പതിറ്റാണ്ടുകളുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരമായി വിഴിഞ്ഞം തീരത്ത് ആദ്യ കപ്പലിന്റെ സൈറണ്‍ മുഴങ്ങി. ചരക്ക് കപ്പല്‍ ‘ഷെന്‍ഹുവ 15’നെ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളുമെല്ലാം ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിച്ചതോടെ വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം കണ്‍മുന്നിലെ യാഥാര്‍ത്ഥ്യമായി. കേരളത്തെ സംബന്ധിച്ച് അസാധ്യമെന്നൊരു വാക്ക് ഇല്ല എന്നത് തെളിയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കപ്പലിനെ സ്വീകരിച്ച ശേഷം നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര വലിയ പ്രതിസന്ധിയേയും അതിജീവിക്കുമെന്ന് കൂട്ടായ്മയിലൂടെ കേരളം തെളിയിച്ചിട്ടുണ്ട്. അതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലുമുണ്ടായത്. ഇതുപോലത്തെ എട്ടു കപ്പലുകൾകൂടി വരും ദിവസങ്ങളിൽ ഇവിടേയ്കു വരുമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് തുടര്‍ച്ചയായി പെയ്ത മഴ, ആഹ്ലാദനിമിഷത്തിന് നിശബ്ദസാക്ഷിയാകാനെന്നോണം ഇന്നലെ മാറിനിന്നു. കപ്പല്‍ തീരം തൊട്ടപ്പോള്‍ വര്‍ണ ബലൂണുകള്‍ ആകാശത്തുയര്‍ന്നു. വര്‍ണക്കാഴ്ചകളൊരുക്കിയ കരിമരുന്ന് പ്രയോഗവും ആകാശത്തിന് സന്തോഷനിറമേകി.
തുറമുഖത്തിന് നൂറ് മീറ്റര്‍ അകലെയായി നിര്‍ത്തിയിട്ടിരുന്ന കപ്പല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി വീശിയതോടെ പുറപ്പെട്ട് വാര്‍ഫിനടുത്തേക്കെത്തി. 104 മീറ്റര്‍ ഉയരമുള്ള ക്രെയിനുമായി വിഴിഞ്ഞത്തേക്ക് എത്തിയ വലിയ ചരക്ക് കപ്പലാണ് ആദ്യമായി കേരളത്തിന്റെ സ്വപ്നതീരം തൊട്ടത്. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് കപ്പലിനെ ബര്‍ത്തിലേക്ക് അടുപ്പിച്ചത്. പത്ത് മീറ്ററിലധികം ആഴത്തില്‍ കടലുണ്ടായിരുന്ന സ്ഥലത്താണ് ആദ്യ ചരക്ക് കപ്പലിന്റെ സ്വീകരണചടങ്ങിനുള്ള വലിയ വേദിയൊരുങ്ങിയത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി സ്വീകരണചടങ്ങ് മാറുമ്പോള്‍, വികസനസ്വപ്നം നെഞ്ചേറ്റുന്ന ആയിരക്കണക്കിന് സാധാരണമനുഷ്യരും ആ നിമിഷത്തിന് സാക്ഷികളായി നിലകൊണ്ടു. ആറ് മാസത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, സ്വീകരണചടങ്ങിന് സമാപനമായതോടെ നിറകയ്യടികളുയര്‍ന്നു. മനം നിറഞ്ഞ് ആയിരങ്ങള്‍ മടങ്ങുമ്പോള്‍, ആകാശത്ത് മഴവില്ലൊരുക്കി പ്രകൃതിയും സന്തോഷത്തില്‍ പങ്കാളിയായി.
വിഴിഞ്ഞം പദ്ധതി ആറുമാസം കൊണ്ട് പൂർണമായി കമ്മിഷൻ ചെയ്യും
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി അഞ്ചോ ആറോ മാസംകൊണ്ട് പൂർണമായി കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിനെ സ്വീകരിച്ച ശേഷം നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുപോലത്തെ എട്ടു കപ്പലുകൾകൂടി വരും ദിവസങ്ങളിൽ ഇവിടേക്ക് വരും. വിഴിഞ്ഞം തുറമുഖം കേരളത്തിനു നൽകുന്ന വികസന സാധ്യതകളെക്കുറിച്ച് അൽപ്പം ധാരണമാത്രമേ നമുക്കുള്ളൂവെന്നതാണു യാഥാർത്ഥ്യം. ഭാവനകൾക്കപ്പുറമുള്ള വികസനമാണു വരാൻ പോകുന്നത്. ഇതുപോലൊരു പോർട്ട് ലോകത്ത് അപൂർവമാണ്. അത്രമാത്രം വികസന സാധ്യതയാണ് ഈ തുറമുഖത്തിന്റെ ഭാഗമായുള്ളത്. ഒരു ഔട്ടർ റിങ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അതുവഴി ധാരാളം പുതിയ പദ്ധതികൾ വരുമെന്നാണ് കണക്കാക്കുന്നത്. ലോകത്തിലെ അന്താരാഷ്ട്ര തുറമുഖ പട്ടികയിൽ പ്രമുഖ സ്ഥാനത്ത് നിന്നുകൊണ്ടുള്ള പ്രയാണമാണ് വിഴിഞ്ഞം ആരംഭിച്ചിരിക്കുന്നത്. ഇതു രാജ്യത്തിന്റെയാകെ അഭിമാനമാണ്. ഇത്തരമൊരു തുറമുഖം ഉയർന്നുവരുമ്പോൾ ചില അന്താരാഷ്ട്ര ലോബികൾ അവരുടെ താല്പര്യംവച്ചുള്ള എതിർ നീക്കങ്ങൾ നടത്താറുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും അത്തരം ശക്തികൾ ഉണ്ടായിരുന്നുവെന്നതു വസ്തുതയാണ്. അതിനെയൊക്കെ അതിജീവിക്കാൻ നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, സജി ചെറിയാൻ, കെ എൻ ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, അഡാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അഡാനി, എമിരറ്റസ് ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം, ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി പി ഷുഹൈബ് മൗലവി, വിഴിഞ്ഞം ഇടവ വികാരി മോൺ. ഡോ. നിക്കോളാസ് ടി ജില്ലയിൽനിന്നുള്ള എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
English Summary: cm pinarayi vijayan vizhinjam port
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.