
ചിലി പ്രസിഡന്റ് പ്രൈമറിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ ജീനറ്റ് ജാരയ്ക്ക് വിജയം. 98.27% ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 60.31% വോട്ടുകളാണ് ജീനറ്റ് നേടിയത്. മുൻ ആഭ്യന്തര മന്ത്രിയും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കരോലിന തോഹ 27.91% വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി, ഹ്യൂമനിസ്റ്റ് ആക്ഷൻ, ബ്രോഡ് ഫ്രണ്ട്, സോഷ്യലിസ്റ്റ് പാർട്ടി എന്നിവരുള്‍പ്പെടുന്ന ഇടതുസഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ജീനറ്റിനെ പ്രഖ്യാപിച്ചു. വിജയ പ്രസംഗത്തിൽ, പ്രൈമറിയിലെ വലതുപക്ഷ പാർട്ടികളുടെ അഭാവത്തെ ജീനറ്റ് ശക്തമായി വിമർശിച്ചു.
പരസ്പരം പിടിച്ചുനിൽക്കാനും വിട്ടുകൊടുക്കാതിരിക്കാനും അഭ്യര്‍ത്ഥിക്കുന്നു. ഒറ്റക്കെട്ടായി നിലനില്‍ക്കുന്നതിലൂടെ തീവ്ര വലതുപക്ഷത്തെ രാഷ്ട്രീയമായും സാമൂഹികമായും നേരിടാന്‍ കഴിയുമെന്നും ജീനറ്റ് പറഞ്ഞു. പുരോഗമന ശക്തികളെ ഏകീകരിച്ച് മുന്നോട്ട് നയിക്കുന്നതില്‍ ജീനറ്റിന്റെ നേതൃപാടവത്തെ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് പ്രശംസിച്ചു. അതേസമയം വലതുപക്ഷ സ്ഥാനാർത്ഥികൾ പ്രെെമറി ഒഴിവാക്കി നവംബർ 16 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കും. തൊഴില്‍ മന്ത്രിയായിരിക്കെ, ആഴ്ചയിലെ ജോലി സമയം 40 മണിക്കൂറായി കുറയ്ക്കുകയും മിനിമം വേതനം വർധിപ്പിക്കുകയും ചെയ്ത നടപടി ജീനറ്റിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരുന്നു. പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏപ്രിലിൽ അവര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. നവംബറിലെ വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ, ഡിസംബർ 14 ന് രണ്ടാം ഘട്ടം നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.