19 January 2026, Monday

Related news

December 30, 2025
December 27, 2025
December 1, 2025
December 1, 2025
November 27, 2025
October 27, 2025
October 18, 2025
July 18, 2025
May 31, 2025
May 23, 2025

കാലാവസ്ഥാ വ്യതിയാനം, ചര്‍മ്മ മുഴ രോഗം; പാല്‍ ഉല്പാദനം കുറയുന്നു

കെ കെ ജയേഷ്
കോഴിക്കോട്
May 18, 2023 8:40 pm

ചർമ്മ മുഴ ഉൾപ്പെടെയുള്ള രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും കാരണം രാജ്യത്ത് പാലുല്പാദനത്തിൽ ഗണ്യമായ കുറവ്.
ചർമ്മ മുഴ ബാധിച്ച് രാജ്യത്ത് രണ്ട് ലക്ഷത്തോളം പശുക്കൾക്കാണ് ജീവഹാനി സംഭവിച്ചതെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മൊത്തം 36 ലക്ഷം പശുക്കൾക്കാണ് ചർമ്മ മുഴ ബാധിച്ചത്. സംസ്ഥാനത്ത് അറുന്നൂറ് പശുക്കളാണ് ഈ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
കർണാടകയിൽ സാധാരണ പ്രതിദിനം 94 ലക്ഷം ലിറ്റർ പാൽ സംഭരിച്ചിരുന്നത് 72 ലക്ഷം ലിറ്ററായി ചുരുങ്ങി. തമിഴ്‌നാട്ടിൽ പ്രതിദിനം അഞ്ച് ലക്ഷം ലിറ്ററിന്റെ കുറവാണുണ്ടായിട്ടുള്ളത്. കേരളത്തിൽ പാലിന് ലഭ്യതക്കുറവ് ഉണ്ടാകുമ്പോൾ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇവിടങ്ങളിൽ പാലുത്പാദനം കുറഞ്ഞത് ഇവിടെ നിന്ന് പാൽ ശേഖരിക്കുന്നതിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല കർണാടകയിൽ പാലിന് വില വർധിപ്പിച്ചതും കേരളത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളിൽ നിന്നാണ് കേരളം പാൽ ശേഖരിക്കുന്നത്. ഇത്ര ദൂരത്ത് നിന്ന് പാൽ കൊണ്ടുവരുമ്പോൾ ചെലവ് വർധിക്കുന്ന സാഹചര്യമാണുള്ളതെന്നും വലിയ നഷ്ടം ഇതിലൂടെ സംഭവിക്കുന്നുണ്ടെന്നും മലബാർ മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
കേരളത്തിൽ 14 ലക്ഷം ലിറ്ററാണ് ഉല്പാദിപ്പിക്കുന്നത്. കോവിഡ് കാലത്ത് ഇത് വർധിച്ച് 16 ലക്ഷം ലിറ്റർ വരെ എത്തിയിരുന്നു. എന്നാലിപ്പോൾ 7.5 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. മലബാറിൽ മാത്രം 5.4 ശതമാനമാണ് കുറവാണുള്ളത്. അടുത്ത മൂന്ന് വർഷത്തിനകം അമ്പത് ശതമാനത്തിലധികം ഉത്പാദന വർധനവാണ് ഉണ്ടാവേണ്ടത്. ഇതിന് വേണ്ടിയുള്ള പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കുന്നുണ്ട്.
ശക്തമായ പനിയോടെ തുടങ്ങി ശരീരത്തിൽ കുരുക്കളും മുഴകളുമുണ്ടായി അവ പൊട്ടിയൊലിക്കുന്നതാണ് ചർമ്മ മുഴ രോഗം. കാപ്രിപോക്സ് വിഭാഗത്തിൽപ്പെടുന്ന വൈറസാണ് രോഗകാരണം. മൂക്കിൽ നിന്നും കണ്ണിൽ നിന്നുമുണ്ടാകുന്ന നീരൊലിപ്പാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. രോഗം മൂർഛിക്കുന്നതോടെ ഇവ തീറ്റയെടുക്കുന്നത് നിർത്തും.
കന്നുകാലികളിലെ ഉല്പാദനക്ഷമതയെയും രോഗ പ്രതിരോധ ശേഷിയെയും ഗണ്യമായി ബാധിക്കുന്ന രോഗമാണ് ചർമ്മ മുഴ. പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെ കാര്യക്ഷമമായി നടപ്പിലാക്കിയതോടെ രോഗം ഇപ്പോൾ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. ചർമ്മ മുഴ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് പുറമെ വേനൽ ചൂട് കനക്കുന്നത് ഉൾപ്പെടെ പാലുല്പാദനം കുറയാൻ കാരണമാകുന്നുണ്ട്.

eng­lish sum­ma­ry; Cli­mate change, skin can­cer; Milk pro­duc­tion decreases

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.