സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് നാളെ. കാര്‍ഷികോല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, കര്‍ഷക പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, കര്‍ഷക സമരത്തിന്റെ ഭാഗമായി 2020–21ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. സമരത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് ഒഴുകിത്തുടങ്ങി. കര്‍ഷക സമരത്തെ നേരിടാന്‍ ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികള്‍ പൊലീസ് അടച്ചു. അംബാല‑ശംഭു, ഖനൗരി-ജിന്ദ്, ദാബ്‌വാലി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് തടയുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തി. അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നീ ഏഴ് ജില്ലകളിലാണ് ഇന്റര്‍നെറ്റിന് വിലക്ക്. ക്രമസമാധാനം ഉറപ്പാക്കാന്‍ പാഞ്ച്കുളയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും നിരത്തി.
150 ഓളം വരുന്ന കര്‍ഷക സംഘടനകളാണ് സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ അണിനിരക്കുക. ഈമാസം 16ന് രാജ്യവ്യാപകമായി ഗ്രാമീണ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഉല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി ദില്ലി ചലോ മാര്‍ച്ചിന്റെ കോ-ഓര്‍ഡിനേറ്ററായ ജഗജിത് സിങ് ദാലിവാള്‍ പറഞ്ഞു. 2021ല്‍ ലഖിംപൂര്‍ ഖേരി സമരത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച വാഗ്ദാനങ്ങള്‍ ഇപ്പോഴും ജലരേഖയായി അവശേഷിക്കുകയാണ്. ഏതാനും ദിവസം മുമ്പ് 23 ഉല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചുവെങ്കിലും റാബി-ഖാരിഫ് സീസണില്‍ മാത്രം ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
നീണ്ട രണ്ടുവര്‍ഷത്തിനുശേഷം താങ്ങുവില പ്രഖ്യാപിച്ചത് കര്‍ഷക സമരം രൂക്ഷമാകുമെന്ന് ഭയന്നാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ക്രാന്തികാരി) പ്രസിഡന്റ് സുര്‍ജിത് സിങ് ഫുല്‍ പറഞ്ഞു. കര്‍ഷക സമരത്തിന്റെ ഭാഗമായി 5000 ത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്ത് എത്തുമെന്നാണ് ഇന്റലിജന്‍സ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ട്. ഇതിന് പുറമെ ബസ്, ട്രെയിന്‍, ചെറുവാഹനങ്ങളിലായി അരലക്ഷത്തിലേറെ കര്‍ഷകരും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ നടക്കുന്ന കർഷക പ്രതിഷേധങ്ങൾ സർക്കാരിന് വെല്ലുവിളിയാണ്.
അതേസമയം കര്‍ഷക സംഘടനകളെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിത ശ്രമം നടത്തുന്നുമുണ്ട്. കര്‍ഷക സംഘടനാ നേതാക്കളുമായി ഇന്ന് വൈകിട്ട് അഞ്ചിന് ചണ്ഡീഗഢില്‍ കേന്ദ്രമന്ത്രിമാര്‍ ചര്‍ച്ച നടത്തും. കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
English Summary:Come on Delhi; Peasant flood
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.