കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂണിയന്റെയും മുതിർന്ന നേതാവും മുൻ പൊതുവിതരണ മൃഗ സംരക്ഷണ മന്ത്രിയുമായിരുന്ന സി ദിവാകരൻ അപൂർവമായി വിളിക്കാറുണ്ട്. പ്രഭാത് ബുക്ക് ഹൗസ് സിഎംഡി എന്നനിലയിൽ അതുമായോ ജനയുഗവുമായി ബന്ധപ്പെട്ടതോ ആയ വിഷയങ്ങളെപ്പറ്റിയുള്ള ഹ്രസ്വ ഫോൺ സംഭാഷണങ്ങളായിരിക്കും അവ. കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം വിളിച്ചത് കേരള നിയമസഭാ പുസ്തകോത്സവത്തിൽ തന്റെ ഒരു പുസ്തകത്തെപ്പറ്റി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു. ചർച്ചയിൽ സിപിഐ(എം) പോളിറ്റ്ബ്യുറോ അംഗം എം എ ബേബി, എഴുത്തുകാരനായ വള്ളിക്കാവ് മോഹൻദാസ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ടെന്നും അറിയിച്ചു. തന്റെ പുസ്തകത്തിന്റെ ഒരു പ്രതി എത്തിച്ചുതരാമെന്നും പറഞ്ഞിരുന്നു.
നിയമസഭാ പുസ്തകോത്സവത്തിൽ നിർദിഷ്ട ചർച്ച നടക്കുന്നതിന് ഒരുദിവസം മുമ്പ് മാത്രമാണ് പ്രസാധകരായ രചന ബുക്സിന്റെ കെ ഭാസ്കരൻ പുസ്തകം എത്തിച്ചുനൽകിയത്. അപ്പോഴാണ് സുദീർഘമായ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള സി ദിവാകരന്റെ പുസ്തകം ഒരു നോവലാണെന്ന് തെല്ലൊരു അത്ഭുതത്തോടെ തിരിച്ചറിയുന്നത്. രാഷ്ട്രീയാനുഭവങ്ങളുടെ വെളിച്ചത്തിൽ രാഷ്ട്രീയം, യാത്രാനുഭങ്ങൾ, ആത്മകഥ തുടങ്ങി അദ്ദേഹം രചിച്ചിട്ടുള്ള ഏതാനം പുസ്തകങ്ങൾ വായിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ സമാനമായ ഒരു രചനയാണ് പ്രതീക്ഷിച്ചിരുന്നത്. സി ദിവാകരന്റെ പാരമ്പര്യമുള്ള ഒരു മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ തന്റെ പ്രവർത്തനാനുഭങ്ങളുടെ അടിസ്ഥാനത്തിൽ ആ ഗണത്തിൽപ്പെട്ട പുസ്തകരചനയിൽ ഏർപ്പെടുന്നതിൽ അസാധാരണത്വം ഏതുമില്ല. മാത്രമല്ല, തന്റെ രാഷ്ട്രീയ അനുഭവങ്ങൾ അനുവാചകരുമായി പങ്കുവെക്കുന്നത് രാഷ്ട്രീയ പ്രവർത്തനവും ആണല്ലോ. എന്നാൽ അദ്ദേഹം തന്റെ പരിപക്വമായ പ്രായത്തിൽ നോവൽ പോലെ സർഗാത്മക സാഹിത്യത്തിൽ കൈവയ്ക്കാൻ മുതിർന്നിരിക്കുന്നു എന്നതാണ് പുസ്തകം കണ്ടപ്പോൾ അത്ഭുതപ്പെടുത്തിയത്. തൊട്ടടുത്തദിവസം ചർച്ചയിൽ പങ്കെടുക്കണമെന്നതുകൊണ്ട് തിരക്കുകൾ മാറ്റിവച്ച് ഒറ്റയിരുപ്പിൽ പുസ്തകം വായിച്ചുതീർത്തു.
സ്വാതന്ത്ര്യപൂർവ ജന്മി-നാടുവാഴിത്ത കാലം മുതൽ സമകാലിക ജനാധിപത്യയുഗം വരെ നീണ്ടുപരന്നുകിടക്കുന്ന രാഷ്ട്രീയത്തെ 162 പേജുകളിൽ ഒതുക്കി അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയ ആഖ്യായികയാണ് ഗ്രന്ഥകാരൻ കമ്മ്യൂണിസ്റ്റ് എന്നപേരിൽ വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. അതിന്റെ വിജയപരാജയങ്ങൾ നിർണയിക്കേണ്ടത് വായനക്കാരാണ്.
തിരുവിതാംകൂറിലെ നാടുവാഴിത്ത കാലഘട്ടത്തിലെ പ്രഭു കുടുംബങ്ങളിൽ ഒന്നായ അറപ്പുരയിലെ കാരണവരായ ‘മാതു കുത്തകക്കാരൻ’ എന്ന് നാട്ടുകാർ ഭയത്തോടെ വിളിച്ചിരുന്ന മാധവന്റെ മൂത്തമകൻ നരേന്ദ്രന്റെ ജീവിതയാത്രയെ അക്കാലഘട്ടത്തിലെ രാഷ്ട്രീയ വികാസപരിണാമങ്ങളുടെ പശ്ചാത്തലത്തിൽ വരച്ചുകാട്ടുകയാണ് ഗ്രന്ഥകാരൻ. രാജഭരണ കാലത്തെ ജനവിരുദ്ധവും നിഷ്ഠുരവുമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ യാഥാർഥ്യങ്ങൾ, അതിനോട് കലഹിക്കാനും വേർപിരിയാനും മടിക്കാത്ത വിദ്യാസമ്പന്നവും ഉത്പതിഷ്ണുത്വവും ആദർശധീരതയുമുള്ള പുതുതലമുറ, അത്തരക്കാരെ ഉൾകൊള്ളാനും നേതൃത്വത്തിലേക്ക് ഉയർത്താനും സന്നദ്ധമായ പുരോഗമന വിപ്ലവ രാഷ്ട്രീയം, ആ രാഷ്ട്രീയത്തിൽത്തന്നെ വേരോട്ടമുണ്ടാക്കുന്ന സ്വാർത്ഥത, സ്ഥാനമോഹം, വഞ്ചന തുടങ്ങിയ അധാർമ്മിക പ്രവണതകൾ എന്നിവയുടെ ആഖ്യാനം ഏതാണ്ട് ഉൾക്കാഴ്ചയോടെ ആവിഷ്കരിക്കാനും നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്.
‘നോവൽ സാഹിത്യത്തിന്റെ സാങ്കേതിക രൂപഘടനകളെ നിരാകരിക്കുന്ന’ രചന എന്നാണ് പ്രസാധക കുറിപ്പിൽ കെ ഭാസ്കരൻ പറഞ്ഞുവെക്കുന്നത്. അത് ശരിയാണെന്ന് തോന്നാമെങ്കിലും കഥപറച്ചിലിന്റെ നിയമങ്ങളെയും രൂപഘടനേയും നിരാകരിക്കുയാണല്ലോ യഥാർത്ഥത്തിൽ ‘നോവൽ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന മറുചോദ്യവും ഇവിടെ പ്രസക്തമാണ്. കമ്മ്യൂണിസ്റ്റിന്റെ രചനയിൽ സി ദിവാകരനിലെ രാഷ്ട്രീയ നേതാവും ചിന്തകനും നോവലിസ്റ്റിനുമേൽ മേൽകൈ നേടുന്നതും ഇതില്‍ പ്രകടമാണ്. നോവലിന്റെ ഗണ്യമായ ഒരു ഭാഗം രാഷ്ട്രീയവും ആശയപരവുമായ ചർച്ചകൾക്കായി മാറ്റിവച്ചിരിക്കുന്നുവെന്നത് എഴുത്തുകാരന് സ്വന്തം സ്വത്വത്തെ മറച്ചുവച്ച്
എളുപ്പത്തിൽ ഒരു കേവല കഥാകാരനായി മാറാനാവില്ലെന്ന വസ്തുത സാക്ഷ്യപ്പെടുത്തുന്നു.
ചുരുക്കത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ കേവലം രാഷ്ട്രീയക്കാരൻ മാത്രമല്ല സ്വപ്നംകാണാനും ഭാവനയ്ക്ക് നിറംപകരാനും ശേഷിയുള്ള കലാഹൃദയത്തിന്റെ ഉടമകൂടിയാണെന്ന് തന്റെ നോവൽവഴി സി ദിവാകരൻ തെളിയിക്കുകയാണ്. പിൻകുറിപ്പ്: സി ദിവാകരന്റെ നോവൽ വായനക്കാരുടെ മുന്നിൽ വയ്ക്കുന്ന കഥാതന്തു ഒരു മികച്ച തിരക്കഥാ രചയിതാവിന്റെയും സംവിധായകന്റെയും കൈകളിൽ സാമ്പത്തിക വിജയവും ദൃശ്യസൗന്ദര്യവും സമ്പന്നമായ ഉള്ളടക്കവുമുള്ള ചലച്ചിത്രമാക്കി മാറ്റാനുള്ള സാധ്യതകൾ ഏറെയാണ്.
കമ്മ്യൂണിസ്റ്റ്
(നോവല്‍)
സി ദിവാകരന്‍
രചന ബുക്സ്
വില: 225 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.