20 May 2024, Monday

സിറ്റി ഗ്യാസ് പദ്ധതി നാട്ടിൻ പുറങ്ങളിലേയ്ക്ക്

സ്വന്തം ലേഖിക
ആലപ്പുഴ
June 29, 2023 11:18 pm

പെട്രോളിയം വാതകത്തിനുപകരം പ്രകൃതിവാതകം പ്രോത്സാഹിപ്പിക്കാനായി തുടക്കംകുറിച്ച സിറ്റി ഗ്യാസ് പദ്ധതി ജില്ലയിലെ 10,396 വീടുകൾക്ക് ആശ്വാസം നൽകും. ചേർത്തല നഗരസഭയിലെ 11 വാർഡുകളിലും വയലാർ പഞ്ചായത്തിലും പദ്ധതി പൂർത്തിയായി. ആറുമാസത്തിനുള്ളിൽ തണ്ണീർമുക്കം, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, മുഹമ്മ, മാരാരിക്കുളം നോർത്ത്, മാരാരിക്കുളം സൗത്ത്, ചേർത്തല സൗത്ത്, കടക്കരപ്പള്ളി പഞ്ചായത്തുകളിലും ഗുണഭോക്താക്കൾക്ക് പ്രകൃതിവാതക കണക്ഷൻ ലഭിക്കും. സിഎൻജി വാഹനങ്ങൾക്കുള്ള ഇന്ധനം ജില്ലയിലെ 13 പൊതുമേഖലാ പെട്രോൾപമ്പുകളിൽ വിതരണംചെയ്യുന്നുണ്ട്. 

അരൂർ, എരമല്ലൂർ, പട്ടണക്കാട്, എക്സ്റേ ജങ്ഷൻ, കലവൂർ, മുഹമ്മ, വഴിച്ചേരി, ആറാട്ടുവഴി, തട്ടാരമ്പലം, നീരേറ്റുപുറം, മുളക്കുഴ, നങ്ങ്യാർകുളങ്ങര, അമ്പലപ്പുഴ എന്നിവിടങ്ങളിലെ പമ്പുകളിൽ സിഎൻജി ലഭ്യമാണ്. ഹരിപ്പാട്, കായംകുളം, വണ്ടാനം എന്നിവിടങ്ങളിലെ പമ്പുകളിൽ ഉടൻ വിതരണം ആരംഭിക്കും. ജില്ലയിൽ ചേർത്തല തങ്കിയിലെ പ്ലാന്റിലാണ് ഉൽപ്പാദനം. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ പ്രകൃതിവാതകം ഉപയോഗിക്കാൻ സിറ്റി ഗ്യാസ് പദ്ധതി നടത്തിപ്പുകാരായ എജി ആൻഡ് പി കമ്പനിയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. ജൂലൈമുതൽ കെഎസ്ഡിപി പ്രകൃതിവാതക ഉപയോക്താക്കളാകും.

ജില്ലയിലെ കയറുൽപ്പന്ന മേഖലയുമായും കരാറൊപ്പിടാൻ അവസാനഘട്ട ചർച്ചകൾ നടക്കുകയാണ്. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ ക്രമേണ പ്രകൃതിവാതകത്തിലേക്ക് മാറും. സംസ്ഥാന സർക്കാർ ഗെയിൽ വാതക പൈപ്പ് ലൈൻ യാഥാർഥ്യമാക്കിയതോടെയാണ് രാജ്യത്തെ വൻകിട നഗരങ്ങളിൽമാത്രം നടപ്പാക്കിയിരുന്ന സിറ്റി ഗ്യാസ് പദ്ധതി മലയാളികളുടെ അടുക്കളയിലേക്കും എത്തിയത്. ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസാണ് (എൽസിഎൻജി) വിതരണം ചെയ്യുന്നത്. 

Eng­lish Sum­ma­ry: City gas project to rur­al areas

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.