31 December 2025, Wednesday

Related news

December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 22, 2025
December 22, 2025

ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും ലെനിനിസ്റ്റ് പാത

Janayugom Webdesk
January 1, 2023 5:00 am

1925 ഡിസംബർ 26നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) രൂപീകരിച്ചത്. വ്യഥയിലും ദുരിതത്തിലുമാണ്ട രാജ്യത്തെ ജനത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഒന്നിച്ചതും പോരാട്ട മാർഗം സ്വീകരിച്ചതും ഓർമ്മിക്കേണ്ടതാണ്. വർഗവിഭജനം ഇല്ലാതാക്കാനും ചൂഷണം അവസാനിപ്പിക്കാനും സമത്വസമൂഹം സൃഷ്ടിക്കാനുമുള്ള പ്രതിബദ്ധതയിൽ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഇതേ ലക്ഷ്യത്തിനായി ജീവിക്കുകയും പോരാടുകയും മരിക്കുകയും ചെയ്ത അനേകായിരങ്ങൾക്ക് പ്രണാമമര്‍പ്പിക്കുന്നു. ദേശീയ പ്രസ്ഥാനത്തെ സാമ്രാജ്യത്വ വിരുദ്ധ ശക്തികളുടെ വിശാല മുന്നണിയായി ലെനിൻ നിർവചിച്ചിരുന്നു. കൊളോണിയൽ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകാരുടെ കടമകൾ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ രണ്ടാം കോൺഗ്രസിൽ അദ്ദേഹം വിശദമാക്കി. കാലഘട്ടത്തിന് അനിവാര്യമായ ഐക്യമുന്നണിയുടെ പ്രാധാന്യം സ്വാംശീകരിച്ചുകൊണ്ട് ലെനിനിസ്റ്റ് തീരുമാനവുമായി സിപിഐ താദാത്മ്യം പ്രാപിക്കുകയായിരുന്നു. ഇന്ത്യൻ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റുകളുടെ കടമകളെക്കുറിച്ച് ഏഴാം ലോക കോൺഗ്രസിൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറി ജോർജി ദിമിത്രോവ് ചൂണ്ടിക്കാട്ടി, ‘തങ്ങളുടെ രാഷ്ട്രീയവും സംഘടനാപരവുമായ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടുതന്നെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ സജീവമായി പ്രവർത്തിക്കണം. ദേശീയ വിപ്ലവത്തിന്റെ സുവ്യക്തമായ പ്രക്രിയ ഒരുക്കുകയും വേണം’. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളുടെ പൂർണ പങ്കാളിത്തത്തോടെ ദേശീയ വിപ്ലവ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിന് രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ്, 1935ലാണ് ദിമിത്രോവ് തന്റെ സിദ്ധാന്തം മുന്നോട്ടു വച്ചത്. ലോകത്തിലെ എല്ലാ ജനാധിപത്യ വ്യവസ്ഥിതിക്കും വെല്ലുവിളി ഉയർത്തുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മുന്നണി ഉയർന്നു.


ഇതുകൂടി വായിക്കൂ: സ്ലാവുകളും ദേശീയതയും


1939 ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. അതേവര്‍ഷം സിപിഐയുടെ നേതൃത്വത്തിൽ ഗിർണികാംഗർ യൂണിയനിലെ 70,000 തൊഴിലാളികൾ നഗരത്തിലെ ജനങ്ങളുമായി ചേർന്ന് മുംബൈയിലെ തെരുവുകളിൽ ലോകത്തിലെ ആദ്യത്തെ ഫാസിസ്റ്റ് വിരുദ്ധ മാർച്ച് നടത്തി. ദേശീയ മുന്നണി എന്ന ആശയവും പാർട്ടിയുടെ നേതൃത്വത്തിൽ ഉയർന്നുവന്നു. സാംസ്കാരിക പ്രവർത്തകർക്കൊപ്പം എഴുത്തുകാരും വിദ്യാർത്ഥികളും അണിനിരന്നു. പാർട്ടിയുടെ ആദ്യ കോൺഗ്രസിൽ ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ(ഇപ്റ്റ) അസോസിയേഷൻ പിറവിയെടുത്തപ്പോൾ സിപിഐ സാംസ്കാരിക നവോത്ഥാനത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ഉയർന്നു. അഖിലേന്ത്യാ കിസാൻ സഭ 1946–47ൽ പശ്ചിമ ബംഗാളിൽ കർഷക പ്രക്ഷോഭം ആരംഭിച്ചു. തെലങ്കാനയിലും (1946–51) സിപിഐയുടെ നേതൃത്വത്തിൽ ഭൂസമരം നടന്നു. ബംഗാൾ നേരിട്ട കൊടിയ പട്ടിണിക്കെതിരെയും കൊളോണിയലിസത്തിന്റെ ക്രൂരതകൾക്കെതിരെയും യോജിച്ച പോരാട്ടവും ബലപ്പെട്ടു. 1947 ഓഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്ര്യം നേടി. 1952 ൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. ദേശീയതലത്തില്‍ മുഖ്യ പ്രതിപക്ഷമായി സിപിഐ. വർഗ ബന്ധങ്ങൾ പുതിയ തലങ്ങളിലേക്ക് മാറി. വിശകലനങ്ങൾക്കും നടപടികൾക്കുമായി ബ്ലൂ പ്രിന്റ് തയ്യാറാക്കണമെന്ന് ആവശ്യമുയർന്നു. സമ്പദ്‌വ്യവസ്ഥയുടെ 48.1 ശതമാനം കൃഷിയെ ആശ്രയിച്ചുള്ളതായിരുന്നു.


ഇതുകൂടി വായിക്കൂ: ദിശാബോധത്തോടെ, ഐക്യത്തോടെ മുന്നേറാം


ഫാക്ടറികൾ കേന്ദ്രീകരിച്ചുള്ള ഉല്പാദനം മൂന്ന് ശതമാനം മാത്രമായിരുന്നു. ദേശീയ ബൂർഷ്വാസി അധികാരമാളിയ
പ്പോള്‍ വൻകിട ബൂർഷ്വാസിക്ക് ജന്മിത്വ ഇഴയടുപ്പങ്ങളും ഭരണ പങ്കാളിത്തവും കൈമുതലായി. അതോടെ കുത്തക വിരുദ്ധ, ഫ്യൂഡൽ വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കിടയിൽ ഐക്യത്തിനുള്ള സാധ്യത വളര്‍ന്നു. ജനാധിപത്യ സ്ഥാപനങ്ങൾ നിർമ്മിക്കപ്പെട്ടു. ഗവേഷണ സ്ഥാപനങ്ങൾ ശാസ്ത്രീയ അറിവുകൾക്ക് വഴിയായി. ഉരുക്ക്, വളം, മരുന്നുകൾ, തുണിത്തരങ്ങൾ, സിമന്റ് തുടങ്ങിയവ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളെ ആധുനിക ക്ഷേത്രങ്ങളായി പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഘോഷിച്ചു. രാജ്യം ഇപ്പോൾ സാമ്രാജ്യത്വത്തോട് വിട്ടുവീഴ്ച ചെയ്യുന്ന ഭരണകൂടത്തിന്റെ കൈപ്പിടിയിലാണ്. വിജയവാഡ പാർട്ടി കോൺഗ്രസ് ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ വിശാലമായ ജനാധിപത്യ വിപ്ലവത്തിന്റെ ഭാഗമാണെന്നും അത് ജനാധിപത്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും വിലയിരുത്തി. സാമ്രാജ്യത്വവും അതിന്റെ അശുഭകരമായ പങ്കും വിവരിക്കപ്പെട്ടു. വർഗീയ ഫാസിസവും വലതുപക്ഷ ഭരണത്തിലെ ദുഷിപ്പുകളും ചൂണ്ടിക്കാട്ടി. ദുഷ്കരമായ ഈ നാളുകളിൽ സാധ്യമായ ഏറ്റവും വിശാലമായ ഐക്യമുന്നണി രൂപീകരിക്കേണ്ടതുണ്ടെന്ന് പാർട്ടി കോൺഗ്രസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.