29 December 2025, Monday

Related news

December 27, 2025
December 18, 2025
December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025
September 24, 2025
September 19, 2025

കാലാവസ്ഥാ വ്യതിയാനം: നെല്ല്, ഗോതമ്പ് ഉല്പാദനം കുറയും; ഭക്ഷ്യക്ഷാമത്തിലേക്ക്

Janayugom Webdesk
ന്യുഡല്‍ഹി
March 25, 2023 11:02 pm

കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന വരുംവര്‍ഷങ്ങളില്‍ നെല്ലിന്റെയും ഗോതമ്പിന്റെയും ഉല്പാദനത്തില്‍ ഗണ്യമായ കുറവ് വരുമെന്ന് പഠന റിപ്പോര്‍ട്ട്. നിലവില്‍ അരിയുടെയും ഗോതമ്പിന്റെയും മികച്ച കയറ്റുമതിക്കാരാണ് ഇന്ത്യയെങ്കിലും പുതിയ കാര്‍ഷിക നയങ്ങളും ഇവയുടെ ഉല്പാദനത്തെ ഗുരുതരമായി ബാധിക്കും. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റവും ക്ഷാമവും ഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മഴയെ ആശ്രയിച്ചുള്ള നെല്‍ക്കൃഷിയില്‍ 2050 ആകുമ്പോള്‍ 20 ശതമാനം കുറവാണുണ്ടാവുക. 2080 ആകുമ്പോള്‍ ഇതിന്റെ തോത് 47 ശതമാനം ആകും. ഗോതമ്പിന്റെ ഉല്പാദനം 2050ല്‍ 19.3 ശതമാനം കുറയും. ഖാരിഫ് വിളകളിലും തിരിച്ചടി സൃഷ്ടിക്കുമെന്നാണ് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്നൊവേഷന്‍സ് ഇന്‍ ക്ലൈമറ്റ് റിസിലിയന്റ് അഗ്രികള്‍ച്ചര്‍ (എന്‍ഐസിആര്‍എ) നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ഉത്തര-മധ്യേന്ത്യയില്‍ കഴിഞ്ഞനാളുകളിലുണ്ടായ അതിവര്‍ഷവും വരള്‍ച്ചയും നിലവില്‍ ഗോതമ്പിന്റെയും അരിയുടെയും ഉല്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാക്കി. പഞ്ചാബിലും ഹരിയാനയിലും ഗോതമ്പ് വിളയുടെ 15–20 ശതമാനമാണ് നഷ്ടപ്പെടുത്തിയത്. ഇത് ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. ഇത്തവണ മധ്യപ്രദേശിലും മഴക്കെടുതി വിളനാശമുണ്ടാക്കി. പ്രധാന ഗോതമ്പ് ഉല്പാദക സംസ്ഥാനങ്ങളിലെ വിളനാശം മൂലമുണ്ടായ വിലക്കയറ്റവും ബാധിച്ചു തുടങ്ങി. വിപണിനിയന്ത്രിക്കാൻ സർക്കാർ വിപണിയിടപെടല്‍ നടത്തുന്നുണ്ടെന്ന് പറയുമ്പോഴും ഗോതമ്പ് വില കുത്തനെ ഉയരുകയാണ്. ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു വര്‍ഷത്തിനിടെ ഗോതമ്പ് വില 14 ശതമാനം വർധിച്ചു. യുപി പോലുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ കാര്‍ഷിക നയം അരിയുല്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അരിക്കും ഗോതമ്പിനും പകരം ചെറുധാന്യങ്ങളുടെ ഉല്പാദനത്തിലേക്ക് തിരിയണമെന്ന ആദിത്യനാഥ് സര്‍ക്കാരിന്റെ നയമാണ് വിനയായത്. 

വിളക്കുറവും വിലക്കൂടുതലും കൊണ്ട് ഭക്ഷ്യധാന്യവിപണി തിരിച്ചടിനേരിടുന്നതിനൊപ്പം കേന്ദ്രത്തിന്റെ ഭക്ഷ്യനയവും സാധാരണക്കാര്‍ക്ക് വിനയാകും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിന്ന് നഗര ജനസംഖ്യയുടെ 50 ശതമാനവും ഗ്രാമീണ ജനതയുടെ 25 ശതമാനവും പുറത്താണ്. നിയമത്തിനു കീഴില്‍ത്തന്നെ അന്ത്യോദയ് അന്ന യോജന (എഎവൈ), മുന്‍ഗണനാ കുടുംബങ്ങള്‍ എന്നിങ്ങനെ വിഭജനമുണ്ട്. എഎവൈ കുടുംബങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ മുന്‍ഗണനാ കുടുംബങ്ങള്‍ക്ക് ഓരോ അംഗത്തിനും പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം മാത്രമാണ് ലഭിക്കുക. ഈ രണ്ടു വിഭാഗത്തിനും ഒരു വര്‍ഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം നല്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്നീടുള്ള അവസ്ഥ കണ്ടറിയണം. മാത്രമല്ല, മുന്‍ഗണനാ കുടുംബത്തിലെ അംഗങ്ങള്‍ക്ക് അഞ്ച് കിലോയില്‍ കൂടുതല്‍ വേണ്ടിവരുന്ന അരിയും ഗോതമ്പും പൊതുവിപണിയില്‍ നിന്ന് വാങ്ങണം. അതുകൊണ്ടുതന്നെ വിപണിക്ഷാമം സര്‍ക്കാര്‍ പദ്ധതിയില്‍ പെടുന്നവരെയും ബാധിക്കും.

Eng­lish Summary;Climate change: Rice and wheat pro­duc­tion will decrease; to food shortages

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.