8 December 2025, Monday

Related news

December 7, 2025
December 7, 2025
December 7, 2025
December 4, 2025
December 4, 2025
December 2, 2025
December 2, 2025
December 2, 2025
December 2, 2025
December 2, 2025

പാകിസ്താനിൽ ​മേഘ സ്ഫോടനവും പ്രളയവും; 300ലേറെ മരണം

Janayugom Webdesk
ഇസ്‍ലാമാബാദ്
August 16, 2025 8:22 pm

ഇസ്‌ലാമാബാദ്: വടക്കൻ പാകിസ്ഥാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ 320 ലധികം പേർ മരിച്ചതായി റിപ്പോർട്ടുകള്‍. ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (307) റിപ്പോർട്ട് ചെയ്‌തതെന്ന് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതിൽ 15 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടുന്നു. പൊടുന്നനെ ഉണ്ടായ വെള്ളപ്പൊക്കത്തിലും വീടുകൾ തകർന്നുവീണുമാണ് ഭൂരിഭാഗം പേരും മരിച്ചത്. മരണസംഖ്യ ഉയരാനാണ് സാധ്യത. പാക് അധീന കശ്‌മീരിൽ ഒമ്പത് പേരും വടക്കൻ ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ അഞ്ച് പേരും മരിച്ചതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്‌ച ദുരിതാശ്വാസ ദൗത്യത്തിനിടെ മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചിരുന്നു.
മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുഷ്‌കരമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. കനത്ത മഴമൂലം മൃതദേഹങ്ങള്‍ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പ്രളയം ബാധിച്ച വടക്കൻ പാകിസ്ഥാനിലെ ഒമ്പത് പ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഏകദേശം 2,000 രക്ഷാപ്രവർത്തകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ പല റോഡുകളും ഒലിച്ചുപോയി. ഈ സാഹചര്യത്തിൽ ഇവിടെയുള്ളവർക്ക് സഹായം എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുവെന്നും ഖൈബർ പഖ്‌തൂണ്‍ഖ്വയിലെ രക്ഷാപ്രവർത്തക ഉദ്യോഗസ്ഥൻ ബിലാൽ അഹമ്മദ് ഫൈസി പറഞ്ഞു. കാൽ നടയായിട്ടാണ് പല സ്ഥലങ്ങളിലും എത്തി രക്ഷാപ്രവർത്തനം നടത്തുന്നത്.
പ്രളയം ഗുരുതരമായി ബാധിച്ച പർവതപ്രദേശങ്ങളായ ബുണർ, ബജൗർ, സ്വാത്, ഷാംഗ്ല, മൻസെഹ്‌റ, ബട്ടാഗ്രാം എന്നിവിടങ്ങൾ പ്രവിശ്യാ സർക്കാർ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്ഥാനിലെ 255 ദശലക്ഷം ജനങ്ങളിൽ പകുതിയോളം പേർ താമസിക്കുന്ന പഞ്ചാബിൽ ജൂലൈയിൽ മുൻ വർഷത്തേക്കാൾ 73 ശതമാനം കൂടുതൽ മഴയും കഴിഞ്ഞ മൺസൂണിനെ അപേക്ഷിച്ച് പ്രകൃതി ദുരന്തത്തില്‍ കൂടുതൽ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കുന്ന ലോകത്തിലെ ഏറ്റവും ദുർബലമായ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.