4 July 2024, Thursday
KSFE Galaxy Chits

രക്തക്കൊടിയുടെ തണലില്‍ വിടരും വര്‍ഗവികാരം

ദേവിക
വാതിൽപ്പഴുതിലൂടെ
July 2, 2024 4:15 am

ന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയും സിപിഐയുടെ അനശ്വര നേതാവുമായിരുന്ന സി അച്യുതമേനോന്‍ ഭരണമേറ്റതിനു പിന്നാലെ എതിരാളികള്‍ മുഴക്കിയ ഒരു മുദ്രാവാക്യമുണ്ട്; ‘ആരാടാ ഈ അച്യുതമേനോന്‍’. ഭൂരഹിതരായ പതിനായിരങ്ങള്‍ക്ക് സഖാവിന്റെ സര്‍ക്കാരിന്റെ മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്ന കെ ടി ജേക്കബ് പട്ടയം നല്‍കി ഭൂമിയുടെ ഉടമകളാക്കിയതിനെ പരിഹസിച്ച് പ്രതിയോഗികള്‍ നടത്തിയ പ്രകടനത്തിലെ ഒരു മുദ്രാവാക്യമായിരുന്നു ഇത്. അച്യുതമേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അന്ന് തലസ്ഥാനത്ത് സിപിഐയുടെ നേതൃത്വത്തില്‍ നടത്തിയ ജാഥയില്‍ മുഴങ്ങിയ ഒരു മുദ്രാവാക്യം ‘രക്തക്കൊടിയുടെ തണലില്‍ വിടരും വര്‍ഗവികാരം സിന്ദാബാദ്, അറബിക്കടലിന്നാഴത്തില്‍ മര്‍ദിതവര്‍ഗ ശബ്ദമിതാ, മര്‍ദകര്‍ ഞെട്ടും ശബ്ദമിതാ, ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്നുമായിരുന്നു. 55 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഴങ്ങിയ ആ മുദ്രാവാക്യം ഇന്നും പ്രസക്തിയോടെ ജനമനസുകളില്‍ ത്രസിച്ചുനില്‍ക്കുന്നു. രക്തക്കൊടിയുടെ തണലില്‍ വിടരേണ്ടത് വര്‍ഗവികാരമാണെന്നും അന്യവര്‍ഗ ചിന്താഗതിയല്ലെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം നടത്തിയ ഓര്‍മ്മപ്പെടുത്തലും അതുതന്നെയായിരുന്നു. ചെങ്കൊടിക്ക് അപമാനമാവുന്ന തമോശക്തികള്‍ ചെങ്കൊടിത്തണലുകളില്‍ വിരാജിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അപമാനിക്കപ്പെടുന്നതെന്നും അപചയിക്കപ്പെടുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രസ്ഥാനത്തില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ പ്രസ്ഥാനത്തിന്റെ കാര്യസ്ഥന്മാരാകുമ്പോഴാണ് കമ്മ്യൂണിസം കമ്മ്യൂണിസമല്ലാതാകുന്നതും അവമതിക്കപ്പെടുന്നതും. കള്ളക്കടത്തു സ്വര്‍ണം കൊണ്ടുവന്നവരില്‍ നിന്നും ആ സ്വര്‍ണം തട്ടിയെടുക്കുന്നവരെ അഭയം തേടാന്‍ അനുവദിക്കുമ്പോള്‍ ഇതിനെതിരായ വികാരം ഒരു പ്രദേശത്തു മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല, പ്രത്യുത സമൂഹത്തിലാകെ പടര്‍ന്നുപിടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംരക്ഷിക്കാനെന്ന വ്യാജേനയെത്തുന്ന ഈ ക്രിമിനലുകളെ ചിറകിന്‍കീഴില്‍ ഒതുക്കുന്നതിനെക്കുറിച്ചാണ് ബിനോയ് വിശ്വം മുന്നറിയിപ്പ് നല്‍കിയത്. സഖാവിന്റെ ഈ മുന്നറിയിപ്പ് ഒരു അപായ സൂചനയാണ്. കയ്യൂരിന്റെയും കരിവള്ളൂരിന്റെയും ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ചോരപുരണ്ട ചെങ്കൊടി കൊലയാളികള്‍ കോരിയൊഴിക്കുന്ന കൊലച്ചോരകൊണ്ട് പങ്കിലമാക്കരുതെന്ന അപായസൂചന.

എന്തായാലും ശ്രീരാമനെ മോഡി കുളിപ്പിച്ചുകിടത്തി! ആദ്യമഴയില്‍ത്തന്നെ അയോധ്യയില്‍ രാമക്ഷേത്രം ചോര്‍ന്നൊലിച്ച് നാശമായെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് മുഖ്യ പൂജാരി ആചാര്യ നരേന്ദ്രദേവ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഗ്രഹത്തിനടുത്തുനിന്ന് പൂജ നടത്താന്‍പോലുമാകുന്നില്ല. തോരാത്ത മഴയില്‍ ഭഗവാന്റെ തിരുനെറ്റിയില്‍ ചാര്‍ത്തുന്ന കളഭക്കുറി പോലും ഒലിച്ചുപോകുന്നു. തിരുവസ്ത്രങ്ങള്‍ മഴയില്‍ കുതിരുന്നു. ഭഗവാനു കുളിരുന്നു. ആകെ കുളം! എന്നിട്ടും മോഡി ആവര്‍ത്തിച്ചു പറയുന്നു താനാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതും പ്രാണപ്രതിഷ്ഠ നടത്തിയതുമെന്ന്. ചോരുന്ന അമ്പലം നിര്‍മ്മിച്ച് എത്ര കോടി അടിച്ചുമാറ്റിയെന്നു മോഡി വെളിപ്പെടുത്തുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി. ചുരുക്കത്തില്‍ മോഡി ഭരണത്തിന്‍കീഴില്‍ നടന്നുവന്ന കുംഭകോണങ്ങളുടെ കുംഭമേളയാണ് അയോധ്യയിലെ മഴ നനയുന്ന രാമന്റെ ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. വാജ്പേയിയുടെ പേരിലുള്ള അഡല്‍ജി പാലം ലോകാത്ഭുതങ്ങളിലൊന്ന് എന്നാണ് മോഡി വര്‍ണിച്ചത്. പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു മാസമായപ്പോഴേക്കും അഗാധ ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പാലത്തില്‍ നെടുകെയും കുറുകെയും വിള്ളലുകള്‍. ഡല്‍ഹിയിലെയും ജബല്‍പൂരിലെയുമടക്കം അഞ്ച് വിമാനത്താവളങ്ങളുടെ മേല്‍ക്കൂരകളാണ് കാറ്റില്‍ പറന്നുപോയത്. ഒരപകടത്തില്‍ രണ്ട് ജീവനുകളും നഷ്ടപ്പെട്ടു. അഞ്ഞൂറും ആയിരവും കോടി മുടക്കി നിര്‍മ്മിച്ച വിമാനത്താവളങ്ങളുടെ മേല്‍ക്കൂരകളാണ് ചെറുമഴയില്‍ കരിയിലപോലെ പറന്നുപോയത്. ബിഹാറില്‍ 450കോടി രൂപ മുടക്കി പണിത പാലം മോഡി ഉദ്ഘാടനം ചെയ്തതിന്റെ മൂന്നാം പക്കം തകര്‍ന്നു നദിയിലേക്ക്. മോഡി ഉദ്ഘാടനം ചെയ്ത ഒമ്പത് പാലങ്ങളാണ് ഒരു മാസത്തിനുള്ളില്‍ ഇന്ത്യയൊട്ടാകെ തകര്‍ന്നടിഞ്ഞത്. ഇതിനൊക്കെ പിന്നില്‍ സഹസ്ര കോടികളുടെ അഴിമതിയല്ലാതെ മറ്റെന്താണ്. അയോധ്യയിലെ വെള്ളപ്പൊക്കത്തില്‍ പൊലീസിന്റെ ക്യാമ്പുകള്‍ തന്നെ ഒലിച്ചുപോയി. അയോധ്യയിലെ രാമക്ഷേത്ര ചോര്‍ച്ചയ്ക്ക് ഉത്തരവാദികളെന്നു പറഞ്ഞ് മൂന്നു പൊലീസുകാരെയും ഏഴു വാര്‍ക്കപ്പണിക്കാരെയും പിരിച്ചുവിട്ടുകൊണ്ട് ഉത്തരവു പുറപ്പെടുവിക്കുന്നതും മോഡി. ‘ഭഗവാന്‍ കാലമാറുന്നു’ എന്ന കണിയാപുരം രാമചന്ദ്രന്റെ നാടകത്തിലെ പോലെ ഇവിടെ ‘ഭഗവാന്‍ മോഡി കാശു വാരുന്നു’.

ഈ പരോള്‍ സമ്പ്രദായത്തിനും വേണ്ടേ ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും. അമ്മയെ കൊലപ്പെടുത്തിയതിന് പതിനേഴു വര്‍ഷമായി ജയിലില്‍ കഴിഞ്ഞ സഹോദരനെ പരോളില്‍ ഇറക്കിയത് സഹോദരന്‍. പരോളിലിറങ്ങി പതിന്നാലാം ദിവസം സഹോദരനെത്തന്നെ ജയില്‍പ്പുള്ളി ഉലക്കകൊണ്ടടിച്ചു കൊന്നു. ഇത് നടന്നത് അങ്ങ് ഗോ കര്‍ത്തൊന്നുമല്ല. നമ്മുടെ സ്വന്തം അടൂരില്‍. കൊലയാളി സതീഷ് കുമാറിന് വയസ് 64. പരോളിലിറക്കിയ ജ്യേഷ്ഠന് പ്രായം 71. ബന്ധുവിന്റെ മരണത്തിനോ മക്കളുടെ വിവാഹത്തിനോ പരോള്‍ അനുവദിക്കുമ്പോള്‍ പൊലീസുകാരുടെ വലയത്തിലാണ് വീട്ടിലെത്തിക്കുക. സംസ്ഥാന ബഹുമതിയോടെയുള്ള പരോള്‍. സാധാരണ പരോള്‍ നല്‍കുമ്പോള്‍ പുറത്തിറങ്ങി കൊലപാതകം നടത്താം, കൊള്ള നടത്താം, സ്വര്‍ണം പൊട്ടിക്കലാവാം. കെയ്സുകണക്കിനു മദ്യക്കുപ്പികളുമായി ഒന്നിച്ചു പരോളിലിറങ്ങിയ കൊലക്കേസ് പ്രതികള്‍ക്ക് വെള്ളച്ചാട്ടത്തില്‍ കുളിച്ച് അര്‍മാദിക്കാം. പരോളിലിരുന്നുകൊണ്ട് തങ്ങളാണ് വിപ്ലവാചാര്യന്മാര്‍ എന്നു പ്രഖ്യാപിക്കാം.

അങ്ങനെ കേരളത്തിന് ഒരു ബഹുമതി കൂടിയായി. ഭൂമി തട്ടിപ്പു കേസില്‍ ഭാര്യയോടൊപ്പം പ്രതിയാകുന്നത് നമ്മുടെ ഡിജിപി ഷേക് ദര്‍വേഷ് സാഹിബ്. ഭാര്യ ഫരീദാ ഫാത്തിമയുടെ ഭൂമി വിലയ്ക്ക് നല്‍കാമെന്നു പറഞ്ഞ് ഉമര്‍ ഷെറീഫില്‍ നിന്ന് 30 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുന്നു. അഞ്ചു ലക്ഷം രൂപ വാങ്ങുന്നത് ഡിജിപിയുടെ ഔദ്യോഗിക മുറിയില്‍ വച്ച്. ഈ ഭൂമിയില്‍ ബാധ്യതയൊന്നുമില്ലെന്നു ധരിപ്പിച്ചാണ് കരാര്‍. പക്ഷേ, ഉമര്‍ നോക്കിയപ്പോള്‍ അതു പണയത്തിലുള്ള ഭൂമി. പൊന്നുവിളയുന്ന ഭൂമിയായാലും തനിക്കീ ഭൂമി വേണ്ടെന്നും അഡ്വാന്‍സ് തുക മടക്കിത്തന്നാല്‍ മതിയെന്നുമായി ഉമര്‍. പതിവു രീതിയനുസരിച്ച് ഒരു വര്‍ഷത്തോളമായി അഡ്വാന്‍സിനായി നടത്തിക്കുന്നു. ഉമര്‍ ഗത്യന്തരമില്ലാതെ കോടതിയെ സമീപിക്കുന്നു. ഭൂമി തട്ടിപ്പില്‍ ഡിജിപി പ്രതിയാകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന ബഹുമതിയും കേരളത്തിന് ചാര്‍ത്തിക്കിട്ടുന്നു. പൊലീസ് സേനയാകെ കൈക്കൂലിക്കാരെക്കൊണ്ട് കുത്തിനിറച്ചിരിക്കുന്നുവെന്നല്ലേ പരാതി. അങ്ങനെയൊന്നുമില്ലെങ്കിലും കുറേ പുഴുക്കുത്തുകള്‍ ഉണ്ടാകും. അക്കൂട്ടത്തില്‍ ഒരു ഡിജിപിയും. പൊലീസുകാര്‍ ഡിജിപിയെക്കണ്ടല്ലേ പഠിക്കൂ. എമ്പ്രാനല്പം കട്ടുഭുജിച്ചാല്‍… എന്നല്ലേ പ്രമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.