
സംസ്ഥാന കായിക ഡയറക്ടറേറ്റിന്റെയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോളജ് സ്‌പോർട്‌സ് ലീഗിന്റെ ആദ്യ സീസണ്‍ നാളെ മുതൽ 26 വരെ കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ നടക്കും. ഫുട്‌ബോൾ ലീഗ് മത്സരങ്ങളോടെയാണ് ഉദ്ഘാടന സീസണിലെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. സംസ്ഥാനത്തെ കോളജുകളെ കേന്ദ്രീകരിച്ച് രാജ്യത്ത് ആദ്യമായി നടക്കുന്ന കോളജ് സ്‌പോർട്‌സ് ലീഗ് (സിഎസ്എല്‍) എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ വര്‍ഷം ഫുട്‌ബോൾ, വോളിബോൾ എന്നീ കായിക ഇനങ്ങളിലാണ് ലീഗ് മത്സരങ്ങൾ നടക്കുക. വരും വർഷങ്ങളിൽ ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോൾ, കബഡി തുടങ്ങിയ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി ലീഗ് വിപുലീകരിക്കും. സംസ്ഥാനത്തെ യുജിസി അംഗീകൃത കോളജുകളിൽ നിന്നുള്ള ടീമുകൾ ഫുട്‌ബോൾ ലീഗിൽ പങ്കെടുക്കും. ഓഗസ്റ്റില്‍ എംജി സർവകലാശാലാ കാമ്പസിലാണ് വോളിബോൾ ലീഗ് മത്സരങ്ങൾ നടക്കും. ഇതില്‍ വനിതാ ടീമുകള്‍ മാത്രമായിരിക്കും ഉണ്ടാവുക.
കോളജുകളിൽ പുതിയൊരു കായിക സംസ്‌കാരം സൃഷ്ടിക്കുക എന്നതാണ് സിഎസ്എൽകെ യുടെ പ്രധാന ലക്ഷ്യം. ഇതിനായി എല്ലാ കോളജുകളിലും പ്രത്യേക സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ കൗൺസിലുകൾക്കായിരിക്കും ലീഗുകളുടെ പൂർണ നിയന്ത്രണം. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഈ കൗൺസിലുകളാണ് ലീഗ് നടത്തുകയും കാമ്പസുകളിൽ ആരാധക പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നത്. ഇതാണ് ലീഗിന്റെ പ്രധാന ഊർജമെന്ന് സ്‌പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റ് ഡയറക്ടർ പി വിഷ്ണുരാജ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. കോളജുകളിലെ കായിക വികസനത്തിനായി മാറ്റി വച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും. ലീഗിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌റ്റൈപ്പന്റ്, പെർഫോമൻസ് ബോണസുകൾ, സ്‌കോളർഷിപ്പുകൾ തുടങ്ങിയവയും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.