24 November 2024, Sunday
KSFE Galaxy Chits Banner 2

ദുരിതാശ്വാസനിധി തട്ടിപ്പില്‍ പ്രതിപക്ഷ നേതാവിനും പങ്കെന്ന് എം വി ഗോവിന്ദന്‍

web desk
തിരുവനന്തപുരം
February 25, 2023 12:24 pm

ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പിന് പ്രതിപക്ഷ നേതാവും തട്ടിപ്പിന് കൂട്ടുനിന്നെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നടന്നിരിക്കുന്നത് തട്ടിപ്പാണെങ്കിൽ ആ തട്ടിപ്പിൽ പ്രതിപക്ഷത്തിനും പങ്കുണ്ട്, സിപിഐ(എം) ജനകീയ പ്രതിരോധ ജാഥാപര്യടനത്തിനിടെ എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷത്തെ പല നേതാക്കളും ഒപ്പിട്ട ശിപാർശകളില്‍ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിജിലന്‍സ് വിഭാഗമാണ് ദുരിദാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ക്കും ഫണ്ട് ലഭിക്കുന്നതായി കണ്ടെത്തിയത്. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പരിശോധനയ്ക്കും അന്വേഷണങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കി. വിജിലന്‍സ് കര്‍ശന പരിശോധനയാണ് തുടരുന്നത്. ആറുമാസത്തിൽ ഒരിക്കൽ ഓഡിറ്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനർഹർക്ക് ലഭിക്കുന്നത് ഒഴിവാക്കാൻ ആറുമാസത്തിലൊരിക്കൽ ഓഡിറ്റ് നടത്തണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അപേക്ഷകളുടെ ആധികാരികത പരിശോധിക്കാനും കലക്ടറേറ്റുകളിൽ സ്പെഷ്യൽ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്താനും സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു. തുക അനർഹർക്ക് ലഭിക്കാനിടയാക്കിയ ഡോക്ടർമാർ, ഉദ്യോഗസ്ഥർ, ഏജന്റുമാർ തുടങ്ങിയവരെക്കുറിച്ച് വിശദമായ തുടരന്വേഷണങ്ങൾ നടത്തും.

പറവൂരില്‍ വി ഡി സതീശന്റെ ശുപാര്‍ശയില്‍ സാമ്പത്തിക അടിത്തറയുള്ള പ്രവാസിക്ക് ചികിത്സാ സഹായം നല്‍കിയെന്നതുള്‍പ്പെടെ വ്യാപകമായ പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. അടൂര്‍ പ്രകാശ് എംപി അടക്കം മുതിര്‍ന്ന നേതാക്കളെല്ലാം ദുരിതാശ്വാസ നിധി തട്ടിപ്പ് കേസില്‍ ബന്ധപ്പെട്ട് നില്‍ക്കുകയാണ്. അർഹതപ്പെട്ടവർക്ക് തന്നെയാണ് സഹായം ലഭിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നാണ് ആരോപണങ്ങളോട് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. അപേക്ഷകരുടെ അർഹത പരിശോധിക്കേണ്ടത് സർക്കാരാണെന്നും പാവപ്പെട്ടവർ സമീപിക്കുമ്പോൾ അവർക്കെന്തെങ്കിലും സഹായമെത്തട്ടെ എന്നതാണ് ചിന്തിക്കുകയെന്ന് അടൂർ പ്രകാശ് എംപി റായ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ചിറയിൻകീഴിലെ ഏജന്റായ കോൺഗ്രസ് പ്രവർത്തകൻ ബ്രീസ്ലാൽ വഴി നൽകിയ വ്യാജ അപേക്ഷകളിലാണ് അടൂർ പ്രകാശ് ഒപ്പിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് താലൂക്ക് ഓഫീസിൽ പരിശോധന തുടരുകയാണ്. ആറ്റിങ്ങൽ ലോക്‌സഭാമണ്ഡലത്തിലെ ചിറയിൻകീഴ് അഞ്ചുതെങ്ങിൽനിന്നുള്ള 16 വ്യാജ അപേക്ഷയിൽ ഫണ്ട് അനുവദിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. നിരവധി അപേക്ഷകളിൽ ഒപ്പിട്ടതിനാൽ അടൂർ പ്രകാശിന് അബദ്ധംപറ്റിയതല്ലെന്നും വ്യക്തം. അപേക്ഷകളോടൊപ്പമുള്ള മെഡിക്കൽ രേഖകളും വ്യാജമാണ്. കരൾ രോഗത്തിന് ചികിത്സിക്കുന്നയാൾക്ക് ഹൃദയരോഗത്തിന്റെ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്കും സംശയങ്ങളുണ്ട്.

വ്യാജ അപേക്ഷകൾ കൈകാര്യംചെയ്യാൻ ബ്രീസ്ലാലിന്റെ അടുത്ത ബന്ധു ഉൾപ്പെട്ട സംഘം സെക്രട്ടറിയറ്റിൽ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. അപേക്ഷകളിലാകട്ടെ ബ്രീസ്ലാലിന്റെ ഫോൺനമ്പരാണ്. അതിനാൽ അപേക്ഷാ സ്റ്റാറ്റസ്, എത്ര തുക അനുവദിച്ചു എന്നതടക്കം വിശദാംശങ്ങൾ വെബ്സൈറ്റിൽനിന്ന് ഇയാൾക്ക് അറിയാനാകും. തുക അനുവദിച്ചാൽ അപേക്ഷകനെ കണ്ട് തന്റെ സ്വാധീനത്തിലാണ് പണം അനുവദിച്ചതെന്ന് പറഞ്ഞ് പകുതിയോളം തുക കമീഷനായി തട്ടും.

തട്ടിപ്പ് ശ്രദ്ധയിൽപെട്ടതോടെ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതും കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തിയതും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ചികിത്സാസഹായം വാങ്ങിത്തന്നത് പ്രതിപക്ഷനേതാവെന്ന് മുൻ പ്രവാസി ചിറ്റാറ്റുകര രണ്ടാംവാർഡിൽ കണ്ണൻചക്കശേരിൽ മുഹമ്മദ് ഹനീഫ (65) സമ്മതിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവാണ് അപേക്ഷ വാങ്ങി പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഓഫീസ് വഴി അയപ്പിച്ചത്. അർഹതയില്ലെങ്കിൽ പണം തിരിച്ചടയ്ക്കാൻ തയ്യാറാണെന്നും ഹനീഫ പറഞ്ഞു. ദുരിതാശ്വാസനിധിയിൽനിന്നാണ് 45,000 രൂപ ലഭിച്ചത്.

കരുനാഗപ്പള്ളി താലൂക്കിൽ 18 അപേക്ഷയിൽ 13ലും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് കരുനാഗപ്പള്ളി നെഞ്ച് രോഗാശുപത്രിയിലെ ഡോക്ടറാണെന്നും ആറ് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഒരു വീട്ടിലെ അംഗങ്ങൾക്കും രണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ മറ്റൊരു വീട്ടിലെ അംഗങ്ങൾക്കുമാണെന്നും കണ്ടെത്തി. കൊല്ലം തൊടിയൂർ വില്ലേജിൽ സമർപ്പിച്ച പല അപേക്ഷകളിലും ഒരേ കൈയക്ഷരമാണ്. പത്തനംതിട്ടയിൽ പല അപേക്ഷകളിലും രേഖകൾ അപൂർണമാണ്. 268 അപേക്ഷയിലാകട്ടെ ഫോൺ നമ്പർ ഒന്നുതന്നെയാണ്. ആവശ്യമായ ചികിത്സാ രേഖകൾ ഇല്ലാതെ ധനസഹായം അനുവദിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ 14 അപേക്ഷയിൽ പത്തെണ്ണത്തിലും ഒരു ഡോക്ടറാണ് സർട്ടിഫിക്കറ്റ് നൽകിയത്. തൊടുപുഴയിൽ 2001 മുതൽ 2023 വരെ ലഭിച്ച 70 അപേക്ഷയിലും അപേക്ഷകന്റെ ഫോൺനമ്പർ ഒന്നാണെന്നും ഒരേ അക്ഷയസെന്റർ വഴി സമർപ്പിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ആലത്തൂർ വില്ലേജിലെ 78 അപേക്ഷയിലും ആയുർവേദ ഡോക്ടർമാരാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇവരെല്ലാം ഒരു സ്വകാര്യ ആശുപത്രിയിലാണ്.

കോഴിക്കോട് തലക്കുളത്തൂർ വില്ലേജിലെ വിദേശമലയാളിയുടെ മകന് ചികിത്സയ്ക്ക് മൂന്നുലക്ഷം രൂപയും സർക്കാർ ഉദ്യോഗസ്ഥന്റെ അമ്മയ്ക്ക് 25,000 രൂപയും അനുവദിച്ചിട്ടുണ്ട്. മലപ്പുറം എടക്കരയിൽ ഒരു ഏജന്റ് വഴിയുള്ള അപേക്ഷകളിലെല്ലാം ഒരേ ഡോക്ടറുടെ സർട്ടിഫിക്കറ്റാണ്. 1.2 ഏക്കർ ഭൂമിയുള്ളയാൾക്ക് വില്ലേജ് ഓഫീസർ വാർഷിക വരുമാനം 60,000 രൂപ രേഖപ്പെടുത്തി നൽകിയിട്ടുണ്ട്. ഇയാൾക്ക് 25,000രൂപ ചികിത്സാ സഹായവും നൽകി.

ആലത്തൂർ എരട്ടക്കുളം സ്വദേശികളും കോൺഗ്രസ് പ്രവർത്തകരുമായ കെ ചന്ദ്രൻ, കെ ഹുസൈനാർ എന്നിവരാണ് ഇടനിലക്കാരായിനിന്ന് തട്ടിപ്പ് നടത്തിയതെന്ന് വിജലൻസ് കണ്ടെത്തി. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥനുമായി ചേർന്ന് ഇവർ തട്ടിപ്പ് ആസൂത്രണംചെയ്തിരുന്നതായും വിജിലൻസിന്റെ ചോദ്യംചെയ്തതിൽനിന്ന് വ്യക്തമായി. ഈ ഉദ്യോഗസ്ഥനെതിരെ വിജിലിൻസ് സർക്കാരിന് റിപ്പോർട് നൽകി. യുഡിഎഫ് ഘടകകക്ഷി നേതാവ് നടത്തുന്ന ആയുർവേദ മരുന്നുകടയിലെ ഡോക്ടറാണ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത്. 24 അപേക്ഷകളിൽ പത്തിലും സഹായം ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Engish Sam­mury: cmdrf vig­i­lance case

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.