
ജില്ലയിലെ തീരക്കടലില്‍ അടിയന്തിര രക്ഷാപ്രവർത്തനത്തിന് സ്ഥിരസംവിധാനം ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ വർഷം ഇതുവരെ മാത്രം പത്തിലേറെ മത്സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞു. രണ്ടുമാസത്തിനിടെ മാത്രം ഒരു ഡസനിലേറെ അപകടങ്ങൾ ജില്ലയുടെ തീരത്തുണ്ടായി.രക്ഷാപ്രവർത്തനം വൈകുന്നതാണു പലപ്പോഴും അപകടത്തിന്റെ തീവ്രത കൂട്ടുന്നത്.
തുമ്പോളിക്ക് സമീപം കഴിഞ്ഞയാഴ്ച മീൻപിടിത്തത്തിനിടെ വള്ളം മുങ്ങി ആറുപേർ അപകടത്തിൽപെട്ടിരുന്നു. മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പിന്റെ വള്ളവും ചേർന്നു കഠിനപ്രയത്നം നടത്തിയാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്.
അപകടമുണ്ടാകുമ്പോൾ മിക്കവാറും മത്സ്യത്തൊഴിലാളികൾ തന്നെയാണു ജീവൻ പണയംവച്ചു രക്ഷാപ്രവർത്തനം നടത്തുന്നത്. ഫിഷറീസ് വകുപ്പിന് തോട്ടപ്പള്ളി കേന്ദ്രീകരിച്ചു വള്ളവും അഴീക്കൽ കേന്ദ്രീകരിച്ചു ബോട്ടുമുണ്ട്. രക്ഷാപ്രവർത്തനത്തിന് ഇതാണു ലഭ്യമാകുന്നത്. കോസ്റ്റൽ പൊലീസിന് തോട്ടപ്പള്ളിയിലും ചെല്ലാനത്തും ഇന്റർസെപ്റ്റർ ബോട്ട് ഉണ്ടെങ്കിലും പലപ്പോഴും പ്രവർത്തിക്കാറില്ല. അപകടവിവരമറിയുന്ന ഉടൻ സ്ഥലത്ത് പാഞ്ഞെത്താനും കടലിലിറങ്ങി തിരച്ചിൽ നടത്താനുമുള്ള സംവിധാനമാണ് വേണ്ടത്.
നിലവിൽ വലിയൊരു കടൽ അപകടമുണ്ടായാൽ തിരച്ചിലിനു കോസ്റ്റ് ഗാർഡും നാവികസേനയും വരണമെങ്കിൽ കളക്ടർ ശുപാർശ ചെയ്യണം. നടപടികൾ പൂർത്തിയായി സേന സ്ഥലത്ത് എത്താൻ പലപ്പോഴും 12 മണിക്കൂറിലേറെ എടുക്കും. ഈ സമയനഷ്ടം ഒഴിവാക്കാൻ മത്സ്യത്തൊഴിലാളി യുവാക്കളെ ഉൾപ്പെടുത്തി തീരരക്ഷാ സേന രൂപീകരിക്കാൻ ഫിഷറീസ് വകുപ്പ് ശുപാർശ ചെയ്തിരുന്നു. അതിൽ നടപടിയായിട്ടില്ല. സ്കൂബ ഡൈവിങ്ങിൽ ഉൾപ്പെടെ പരിശീലനം നൽകി യുവാക്കളെ രക്ഷാപ്രവർത്തനത്തിനു പ്രാപ്തരാക്കാനായിരുന്നു പ്രധാന നിര്‍ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.