15 January 2026, Thursday

Related news

January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026

യുഎസില്‍ അടച്ചുപൂട്ടൽ

*സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമായി 
*ഏഴു വർഷത്തിനിടെ ആദ്യം
*സമ്പദ്ഘടനയ്ക്ക് വന്‍ പ്രത്യാഘാതം 
Janayugom Webdesk
വാഷിങ്ടൺ
October 2, 2025 10:16 pm

ഏഴുവര്‍ഷത്തിനിടെ യുഎസില്‍ രണ്ടാമത്തെ അടച്ചുപൂട്ടല്‍, സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള വാര്‍ഷിക ധനവിനിയോഗ ബില്‍ സെനറ്റില്‍ പാസായില്ല. 45 നെതിരെ 55 വോട്ടുകള്‍ക്ക് ബില്‍ പരാജയപ്പെട്ടതോടെ അടിയന്തര സേവനങ്ങള്‍ ഒഴികെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും നിശ്ചലമായി.
7,50,000 ഫെഡറൽ തൊഴിലാളികളെയാണ് ഫെഡറൽ അടച്ചു പൂട്ടലിലൂടെ താൽക്കാലികമായി പിരിച്ചു വിടുക. ബുധനാഴ്ച രാവിലെയാണ് അടച്ചുപൂട്ടൽ ആരംഭിച്ചത്. ഏഴു വർഷത്തിനിടെ ഇതാദ്യമായാണ് ചെലവുകളെ ചൊല്ലിയുള്ള സ്തംഭനാവസ്ഥ ഉണ്ടാകുന്നത്. ലക്ഷക്കണക്കിന് ജീവനക്കാരുടെ ജോലി താൽക്കാലികമായി നിർത്തിവെച്ചപ്പോൾ, ഫണ്ടിങ് പുനഃസ്ഥാപിക്കുന്നതുവരെ ശമ്പളമില്ലാതെ ജോലിക്ക് ഹാജരാകാനും നിരവധി പേർ നിർബന്ധിതരായി.
അടച്ചുപൂട്ടൽ ഏറ്റവും രൂക്ഷമായി ബാധിച്ചത് പരിസ്ഥിതി സംരക്ഷണ ഏജൻസിയെയാണ് (ഇപിഎ). 89% ജീവനക്കാരാണ് ഇവിടെ പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. വിദ്യാഭ്യാസ വകുപ്പിൽ 87% ജീവനക്കാരെയും, വാണിജ്യ വകുപ്പിൽ 81% ജീവനക്കാരെയും, തൊഴിൽ വകുപ്പിൽ 76% ജീവനക്കാരെയും ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. ഭവന, നഗരവികസന വകുപ്പിലെ 71% ജീവനക്കാർക്കും ജോലി താത്കാലികമായി നഷ്ട‌മായി. നിരവധി പ്രധാന സർക്കാർ സേവനങ്ങൾ നിർത്തിവെച്ചത് പൊതുജനങ്ങളേയും ബാധിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ മരുന്ന് വിതരണത്തേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഗ്രാന്റുകൾ നൽകുന്നതും എന്‍ഐഎച്ച് ആശുപത്രിയിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതും നിർത്തിവച്ചിട്ടുണ്ട്. കോടതി നടപടികളേയും അടച്ചുപൂട്ടല് ബാധിച്ചിട്ടുണ്ട്.
ആരോഗ്യ സംരക്ഷണ ചെലവുകളെ കുറിച്ച് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിലുള്ള തര്‍ക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 2026ന്റെ തുടക്കം വരെയുള്ള ചെലവുകള്‍ക്കായി 12 ബില്ലുകള്‍ പാസാകേണ്ടതുണ്ട്. ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങള്‍ നീട്ടുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വോട്ട് ചെയ്യില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചകളിലും ഫലമുണ്ടായില്ല.
അടച്ചുപൂട്ടല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അടച്ചുപൂട്ടൽ നീണ്ടുനിൽക്കുന്ന ഓരോ ആഴ്‌ചയും ജിഡിപി വളർച്ചയിൽ 0.2 ശതമാനം കണ്ട് കുറയുമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. 1981ന് ശേഷമുള്ള 15ാമത്തെ അടച്ചുപൂട്ടലാണിത്. ട്രംപിന്റെ ആദ്യ ടേമില്‍ 2018 ഡിസംബര്‍ മുതല്‍ 35 ദിവസം നീണ്ട ഷട്ട്‌ഡൗണ്‍ ഉണ്ടായിരുന്നു. രാജ്യത്തെ കുടിയേറ്റ നയങ്ങളെ ചൊല്ലിയായിരുന്നു അന്ന് തര്‍ക്കമുണ്ടായത്. ജിഡിപിയില്‍ അത് മൂന്ന് ബില്യണ്‍ ഡോളറിന്റെ നഷ്‌ടം ഉണ്ടാക്കിയെന്നാണ് കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.