10 January 2026, Saturday

പാല സീറ്റിനെചൊല്ലി യുഡിഎഫില്‍ കലഹം ; സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍

Janayugom Webdesk
കോട്ടയം
January 4, 2026 11:33 am

പാല നിയമസഭാ സീറ്റിനെചൊല്ലി യുഡിഎഫില്‍ തര്‍ക്കം രൂക്ഷം. സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നാണ് നിലവിലെ എംഎല്‍എ മാണി സി കാപ്പന്‍, എന്നാല്‍ പാല സീറ്റ് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നാണ് കേരള കോണ്‍ഗ്രസ് (ജോസഫ് )വിഭാഗത്തിന്റെ നിലപാട്.കഴിഞ്ഞ തവണ തങ്ങളുടെ സീറ്റായ പാല മത്സരിക്കാന്‍ മാത്രമാണ് മാണി സി കാപ്പന് നല്‍കിയത്. അതിനാല്‍ സീറ്റ് തങ്ങള്‍ എടുത്ത് കേരള കോണ്‍ഗ്രസ് (ജെ ) സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നാണ് അവരുടെ നിലപാട്. മാണി സി കാപ്പന്‍— ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ സീറ്റിനായി രംഗത്തുള്ളപ്പോള്‍ രണ്ടു പേരെയും ഒഴിവാക്കി കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി നിലപാട്. 

പാലായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ നിരവധി ഭൈമി കാമുകന്‍മാര്‍ രംഗത്തുണ്ട്. എന്നാല്‍ താന്‍ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നാണ് മാണി സി കാപ്പൻ പറയുന്നത.പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയായിരിക്കും ഉണ്ടാവുക. അത് മാണി സി കാപ്പൻ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.അതേസമയം, തെരഞ്ഞെടുപ്പിൽ തന്റെ പാര്‍ട്ടിയായ കെഡിപി കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മത്സരിക്കുന്നത് പാലായിലും എലത്തൂരിലുമാണ്. സീറ്റുകളുടെ കാര്യത്തിൽ ഉടൻ ധാരണ ഉണ്ടാകും. എലത്തൂർ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സീറ്റ് കിട്ടിയാൽ എലത്തൂർ ലീഗിന് കൊടുക്കുമെന്നും യുഡിഎഫ് ഭരണത്തിൽ വന്നാൽ കെഡിപിക്ക് മന്ത്രി സ്ഥാനം ഉണ്ടാകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.