
വായു മലിനീകരണം മറികടക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടികള്‍ക്ക് ഡല്‍ഹിയില്‍ തുടക്കം. പുകമഞ്ഞ് നിയന്ത്രിക്കുന്നതിനായി ഡല്‍ഹിയിലെ പല ഭാഗങ്ങളിലും വിമാനം ഉപയോഗിച്ച് ക്ലൗഡ് സീഡിങ് നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂരിന്റെ സാങ്കേതിക സഹായത്തോടെയാണ് ക്ലൗഡ് സീഡിങ്. സെസ്ന വിമാനമാണ് ഇന്നലെ ക്ലൗഡ് സീഡിങ്ങിനായി പറന്നുയര്‍ന്നത്. സിൽവർ അയഡൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിങ്ങിന് ഉപയോഗിക്കുന്നത്. ഖേക്ര, ബുരാരി, മയൂർ വിഹാർ, മറ്റ് നിരവധി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്ലൗഡ് സീഡിംഗ് നടന്നത്. എട്ടുതവണ രണ്ട് മുതല്‍ രണ്ടര മിനിറ്റ് വരെ നീളുന്ന ജ്വലനം നടത്തി.
സിൽവർ അയഡൈഡ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡ് പോലുള്ള രാസ സംയുക്തങ്ങൾ മേഘങ്ങളിലേക്ക് വിതറുമ്പോൾ കണികകൾ ഘനീഭവിക്കുന്നതിനുള്ള ന്യൂക്ലിയസുകളായി പ്രവർത്തിക്കുകയും ജലത്തുള്ളികൾ രൂപപ്പെടുകയും മഴയായി പെയ്യുകയും ചെയ്യും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ക്ലൗഡ് സീഡിങ് നടത്തി കുറച്ച് മിനിറ്റിനുള്ളിൽ മഴ പെയ്യും. തണുത്തതോ വരണ്ടതോ ആയ മേഘങ്ങളിലാണെങ്കിൽ രണ്ട് മണിക്കൂർ വരെ എടുത്തേക്കാം. ചിലപ്പോൾ മഴ പെയ്യണമെന്നുമില്ല.
ഇന്നലെ രണ്ടുതവണയാണ് ക്ലൗഡ് സീഡിങ് നടത്തിയത്. എന്നാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം കുറവായതിനാല്‍ മഴ പെയ്യിക്കാന്‍ സാധിച്ചില്ല.
അതേസമയം വായു ഗുണനിലവാരം മോശം അവസ്ഥയില്‍ തുടരുന്നതിനാല്‍ വീണ്ടും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്തിന് പുറത്തു രജിസ്റ്റര്‍ ചെയ്തതും ബിഎസ് 6 നിലവാരത്തിന് താഴെയുള്ളതുമായ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. ഈ വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ഡല്‍ഹിയിലേക്കു പ്രവേശനം നല്‍കില്ല. ചരക്കുവാഹനങ്ങള്‍ക്കു മാത്രമാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണങ്ങള്‍. കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) യോഗ തീരുമാന പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാണിജ്യ ചരക്ക് വാഹനങ്ങള്‍, ബിഎസ് 6 പാലിക്കുന്ന ഡീസല്‍ വാഹനങ്ങള്‍, സിഎന്‍ജി, എല്‍എന്‍ജി അല്ലെങ്കില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങളില്ല. ബിഎസ് 4 പാലിക്കുന്ന ഡീസല്‍ വാഹനങ്ങള്‍ക്ക് 2026 ഒക്ടോബര്‍ 31 വരെ മാത്രമേ പ്രവേശന അനുമതിയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.