26 June 2024, Wednesday
KSFE Galaxy Chits

നിറവും പണിയും … കറുപ്പിലാണ് പോര്

Janayugom Webdesk
March 1, 2023 10:42 pm

ശ്രീകൃഷ്ണന്റെ നിറമാണ് … പ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ ശ്രീകൃഷ്ണന്റെ പണിയാണ്.… പതിവുകള്‍ക്ക് തെറ്റിയില്ല. എം എം മണി ചൂണ്ടിയത് തിരുവഞ്ചൂരില്‍ തന്നെ. രാത്രിയില്‍ പാതിരാ സമയത്ത് ഒരു വണ്ടി നിറയെ പൊലീസ് വന്നാണ് എന്നെ അറസ്റ്റു ചെയ്തു കൊണ്ടുപോയത്. കേരളാ ഹൈക്കോടതി തനിക്കെതിരെയുള്ള കേസ് നിയമ വിരുദ്ധമെന്ന് വിധിച്ചു. അത് പഠിക്ക്… ഉമ്മന്‍ചാണ്ടിയുടെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിനോടുള്ള മണിയാശന്റെ കലിപ്പിന് ഒടുക്കമില്ല. “തൊടുപുഴയില്‍ വന്ന് പ്രസംഗിച്ചു, ഇവിടെ ഒരു കൊഴപ്പക്കാരനുണ്ടായിരുന്നു, ആരാ ഞാനേ. ഞങ്ങളത് കൈകാര്യം ചെയ്തിട്ടുണ്ട് എന്ന്” യോഗ്യനാണ് തിരുവഞ്ചൂര്‍.

കടന്നു കടന്നു വല്ലാതെ പോകുന്നു, തിരുവഞ്ചൂരിന്റെ മറുപടി. എനിക്ക് കറുത്ത നിറമാണ് അദ്ദേഹത്തിന് വെളുത്ത നിറമായതിനാല്‍ തര്‍ക്കത്തിനില്ല, സന്ധി പറഞ്ഞ് ഇരുന്നു. യുഡിഎഫിന്റെ സമരങ്ങള്‍ക്ക് ജനങ്ങളില്ല. ആളില്ലാതെ യുഡിഎഫ് ഗറില്ലാ മോഡല്‍ സമരത്തിനിറങ്ങിയിരിക്കുന്നു. ആന കടന്നുപോകുമ്പോള്‍ നായ കുരയ്ക്കുന്നത് പേടിച്ചിട്ടാണ്. സര്‍ക്കാരിന്റെ ജനകീയ അടിത്തറ യുഡിഎഫിനെ ഭയപ്പെടുത്തുന്നു, പഞ്ചതന്ത്രം പറഞ്ഞു സി കെ ആശ.
മാധ്യമങ്ങളില്‍ ഇടംനേടാന്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നു മാത്യു കുഴല്‍നാടന്‍, വി ജോയ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ മദ്യവും ഖാദിയും വഴിമാറി. വ്യഭിചാരം കൂടി ഒഴിവാക്കിയാല്‍ മെച്ചം. പ്രതിപക്ഷ ബഹളത്തിന് ജോയി മറുപടി നല്‍കി “രാത്രിയും പകലും വളകിലുക്കം നടത്തിയവര്‍ വാട്സ് ആപ് ചാറ്റുകളെ കീര്‍ത്തിക്കുന്നു”
സഹോദരന്‍ തോമസ് കെ ചാണ്ടിയുടെ പ്രവചനം ഓര്‍മ്മിച്ചായിരുന്നു തോമസ് കെ തോമസ് കുട്ടനാടിന്റെ നിത്യ അപ്പസ്തോലനായത്. പിണറായി ഭരണം 15 വര്‍ഷം എന്നതായിരുന്നു പ്രവചനം. ഇനിയും വര്‍ഷങ്ങള്‍ ബാക്കിയാണ്. കുട്ടനാടിന്റെ വികസന മുഖം വരച്ചുകാട്ടാനും ആഘോഷിക്കാനും മുന്നിട്ടിറങ്ങിനിന്നു. 

സിഎച്ചിന്റെ ആഭ്യന്തര മന്ത്രിക്കാലം വിവരിച്ച പി ഉബൈദുള്ള ജലപീരങ്കി ഉപയോഗിക്കുന്ന പൊലീസിനെതിരെ ജലസമ്പത്തു നശിപ്പിക്കുന്നതിന് കേസെടുക്കുമെന്ന നിലപാടിലായിരുന്നു. മഹാരാജാസ് കോളജില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞതായും ഘോഷിച്ചു. ജനമൈത്രിയല്ല ഗുണ്ടാമൈത്രിയാണ് കേരളത്തില്‍ നടക്കുന്നതെന്നായി ടി വി ഇബ്രാഹിം. എ സി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍, കെ ഡി പ്രസേനന്‍, കടകംപള്ളി സുരേന്ദ്രന്‍ രമേശ് ചെന്നിത്തല തുടങ്ങിയവരും ചര്‍ച്ചയില്‍ നിറഞ്ഞു. പൊലീസ്, വിജിലൻസ്, ജയിൽ വകുപ്പുകളുമായി ബന്ധപ്പെട്ടതായിരുന്നു ധനാഭ്യർത്ഥന ചർച്ച. മറുപടിയില്‍ മുഖ്യമന്ത്രി നേട്ടങ്ങള്‍ എണ്ണി നിരത്തി, ബാക്കിയെല്ലാം മാറിനിന്നു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.