നാഥുറാം ഗോഡ്സേയെ പ്രകീർത്തിക്കുന്ന കോഴിക്കോട് എൻഐടി പ്രൊഫസറുടെ ഫേസ്ബുക്ക് കമന്റിനെതിരെ വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതിയില്‍ പൊലീസ് കേസെടുത്തു. കുന്ദമംഗലം പൊലീസാണ് എൻഐടി പ്രൊഫ. ഷൈജ ആണ്ടവനെതിരെ കേസെടുത്തത്. തീവ്രഹൈന്ദവവാദിയായ അഡ്വ. കൃഷ്ണരാജ് മഹാത്മഗാന്ധി രക്തസാക്ഷിദിനത്തിൽ ഗൊഡ്സേയെ പ്രകീർത്തിച്ചിട്ട സമൂഹമാധ്യമക്കുറിപ്പിലാണ് ‘ഗോഡ്സേ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്ന് എൻഐടി പ്രൊഫ. ഷൈജ ആണ്ടവൻ കമന്റ് ചെയ്തത്. ഇതിനെതിരെ വിദ്യാർത്ഥി സംഘടനകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിൽ പരാതി കൊടുത്തതോടെ അധ്യാപിക കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ആഘോഷം സംഘടിപ്പിച്ചവർക്കെതിരെ പ്രതികരിച്ച ദളിത് വിദ്യാർത്ഥിയെ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച എൻഐടി നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രൊഫ. ഷൈജ ആണ്ടവന്റെ ഗോഡ്സേ അനുകൂല നിലപാട് വലിയ എതിർപ്പിന് വഴിവച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഷൈജ ആണ്ടവൻ 20 വർഷത്തിലധികമായി എൻഐടി മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്.
നേരത്തെയും മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർമാർ ആർഎസ്എസിന്റെയും മറ്റ് ഹിന്ദുത്വ സംഘടനകളുടെയും പരിപാടികളിൽ പങ്കെടുത്തത് ചർച്ചയായിരുന്നു. ആർഎസ്എസ് സർകാര്യവാഹക് ദത്താത്രേയ ഹൊസബാളെ പങ്കെടുത്ത അമൃതശതം പ്രഭാഷണ പരമ്പരയിൽ അധ്യക്ഷനായത് ഇതേ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറും കോഴിക്കോട് എൻഐടിയുടെ ഡയറക്ടറുമായ ഡോ. പ്രസാദ് കൃഷ്ണയാണ്. മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ പ്രൊഫ. ആർ ശ്രീധരനും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂപടം കാവിനിറത്തിൽ ചിത്രീകരിച്ചതിനെതിരെ പ്രതികരിച്ച വിദ്യാർത്ഥിക്കെതിരെയാണ് സസ്പെന്‍ഷന്‍ നടപടി ഉണ്ടായത്. തുടർന്ന് അതിശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് സസ്പെൻഷൻ നടപടി താൽക്കാലികമായി മരവിപ്പിച്ചിരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥിയുടെ പരാതി പരിഗണിക്കുന്ന അപ്പീല്‍ കമ്മിറ്റിയുടെ അധ്യക്ഷ ഈ അധ്യാപികയാണെന്നാണ് വിവരം. തീവ്ര സംഘ്പരിവാര്‍ അനുകൂല നിലപാട് പുലര്‍ത്തുന്ന അധ്യാപിക അധ്യക്ഷയായ കമ്മിറ്റിയില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
English Summary:Comment on social media in praise of Godse; A case was registered against the NIT professor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.