6 December 2025, Saturday

Related news

December 3, 2025
November 27, 2025
November 24, 2025
November 24, 2025
November 21, 2025
November 14, 2025
November 11, 2025
October 12, 2025
October 4, 2025
October 3, 2025

കാലാവസ്ഥാ വ്യതിയാനം കുട്ടികളില്‍ ഭാരക്കുറവിനുള്ള സാധ്യത കൂട്ടുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2025 8:32 pm

കാലാവസ്ഥാ വ്യതിയാനം നേരിടുന്ന ജില്ലകളിലെ കുട്ടികള്‍ക്ക് ഭാരക്കുറവുണ്ടാകാനുള്ള സാധ്യത 25% കൂടുതലാണെന്ന് പഠനം. മറ്റ് ജില്ലകളിലെ കുട്ടികളുമായി താരതമ്യം ചെയ്തപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.
കാലാവസ്ഥാ വ്യതിയാനത്തിന് കൂടുതല്‍ സാധ്യതയുള്ള ജില്ലകളില്‍ ആരോഗ്യ സ്ഥാപനങ്ങളില്ലാതെ പ്രസവം നടക്കാനുള്ള സാധ്യത 38 ശതമാനവും കുട്ടികളില്‍ വളര്‍ച്ച മുരടിക്കുന്നതിന് 14 ശതമാനവും കൂടുതല്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. കാലാവസ്ഥാ വ്യതിയാനം ശാരീരിക, മാനസിക, സാമൂഹ്യ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണ ലക്ഷ്യങ്ങള്‍ കൈവരിക്കാതിരിക്കുക, ആരോഗ്യ സംരക്ഷണം ലഭ്യമാകുന്നതിലെ പ്രശ്നങ്ങള്‍ എന്നിവയെക്കാള്‍ മോശം പ്രകടനമാണ് കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകാന്‍ സാധ്യതയുള്ള ജില്ലകള്‍ കാഴ്ചവയ്ക്കുന്നതെന്നും പിഎല്‍ഒഎസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനവും ചുഴലിക്കാറ്റുകള്‍, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍ തുടങ്ങിയ തീവ്ര കാലാവസ്ഥകള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നത്. അതിനാല്‍ അപകടസാധ്യതകള്‍ നിരവധി സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പുരോഗതിയെ ദുര്‍ബലപ്പെടുത്തുമെന്ന് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക‍് ഗ്രോത്തിലെ ഗവേഷകര്‍ പറയുന്നു.
ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങള്‍ 2015ല്‍ സുസ്ഥിര വികസനം-2030 ലക്ഷ്യവച്ചുള്ള അജണ്ട അംഗീകരിച്ചിരുന്നു. 2030തോടെ ജനങ്ങള്‍ക്കും ഭൂമിക്കും സമാധാനവും സമൃദ്ധിയും ഉറപ്പാക്കുന്നതിനുള്ള രൂപരേഖയാണിത്. ദാരിദ്ര്യം അവസാനിപ്പിക്കക, ലിംഗസമത്വം കൈവരിക്കുക, ശുദ്ധജലവും ശുചിത്വവും ലഭ്യമാക്കുക തുടങ്ങിയ 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഇതില്‍ വിവരിച്ചിട്ടുണ്ട്. താഴ്‍ന്ന — ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശം ഫലങ്ങള്‍ അനുഭവിക്കുമെന്നാണ് പ്രവചനം.
ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാലാവസ്ഥാ പ്രശ്നങ്ങളുമായി പൊരുത്തപ്പെടാനുള്ള പരിമിതമായ ശേഷിയാണ് ഇതിന് കാരണം. ജില്ലകളിലെ കാലാവസ്ഥാ ദുര്‍ബലതയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ റൗണ്ട് ‑5, സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രൈലാന്റ് അഗ്രിക്കള്‍ച്ചര്‍ എന്നിവിടങ്ങളിലെ ഡാറ്റയാണ് ഗവേഷകര്‍ വിശകലനം നടത്തിയത്.
ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിന് കാലാവസ്ഥാ വ്യതിയാനവും തടസം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് ഇവ ആരോഗ്യ ഫലങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് പരിശോധിക്കേണ്ടത് ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.