17 January 2026, Saturday

യുഎസ് ആക്രമണത്തെ അപലപിച്ച് കമ്മ്യൂണിസ്റ്റ് — വർക്കേഴ്സ് പാർട്ടികൾ

Janayugom Webdesk
June 24, 2025 4:45 am

ഇറാനെതിരെ ഏകപക്ഷീയമായി ഇസ്രയേൽ ആരംഭിച്ച ആക്രമണത്തോട് ചേർന്ന് യുഎസ് നടത്തിയ ആക്രമണത്തെ കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിച്ചു. ഇസ്രയേൽ ആരംഭിച്ച സൈനിക ആക്രമണത്തെ തീവ്രമാക്കുന്ന നടപടിയാണിത്. അഫ്ഗാനിസ്ഥാൻ, ഇറാഖ്, ലിബിയ, സിറിയ, പലസ്തീൻ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കുശേഷം, യുഎസ്എയും അവരുടെ സഖ്യകക്ഷികളും ഇപ്പോൾ പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യത്ത് രക്തം ചിന്തുകയാണ്. ഈ സാമ്രാജ്യത്വ ആക്രമണം വിശാലമായ മേഖലയിലുടനീളം ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടുകയും മനുഷ്യരാശിയെ മൊത്തത്തിൽ ബാധിക്കുകയും നാശങ്ങൾ സൃഷ്ടിക്കുകയും ഭീഷണിയുയർത്തുകയും ചെയ്യുന്നു. യുഎസ്എ, നാറ്റോ, ഇസ്രയേൽ എന്നിവ ഇറാനെതിരായ യുദ്ധം രൂക്ഷമാക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടികൾ ആവശ്യപ്പെട്ടു. യുദ്ധം, വിദേശ സൈനിക താവളങ്ങൾ, സൈനിക ഉപകരണങ്ങൾ, ആണവായുധങ്ങൾ എന്നിവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ പ്രസ്താവന ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇറാൻ, പലസ്തീൻ, ലെബനൻ, സിറിയ, യെമൻ എന്നിവിടങ്ങളിലെയും മേഖലയിലാകെയുമുള്ള എല്ലാ ജനങ്ങളോടും ഐക്യദാർഢ്യം ശക്തിപ്പെടുത്തണമെന്നും പ്രസ്താവന ആഹ്വാനം ചെയ്തു. അൽബേനിയ, ഓസ്ട്രേലിയ, കൊളംബിയ, ഗ്രീസ്, അയർലൻഡ്, മെക്സിക്കോ, നെതർലാൻഡ്സ്, പാകിസ്ഥാൻ, പരാഗ്വേ, സ്വീഡൻ, സിറിയ, തുർക്കി, യുഎസ്എ, വെനസ്വേല, ഇന്ത്യ, സ്വിറ്റ്സർലൻഡ്, ബംഗ്ലാദേശ്, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളും റൊമാനിയൻ സോഷ്യലിസ്റ്റ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വർക്കേഴ്സ് ഓഫ് സ്പെയിൻ, അൾജീരിയൻ പാർട്ടി ഫോർ ഡെമോക്രസി ആന്റ് സോഷ്യലിസം, പാർട്ടി ഓഫ് ലേബർ ഓഫ് ഓസ്ട്രിയ, വർക്കേഴ്സ് പാർട്ടി ഓഫ് അയർലൻഡ്, സോഷ്യലിസ്റ്റ് മൂവ്മെന്റ് ഓഫ് കസാക്കിസ്ഥാൻ, റെവല്യൂഷണറി ബ്രസീലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി, കമ്മ്യൂണിസ്റ്റ് ഫ്രണ്ട് (ഇറ്റലി), കമ്മ്യൂണിസ്റ്റ് റെവല്യൂഷണറി പാർട്ടി ഓഫ് ഫ്രാൻസ്, കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പ്ലാറ്റ്ഫോം യുഎസ്എ തുടങ്ങിയ പാർട്ടികളുമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. 

ഇറാനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ തൂദെ പാർട്ടിയും ഇസ്രയേലി കമ്മ്യൂണിസ്റ്റ് പാർട്ടിയും യുദ്ധത്തിനെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. മേഖലയിലെ ഇസ്രയേലിന്റെ തുടർച്ചയായ അതിക്രമങ്ങളും സാധാരണ ജനങ്ങളെ കൊല്ലുന്നതും അവസാനിപ്പിക്കണമെന്നും ഇറാനെതിരായ ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇരു പാർട്ടികളും പ്രസ്താവനയിൽ പറഞ്ഞു. പശ്ചിമേഷ്യയിലും ലോകമെമ്പാടുമുള്ള എല്ലാ ആണവായുധ പദ്ധതികളോടും അടിസ്ഥാനപരമായ എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രസ്താവന, ആണവ മത്സരം നിർത്തലാക്കേണ്ടത് ഇറാനെതിരായ ആക്രമണാത്മക യുദ്ധത്തിലൂടെയല്ല, മറിച്ച് മുഴുവൻ ആണവായുധങ്ങളുടെയും നിർവ്യാപനത്തിലൂടെയും ഇസ്രയേൽ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും ആണവായുധ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കുന്നതിലൂടെയും ആയിരിക്കണമെന്നും നിർദേശിച്ചു. ഐക്യരാഷ്ട്രസഭ, സുരക്ഷാ കൗൺസിൽ തുടങ്ങി ലഭ്യമായ എല്ലാ അന്താരാഷ്ട്ര സംവിധാനങ്ങളും മേഖലയെ വിനാശകരവും ദൂരവ്യാപകവുമായ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാൻ ഉപയോഗിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

യുഎസ് ജനത അനന്തമായ യുദ്ധങ്ങളിൽ മടുത്തു
ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് പച്ചക്കൊടി കാട്ടിയ ട്രംപ്, ഇറാനെതിരെ ബോംബ് വർഷിക്കാൻ യുഎസ് സൈന്യത്തോട് ഉത്തരവിട്ട നടപടി നിയമവിരുദ്ധമാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഎസ്എ പ്രസ്താവനയിൽ പറഞ്ഞു. പ്രസ്താവനയുടെ പൂർണരൂപം:
ആണവായുധം വികസിപ്പിക്കാനുള്ള ഇറാന്റെ കഴിവ് ഇല്ലാതാക്കണമെന്ന് പ്രലോഭിപ്പിച്ചാണ് ട്രംപ് ഇസ്രയേലിനെ ഇറാനെതിരായ ആക്രമണത്തിലേക്ക് തള്ളിവിട്ടത്. അതേസമയം ഇറാൻ ഒരു ആണവായുധവും നിർമ്മിക്കുന്നില്ലെന്നാണ് യുഎസ് ഭരണകൂടത്തിന്റെ സ്വന്തം രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ നിരവധി സ്രോതസുകൾ പറയുന്നത്. ഇത് ഒരു തന്ത്രമായിരുന്നു. ഗാസ വംശഹത്യയിൽ ആരംഭിച്ച നെതന്യാഹു ഭരണകൂടത്തിന്റെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ നിലവിലെ സ്വതന്ത്ര ഇറാനിയൻ സർക്കാരിനെ തങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക താല്പര്യങ്ങൾക്ക് വിധേയമായി മാറ്റി സ്ഥാപിക്കുക എന്നതാണ് യു­എസ് ഭരണകൂടത്തിന്റെ യഥാർത്ഥ ലക്ഷ്യം. മറ്റുള്ളവയ്ക്കൊപ്പം, യുഎസ് സൈനിക താവളങ്ങൾ പുനഃസ്ഥാപിക്കുക, റഷ്യയും ചൈ­നയുമായുള്ള ഇറാന്റെ അടുത്ത ബന്ധം വിച്ഛേദിക്കുക, ബ്രിക്സിലും ചൈനയുടെ റോഡ് സംരംഭത്തിലും ഇറാന്റെ പങ്കാളിത്തം അവസാനിപ്പിക്കുക, വിശാലമായ ഫോസിൽ ഇന്ധന ശേഖരം ഉപയോഗിച്ച് പശ്ചിമേഷ്യയുടെ മേലുള്ള നിയന്ത്രണം ഉറപ്പാക്കുക എന്നീ താല്പര്യങ്ങളും യുഎസിനുണ്ട്.
ഇറാനെതിരായ സമ്പൂർണ സൈനിക പരാജയവും രാഷ്ട്രീയ നേതൃത്വത്തിന്റെ ശിരച്ഛേദവും മാത്രമല്ല യുഎസ് ലക്ഷ്യമിടുന്നത്. ആണവയുദ്ധം ഉൾപ്പെടെ സംഘർഷവും അവരുടെ ലക്ഷ്യമാണെന്ന് സംശയിക്കണം. ഭീകരവും കുറ്റകരവുമായ ഈ യുദ്ധ നടപടിയെ കമ്മ്യൂണിസ്റ്റ് പാർട്ടി യുഎസ്എ അസന്ദിഗ്ധമായി അപലപിക്കുന്നു. ഭരണഘടനാ അധികാരത്തിൽ ട്രംപ് നടത്തുന്ന ആവർത്തിച്ചുള്ള കടന്നുകയറ്റത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇറാനെതിരായ ബോംബാക്രമണം. സ്വേച്ഛാധിപത്യ ഭരണ പാതയിലേക്കുള്ള മറ്റൊരു ചുവടുവയ്പാണിത്. സ്വന്തം നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കുമെന്ന് അമേരിക്കയെ വീണ്ടും മഹത്തരമാക്കുക (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ — മാഗ) എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച ഭരണകൂടം ഭീഷണിപ്പെടുത്തുകയാണ്. നിയമനിർമ്മാതാക്കളിൽ പലരും ആക്രമണങ്ങളെ അപലപിച്ചിട്ടുണ്ട്. എങ്കിലും ഒരു കാര്യം ഉറപ്പാണ്, ബഹുജന പ്രതിഷേധങ്ങളുണ്ടാകുന്നില്ലെങ്കിൽ വൈറ്റ് ഹൗസ് കൈവശപ്പെടുത്തിയിരിക്കുന്ന ഫാസിസ്റ്റ് മനസുള്ള യുദ്ധക്കൊതിയന്മാർ കൂടുതൽ ധൈര്യം പ്രകടിപ്പിക്കും. അതുകൊണ്ട് ജനങ്ങൾക്ക് തെരുവിലിറങ്ങാനുള്ള സമയം ഇതാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കരുതുന്നു.
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ബോംബിടാനുള്ള ട്രംപിന്റെ തീരുമാനം പതിറ്റാണ്ടുകളിലെ ഏറ്റവും രൂക്ഷവും അപകടകരവുമായ സാഹചര്യത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായ ഒരു “ചെർണോബിൽ സമാനമായ ആണവ ദുരന്തത്തിലേക്ക്” ഈ ബോംബാക്രമണം നയിച്ചേക്കാമെന്ന് ആണവ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരായ ഈ നിയമവിരുദ്ധ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ഇസ്രയേലിനുള്ള എല്ലാ സഹായങ്ങളും പൂർണമായും നിർത്തലാക്കണമെന്നും സിപിയുഎസ്എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഏപ്രിൽ അഞ്ച്, ജൂൺ 14 തീയതികളിലെ പ്രതിഷേധങ്ങളോടെ, മാഗ വിരുദ്ധ പ്രസ്ഥാനം ശക്തിപ്രാപിക്കാൻ തുടങ്ങിയിട്ടുണ്ട്. സമാധാനകാംക്ഷികളും മറ്റ് ജനാധിപത്യ സംഘടനകളും ചേർന്ന് അവരുടെ ശബ്ദം കഴിയുന്നത്ര ഉച്ചത്തിൽ കേൾപ്പിക്കേണ്ടതുണ്ട്.
തൊഴിലാളികൾ, വിവിധ ജനവിഭാഗങ്ങൾ, സ്ത്രീകൾ, എൽജിബിടിക്യു, പരിസ്ഥിതി പ്രസ്ഥാനങ്ങൾ എന്നിവരുമായി ബന്ധം ശക്തിപ്പെടുത്തുകയും ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും വേണം. വൈറ്റ് ഹൗസിനും കോൺഗ്രസിനും നേരെ മാത്രമല്ല, യുദ്ധം സൃഷ്ടിക്കുന്ന സൈനിക കോർപറേറ്റുകൾക്ക് നേരെയും പ്രതിഷേധം സംഘടിപ്പിക്കണം. യുഎസ്/ഇസ്രയേൽ ആക്രമണം തടയാനും യുദ്ധം അവസാനിപ്പിക്കാനും എല്ലാ പുരോഗമന ശക്തികളോടും സമാധാനപ്രിയരായ ആളുകളും സംഘടിച്ച് മുന്നേറണമെന്ന് പ്രസ്താവന ആഹ്വാനം ചെയ്തു. ഇറാനിലെ ജനങ്ങളോടും, തൊഴിലാളിവർഗത്തോടും സഹോദരകക്ഷിയായ തുദേ പാർട്ടിയോടും പുതിയ ആക്രമണത്തിനെതിരെ അവർ നടത്തുന്ന പോരാട്ടത്തോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രസ്താവന യുഎസ് ജനത അനന്തമായ യുദ്ധങ്ങളിൽ മടുത്തുവെന്നും ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.