
കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനും സാമ്പത്തിക നയങ്ങൾക്കുമെതിരെ കമ്യൂണിസ്റ്റുകാർ പോരാട്ടം നടത്തുന്നത് ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് കൊണ്ടാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അമർജിത് കൗർ. കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചതിക്കുഴികളെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ കരുതിയിരിക്കണം. അഡാനിക്കും അംബാനിക്കും കുത്തക മുതലാളിത്തത്തിനുമെതിരെയുള്ള പോരാട്ടമെല്ലാം ചരിത്രത്തിൽ നിന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണെന്നും അവർ പറഞ്ഞു. സിപിഐ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ‘ശതാബ്ദി സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സിപിഐ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ തന്നെയാണ് ആർഎസ്എസും നൂറാം വാർഷികം ആഘോഷിക്കുന്നത്. ഒരേ വർഷമാണ് സ്ഥാപിക്കപ്പെട്ടതെങ്കിലും ഇരുവരുടെയും നൂറ് വർഷത്തെ പാതകൾ വേറിട്ടതാണ്. സാമ്രാജ്യത്വ ചൂഷണത്തിനെതിരായ തൊഴിലാളികളുടെയും കർഷകരുടെയുമെല്ലാം പോരാട്ടങ്ങളിലൂടെയാണ് സിപിഐ വളർന്നത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ നിരവധി കമ്യൂണിസ്റ്റുകാർ രക്തസാക്ഷിത്വം വഹിച്ചു. പലരും ജയിൽ വാസം അനുഷ്ഠിച്ചു. 1925ൽ കാൺപൂർ സമ്മേളനം നടക്കുമ്പോഴും പല നേതാക്കളും ജയിലിലായിരുന്നു. എന്നാൽ ഇത്തരമൊരു ചരിത്രം ആർഎസ്എസിന് ഇല്ല. എന്താണ് ആർഎസ്എസ് രാജ്യത്തിന് വേണ്ടി ചെയ്തത്. ഹെഡ്ഗേവാറും ഗോൾവാൾക്കറുമൊന്നും ഒരിക്കലും ബ്രിട്ടീഷുകാർക്കെതിരെ ശബ്ദിച്ചിട്ടില്ല. പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത രാജ്യത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും കമ്യൂണിസ്റ്റുകാർ ചിന്തിക്കുമ്പോൾ ആർഎസ്എസ് ഫാസിസത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.
പുതിയ ലോകക്രമം രാജ്യത്ത് നടപ്പിലാക്കാനാണ് കമ്യൂണിസ്റ്റുകാർ പോരാടുന്നത്. എന്നാൽ ജർമനിയിലെയും ഇറ്റലിയിലെയും ഫാസിസ്റ്റുകളെ അനുകരിച്ച് രൂപീകരിക്കപ്പെട്ട ആർഎസ്എസ് സ്വദേശിയെപ്പറ്റി പറഞ്ഞ് ആളുകളെ വഞ്ചിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നതെല്ലാം അനുസരിക്കുന്ന നിലപാടാണ് മോഡിയുടേത്. ബിജെപി, ആർഎസ്എസിന്റെ കുട്ടിയാണ്. ഹിറ്റ്ലറുടെ നയങ്ങൾ നടപ്പിലാക്കുന്നവരാണ് കേന്ദ്രഭരണത്തിലിരിക്കുന്നത്. അതുകൊണ്ട് നമ്മൾ കൂടുതൽ കരുതിയിരിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അധ്യക്ഷനായി. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി എസ് സുനിൽകുമാർ, പി വസന്തം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി കെ രാജൻ, കെ കെ ബാലൻ എന്നിവർ സംസാരിച്ചു. ആദ്യകാല നേതാക്കളെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും സംസ്ഥാന കൗൺസിൽ അംഗവുമായ ഇ കെ വിജയൻ എംഎൽഎ സ്വാഗതവും പി അസീസ് ബാബു നന്ദിയും പറഞ്ഞു. ഇസ്രയേല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ യങ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ നേതാവും ടെല്‍ അവീവ് പാര്‍ട്ടി സെക്രട്ടറിയുമായ ഇഡോ ആനന്ദ് ഇലാം, പിതാവ് യെദാം ഇലം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.