19 December 2024, Thursday
KSFE Galaxy Chits Banner 2

ദുരന്തഭൂമിയിൽ ഇടറാതെ സിവിൽ ഡിഫൻസ് സേന

web desk
കൊച്ചി
March 13, 2023 9:49 pm

തീയും പുകയുമുയരുന്ന ബ്രഹ്മപുരം ദുരന്തഭൂമിയിൽ സേവന സന്നദ്ധരായി പ്രവർത്തിക്കുകയാണ് സിവിൽ ഡിഫൻസ് സേനാംഗങ്ങൾ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് രാവും പകലും ഇവർ നടത്തുന്നത്. 12 ജില്ലകളിൽ നിന്നായി 650 പേരാണ് ഇതിനോടകം രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായത്. നിലവിൽ 75 സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ബ്രഹ്മപുരത്തുണ്ട്. യാതൊരു ലാഭേച്ഛയുമില്ലാതെ നൂറുകണക്കിന് സിവിൽ ഡിഫൻസ് സേനാംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ബ്രഹ്മപുരത്തേക്കെത്തിയത്. കൂലിപ്പണിക്കാർ മുതൽ ബിസിനസുകാർ വരെയുള്ള സിവിൽ ഡിഫൻസ് സേനാംഗങ്ങളിൽ പലരും ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നതിന് പകരം ബ്രഹ്മപുരത്തേക്കെത്തി. ചിലരാകട്ടെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അവധിയെടുത്ത് സന്നദ്ധ സേവനത്തിനെത്തി.

നേരത്തെ കോവിഡ് പ്രതിസന്ധിയിലും പ്രളയകാലത്തുമെല്ലാം അഗ്നി രക്ഷാ സേനക്കൊപ്പം ഒറ്റക്കെട്ടായി പ്രശംസനീയമായ പ്രവർത്തനങ്ങൾ സിവിൽ ഡിഫൻസ് വൊളന്റിയർമാർ നടത്തിയിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തോടെ ദുരന്ത മുഖങ്ങളിൽ തങ്ങളുടെ പങ്ക് വ്യക്തമാക്കുകയാണിവർ. ചരിത്രത്തിലെ ഏറ്റവും വലിയ തീയണയ്ക്കൽ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ഫയർ ആന്റ് റെസ്ക്യൂ സേനക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും സേനാംഗങ്ങൾ ഒരുക്കി. സേവനസന്നദ്ധതയുള്ള പൊതുജനങ്ങൾക്ക് ജീവൻരക്ഷാ — ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും അതുവഴി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ ഡിഫൻസിന്റെ രൂപീകരണം. അഗ്നിരക്ഷാ സേനയ്ക്ക് കീഴിലാണ് ഇവരുടെ പ്രവർത്തനം.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിച്ച സാഹചര്യത്തിൽ ആദ്യം ഓടിയെത്തിയത് സിവിൽ ഡിഫൻസ് സേനാംഗങ്ങളായിരുന്നു. തീ അണയ്ക്കുന്നതിനും പുക ശമിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് അഗ്നിരക്ഷാസേന നേതൃത്വം കൊടുത്തപ്പോൾ സിവിൽ ഡിഫൻസ് അവർക്ക് കരുത്തു പകർന്നു. ഫയർ എഞ്ചിനുകളിൽ ഇന്ധനവും പമ്പ് ചെയ്യുന്നതിനുള്ള വെള്ളവും നിറക്കുന്നത് മുതൽ ഭക്ഷണം വിതരണം ചെയ്യുന്നത് വരെ സിവിൽ ഡിഫൻസ് ഏറ്റെടുത്തു. അവശ്യഘട്ടങ്ങളിൽ തീയണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ഇവരുടെ സേവനം തേടി.

തീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയതിന് പിന്നാലെ ദിവസവും നൂറോളം പേരായിരുന്നു വിവിധ ഷിഫ്റ്റുകളിലായി സേവനത്തിനെത്തിയത്. വിവിധ ജില്ലകളിൽ നിന്നുള്ളവരായിരുന്നു ഇവർ. തൃക്കാക്കര അഗ്നിനിലയത്തിലായിരുന്നു ഇവരുടെ താമസ സൗകര്യം ഒരുക്കിയത്. റീജിയണൽ ഫയർ ഓഫിസർ ജെ എസ് സുജിത്ത് കുമാറിന്റെയും ജില്ലാ ഫയർ ഓഫിസർ കെ ഹരികുമാറിന്റെയും മേൽനോട്ടത്തിൽ സിവിൽ ഡിഫൻസ് ചീഫ് വാർഡൻ അനു ചന്ദ്രശേഖർ, ഡിവിഷണൽ വാർഡൻ ബിനു മിത്രൻ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

 

Eng­lish Sam­mury: Civ­il Defense Force with­out stum­bling in Brahma­pu­ram dis­as­ter area

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.