16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 3, 2024
August 28, 2024
August 2, 2024
July 19, 2024
July 18, 2024
July 13, 2024
July 8, 2024
June 28, 2024
June 27, 2024
December 26, 2023

വടക്കേന്ത്യയിലും കനത്തമഴ: മൂന്ന് സംസ്ഥാനങ്ങളിലായി 41 മര ണം

Janayugom Webdesk
ന്യൂഡല്‍ഹി
August 2, 2024 10:06 am

രാജ്യത്ത് വിവിധയിടങ്ങളിലായുണ്ടായ കനത്ത മഴയില്‍ മൂന്ന് സംസ്ഥാനങ്ങളിലായി 41 പേര്‍ മരിച്ചു. ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഡല്‍ഹിയിലുമായാണ് ഇത്രയധികംപേര്‍ മരിച്ചത്. 

ഹിമാചല്‍ പ്രദേശില്‍ മൂന്നിടത്ത് മേഘവിസ്‌ഫോടനം; അഞ്ച് മരണം

ഷിംല: മഴക്കെടുതിയില്‍ ഷിംലയിലെ രാംപുരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നല്‍ പ്രളയത്തിൽ അ‍ഞ്ചുപേർ മരിച്ചു. 50 പേരെ കാണാതായി. കുളുവിലെ നിർമന്ദ്, സൈഞ്ച്, മലാന മേഖലകളിലും മാണ്ഡിയിലെ പധർ, ഷിംല ജില്ലയിലെ രാംപൂർ എന്നിവിടങ്ങളിലും മേഘവിസ്ഫോടനം ഉണ്ടായതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. നിരവധി വീടുകളും 25 മീറ്ററോളം റോഡും ഒലിച്ച് പോയി. സർക്കാർ സ്‌കൂൾ അടക്കം നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എൻഡിആർഎഫും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ശ്രീഖണ്ഡ് മഹാദേവിന് സമീപമുള്ള മേഘവിസ്ഫോടനത്തെത്തുടർന്ന് സർപാര, ഗാൻവി, കുർബൻ നല്ല എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർച്ചയായി പെയ്യുന്ന മഴയിൽ മന്ദാകിനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഗൗരികുണ്ഡ് ക്ഷേത്രത്തിൽ നിന്ന് അധികൃതർ ആളുകളെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഒറ്റപ്പെട്ട തീർത്ഥാടകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 150 മുതൽ 200 വരെ തീർത്ഥാടകർ കേദാർനാഥിൽ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. 

ഉത്തരാഖണ്ഡില്‍ 14 പേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ 14 പേര്‍ മരിച്ചു. 42 പേരെ കാണാതായി. ഹരിദ്വാര്‍ അടക്കമുള്ള മേഖലയില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഹരിദ്വാറില്‍ ആറ് മരണങ്ങളും തെ‍ഹ്‍രി മൂന്ന്, ഡെറാഡൂണ്‍ രണ്ട്, ചമോലിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തെഹ്‍രി ജില്ലയില്‍ മേഘവിസ്ഫോടത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ദാരുണമായി മരിച്ചു. ഭാനു പ്രസാദ്, ഭാര്യ നീലം ദേവി, മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. അതി ശക്തമായ മഴയില്‍ സംസ്ഥാനത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. നൂറു കണക്കിന് പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഹരിദ്വാറിനെയാണ് പ്രളയം ഏറ്റവും മോശമായി ബാധിച്ചത്. ദുരിത ബാധിത പ്രദേശങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിച്ചു. 

ഡല്‍ഹിയില്‍ 10 മരണം 

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയില്‍ പത്ത് മരണം. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരാനും ജനലുകളും വാതിലുകളും അടച്ച് സുരക്ഷിതാകാനും നിര്‍ദേശമുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. നഗരത്തില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഡൽഹിയിൽ അഞ്ച് പേരും ഗുരുഗ്രാമിൽ മൂന്ന് പേരും ഗ്രേറ്റർ നോയിഡയിൽ രണ്ട് പേരും അടക്കം മഴക്കെടുതിയിൽ 10 പേർ മരിച്ചു. 

Eng­lish Sum­ma­ry: Cloud burst in North India; 41 deaths

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.