22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 13, 2024
December 10, 2024
December 9, 2024
November 19, 2024
November 19, 2024
November 17, 2024
November 9, 2024
October 30, 2024
October 22, 2024

ഔദാര്യമല്ല ആവശ്യപ്പെടുന്നത്, അർഹതപ്പെട്ടതാണ് ചോദിക്കുന്നത്; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

Janayugom Webdesk
മലപ്പുറം
November 27, 2023 1:29 pm

കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് സൗജന്യമോ ഔദാര്യമോ അല്ലെന്നും മറിച്ച് അർഹതപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ സംസ്ഥാനത്തെ പലവിധത്തിലും സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ വസ്തുതാ വിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

കേന്ദ്രം കുടിശ്ശിക വരുത്തിയപ്പോഴും കേരളം പെൻഷൻ മുടങ്ങാതെ നൽകി. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത് ശത്രുതാപരമായ സമീപനമാണ്. ഏതെല്ലാം തരത്തിൽ കേന്ദ്രം അവഗണിക്കാൻ ശ്രമിച്ചാലും കേരളസർക്കാർ ജനക്ഷേമ പരിപാടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളിൽ കേന്ദ്രം തരേണ്ട പണം കുടിശികയാണ്. കണക്കുകൾ നൽകിയില്ല എന്ന നിർമല സീതാരാമന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. കണക്കുകൾ നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമമാണ്. കണക്കുകൾ നൽകേണ്ടത് അക്കൗണ്ട്സ് ജനറൽ ആണ്. എ ജി കേന്ദ്ര സംവിധാനത്തിന് കിഴിൽ വരുന്നതാണ്. സംസ്ഥാനം നേരിട്ട് കൊടുക്കുകയല്ല ചെയ്യേണ്ടത്.

സംസ്ഥാനത്തോടും ജനതയോടും തുടര്‍ച്ചയായി ക്രൂരത കാട്ടിയശേഷം അത് അവസാനിപ്പിക്കാന്‍ തയാറാകാതെ, ഏന്തെല്ലാമോ ഞങ്ങൾ ഇവിടെ ചെയ്തിരിക്കുന്നു എന്ന നിലയില്‍ വസ്തുതാ വിരുദ്ധമായി പ്രചരണം നടത്താനാണ് കേന്ദ്ര ധനമന്ത്രി വന്നത്. ന്യായമായ ആവശ്യങ്ങളോട് കേന്ദ്രം പുറംതിരിഞ്ഞ് നിൽക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രാവിഷ്കൃത പദ്ധതികൽ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിർമ്മിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മൾ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്.

പിഎംഎവൈ അർബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നൽകി. എല്ലാം ചേർത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്.പി എം എ വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല, അതിനാൽ പുതിയ വീടുകൾ അനുവദിക്കാൻ ഈ മേഖലയിൽ ഇപ്പോൾകഴിയുന്നില്ല.

എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് കേന്ദ്രത്തിന്‍റെ ബ്രാന്‍ഡിങ് വേണം എന്നാണ്. ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്. എങ്ങനെ ലഭിച്ച വീടാണെന്ന ആ കാഴ്ചപ്പാടിനാണ് വിരുദ്ധമാണ് കേന്ദ്ര നിലപാട്. ഞങ്ങളുടെ പേര് വെക്കുന്നുണ്ടെങ്കിൽ പറയാം. അതും വെക്കുന്നില്ലല്ലോ.

കേരളം സാമൂഹിക ഉന്നമനത്തിന്‍റേതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാര്‍ഗമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട വിഹിതം വര്‍ഷങ്ങളായി ഗുണഭോക്താക്കള്‍ക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ല. എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന യഥാർത്ഥത്തിൽ തെറ്റിദ്ധരിപ്പിക്കലാണ്. പണം അകാരണമായി വര്‍ഷങ്ങള്‍ തടഞ്ഞുവെച്ച ശേഷം നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് 2021 ജനുവരി മുതല്‍ 2023 ജൂണ്‍ വരെയുള്ള കേന്ദ്രത്തിന്‍റെ വിഹിതം തടഞ്ഞു വെച്ചത് ഇപ്പോൾ റിലീസ് ചെയ്യേണ്ടി വന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച നിബന്ധനകളെല്ലാം പാലിച്ചിട്ടും കുടിശ്ശിക തരാത്തതിനാല്‍ സെപ്തംബറില്‍ മന്ത്രി എം.ബി രാജേഷ് നേരിട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിമാരെ കണ്ടു. എന്തുകൊണ്ടാണ് പണം അനുവദിക്കാത്തത് എന്നതിന് കൃത്യമായ ഒരു വിശദീകരണവും പറയാന്‍ കേന്ദ്രമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞില്ല. കേരളത്തില്‍ ആകെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതിന്‍റെ 16.62% പേര്‍ മാത്രമാണ് കേന്ദ്ര വിഹിതം ഉള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍. 8,46,456 പേര്‍.

80 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാര്‍ദ്ധക്യ പെന്‍ഷനിലെ കേന്ദ്ര വിഹിതം 500 രൂപയാണ്. 60 മുതല്‍ 80 വയസ്സുള്ളവര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ വെറും 200 രൂപ. വിധവകള്‍ക്കും വികലാംഗര്‍ക്കുമുള്ള കേന്ദ്ര പെന്‍ഷന്‍ 300 രൂപ. കേരളം കേന്ദ്രത്തിന്‍റെ പെന്‍ഷന്‍കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും 1600 രൂപ നല്‍കുന്നു. കേന്ദ്രസര്‍കാര്‍ നല്‍കേണ്ട തുക വര്‍ഷങ്ങള്‍ കുടിശിക വരുത്തിയപ്പോഴും കേരളം ഗുണഭോക്താക്കളിലെത്തിക്കുന്നു.

ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്‍റെ നികുതി അവകാശങ്ങള്‍ മിക്കവാറും നഷ്ടപ്പെട്ടു. ന്യായമായ വിഹിതവും നഷ്ടപരിഹാരവും വേണം എന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് സംസ്ഥാനം ഉന്നയിച്ചിട്ടുള്ളത്.

2017–18 മുതല്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള വിവിധ തുകകള്‍ കുടിശ്ശികയാണ്. ഇതിന്‍റെ മുഖ്യഭാഗം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലേതാണ്. യു ജി സി ശമ്പള പരിഷ്കരണ കുടിശ്ശിക 750 കോടി ലഭിക്കാനുണ്ട്. 2021 മാര്‍ച്ച് 31 ന് മുന്‍പ്തന്നെ കേരളം ഇതിനുള്ള അപേക്ഷ കേന്ദ്രം ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് നല്‍കിയിട്ടുണ്ട്.

നെല്ല് സംഭരണ ഇനത്തില്‍ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതുകൊണ്ടാണ് അതുകൂടി ഏറ്റെടുത്ത് സംസ്ഥാനത്തിന് നല്‍കേണ്ടി വരുന്നത്. യഥാസമയം ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടുകൂടിയാണ് കേരളത്തിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നത്. എന്നാല്‍, ബജറ്റിന് പുറത്തുള്ള കടം കുറയ്ക്കുന്നു എന്ന പേരില്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം കുറക്കുകയാണ്. 2017 മുതല്‍ കിഫ്ബിയും, പിന്നീട് പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശം വെട്ടിച്ചുരുക്കാനായി ഉപയോഗിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: CM Pinarayi Vijayan against the cen­tral government
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.