർച്ച് വ്യക്തമാക്കുന്നു. എഐ ടാക്സ് ഏര്‍പ്പെടുത്തി തൊഴില്‍ നഷ്ടം നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.
ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് ഐടി സെക്ടറിന് നല്‍കിയ ഡൗണ്‍ഗ്രേഡ് റേറ്റിങ്ങും ഐടി ഓഹരികള്‍ക്ക് തിരിച്ചടിയായി. ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക് എന്നിവയെ ഹോള്‍ഡ് വിഭാഗത്തിലേക്കും, ടിസിഎസ്, എല്‍ടിഐ മൈന്‍ഡ് ട്രീ എന്നിവയെ ‘അണ്ടര്‍പെര്‍ഫോം’ വിഭാഗത്തിലേക്കും അവര്‍ മാറ്റി. ലക്ഷ്യവിലയില്‍ 30 % വരെ വെട്ടിക്കുറച്ചു. ഐടി മേഖല ഇനി സേവനാധിഷ്ഠിത മോഡലില്‍ നിന്ന് കണ്‍സള്‍ട്ടിങ് മോഡലിലേക്ക് മാറേണ്ടി വരുമെന്നും ഇത് ലാഭക്ഷമതയെ ബാധിക്കുമെന്നും ജെഫ്രീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.