രണ്ടുവർഷത്തിനു ശേഷം യുഎഇ യിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിൽ ഇക്കുറി മലയാളികളുടെ ആവശ്യങ്ങൾ ഏറെ ഗൗരവമേറിയത്. പരാതികളും പരിഭവങ്ങളും പതിവാണെങ്കിലും കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആവലാതികളുമാണ് പ്രവാസികൾക്ക് പ്രധാനമായും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ളത്. വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വേണമെന്ന് കേന്ദ്രം പൊതുവായ മാർഗരേഖ പുറത്തിറക്കിയിരുന്നു.
അതത് സംസ്ഥാനങ്ങൾക്ക് നിർബന്ധിത ക്വാറന്റീൻ നിയമത്തിൽ മാറ്റം വരുത്താവുന്നതാണ്. അത്തരം വിവേചനാധികാരമുപയോഗിച്ച് കേരളം വിദേശത്തുനിന്ന് വരുന്ന മലയാളികളുടെ ക്വാറന്റൈൻ ഒഴിവാക്കണമെന്ന് ദിവസങ്ങളായി ആവശ്യമുയരുന്നുണ്ട്. പ്രവാസി സംഘടനകളും കൂട്ടായ്മകളും നിരന്തരം ഈ ആവശ്യം മാധ്യമങ്ങൾക്കുമുമ്പിലും സോഷ്യൽ മീഡിയകളിലും ഉന്നയിക്കുകയാണ്. അടിയന്തര പ്രാധാന്യത്തോടെ പരിഹാരം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ എന്നിവർക്കെല്ലാം നിവേദനങ്ങളും അയച്ചുകഴിഞ്ഞു.
ബൂസ്റ്റർ ഡോസ് അടക്കമുള്ള കോവിഡ് വാക്സിൻ പൂർത്തിയാക്കി ഒന്നിലധികം തവണ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലവുമായി നാട്ടിലെത്തുന്ന പ്രവാസികളെ ക്വാറന്റൈനിൽനിന്ന് ഒഴിവാക്കണമെന്ന് പ്രവാസികൾ കക്ഷി, രാഷ്ട്രീയ ഭേദമെന്യേ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുയാണ്. ചുരുങ്ങിയ ദിവസങ്ങളിൽ നാട്ടിലെത്തുന്നവർക്കാണ് ഏഴുദിവസത്തെ ക്വാറന്റീൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ സംഭാവന നൽകുന്ന പ്രവാസി മലയാളികളോട് ‘ചിറ്റമ്മനയം’ പാടില്ലെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.
കേരളത്തിലെ വിമാനത്താവളങ്ങളിൽ ഉൾപ്പെടെയുള്ള ആർടിപിസിആർ നിരക്കുകളിൽ പരമാവധി കുറവുവരുത്താൻ സംസ്ഥാന സർക്കാർ സഹായിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. കോവിഡ് സാഹചര്യത്തിൽ യുഎഇ യിൽ പ്രവാസി മലയാളികൾക്ക് വലിയതോതിൽ തൊഴിൽ നഷ്ടം സംഭവിക്കുന്നുണ്ട്. സാധാരണക്കാരായ അത്തരം പ്രവാസികൾക്ക് കേരളത്തിൽ പുനഃരധിവാസ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് മലയാളികളുടെ മറ്റൊരാവശ്യം. നാട്ടിലെ തങ്ങളുടെ വീടിനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം. വിമാനക്കമ്പനികളുടെ പ്രവാസികളെ ദ്രോഹിക്കുന്ന തരത്തിലുള്ള ഭീമമായ ചാർജ് വർദ്ധിപ്പിക്കൽ തടയുന്നതിനു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുക. തുടങ്ങിയ നിരവതി പരാതികളാണ് പ്രവാസികൾ മുഖ്യമന്ത്രിയുടെ മുന്നിലേയ്ക്ക് വയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നുതന്നെയാണ് പ്രവാസികളുടെ പ്രതീക്ഷ.
ENGLISH SUMMARY;CM in UAE; Expatriates with complaints and concerns
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.