
കൊച്ചി: മുനമ്പത്ത് അധിവസിക്കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമെന്ന് മന്ത്രി കെ രാജന്‍. മുനമ്പം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് 414 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു മന്ത്രി രാജന്‍.
മുമ്പത്ത് താമസിക്കുന്നവരുടെ ഭൂമി പ്രശ്നം എംഎല്‍എ അടക്കം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വിഷയം നിയമസഭയിലും അവതരിപ്പിച്ചു. പിന്നീട് മുഖ്യമന്ത്രിയും നിയമമന്ത്രിയുമായും ആലോചിച്ചതിന് ശേഷമാണ് റവന്യു വകുപ്പ് വിഷയത്തില്‍ അനുകൂലനടപടി സ്വീകരിച്ചത്. അര്‍ഹരായവരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏതറ്റംവരെയും പോകും എന്നതിന് ഉദാഹരണമാണ് ഇടപെടലുകളെന്നും മന്ത്രി പറഞ്ഞു.
2022 ഒക്ടോബര്‍ ഏഴിന് റവന്യു വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുനമ്പത്ത് നികുതി ഈടാക്കണമെന്ന നിര്‍ദേശം നല്‍കിയെങ്കിലും എന്നാല്‍ ഒരുവിഭാഗം ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് സ്റ്റേ ചെയ്യുന്നതിനുള്ള അനുമതി നേടി. ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയിലാണ് മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് കരമടയ്ക്കാന്‍ കോടതി അനുമതി നല്‍കിയതെന്നും മന്ത്രി രാജന്‍ ചൂണ്ടിക്കാട്ടി.
മുനമ്പത്തെ ജനങ്ങള്‍ക്ക് നികുതി അടയ്ക്കാനും ഉടമസ്ഥതാവകാശം നല്‍കുന്നതിനുള്ള നടപടികളിലേയ്ക്ക് കടക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഈ കമ്മിഷനുമായി സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറായതും, ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ സമരസമിതി മുന്‍കയ്യെടുത്തതും വിഷയം പരിഹരിക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചു. സര്‍ക്കാരാണ് സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയത്.
കരമടയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്ന ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ അതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ നേട്ടമാണ്. സമരം അവസാനിപ്പിക്കാനുള്ള സമരസമിതി തീരുമാനം സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. മുനമ്പത്തെ ജനതയുടെ നിയമപരമായ അവകാശം സംരക്ഷിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതാണ്. അതിനുവേണ്ടി ഏതറ്റംവരെയും പോയി നിയമപോരാട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. സമരഭടന്മാര്‍ക്ക് നാരങ്ങാനീര് നല്‍കിയാണ് മന്ത്രിമാര്‍ സമരം അവസാനിച്ചതായി പ്രഖ്യാപിച്ചത്. എംഎല്‍എമാരായ കെ എന്‍ ഉണ്ണികൃഷ്ണന്‍, ജോബ് മൈക്കിള്‍, സിപിഐ ജില്ലാ സെക്രട്ടറി എന്‍ അരുണ്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി എസ് സതീശ്, സമരസമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.