പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തള്ളി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ തകൃതി. സമുദായ സംഘടനകളെ കയ്യിലെടുത്ത് സ്ഥാനാർത്ഥി നിർണയത്തിലടക്കം മേൽക്കൈ നേടാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. ഇത് മനസിലാക്കിയ സതീശൻ തന്ത്രപരമായ ഉൾവലിയൽ നടത്തി രംഗം ശാന്തമാക്കാൻ ശ്രമം തുടങ്ങി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കി ഇറങ്ങിയാൽ യുഡിഎഫ് ഭരണത്തിലെത്തില്ല എന്നാണ് വി ഡി സതീശന്‍ മറുപടി പറഞ്ഞത്. ഇപ്പോൾത്തന്നെ ചിലർ കുപ്പായമിട്ട സ്ഥിതിക്ക് താൻ കൂടി അതിനായി തുനിഞ്ഞാൽ കാര്യങ്ങൾ കൈവിടുമെന്നും പരസ്പരം കാലുവാരൽ കനക്കുമെന്നുമാണ് മുന്നറിയിപ്പെന്നോണം വി ഡി സതീശൻ സൂചിപ്പിച്ചത്.
എസ്എൻഡിപിയെയും എൻഎസ്എസിനെയും കയ്യിലെടുത്ത് രമേശ് ചെന്നിത്തല നടത്തുന്ന കരുനീക്കങ്ങളെ വളരെ കരുതലോടെയാണ് സതീശനും കൂട്ടരും നിരീക്ഷിക്കുന്നത്. എന്തു പ്രകോപനമുണ്ടായാലും സമുദായ നേതാക്കളെ ചൊടിപ്പിക്കുന്ന ഒരു വാക്കുപോലും വേണ്ടെന്നും സന്ദർഭം വരുമ്പോൾ വെള്ളാപ്പള്ളിയെയും സുകുമാരൻനായരെയും വരുതിയിലാക്കാമെന്നുമാണ് സതീശൻ പക്ഷത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ എസ്എൻഡിപി, എൻഎസ്എസ് നേതാക്കളുടെ ക്ലീൻ സര്‍ട്ടിഫിക്കറ്റ് നേടിയ ചെന്നിത്തല തന്റെ മുന്നേറ്റം തുടരുകയാണ്. അടുത്ത നീക്കം മുസ്ലിം സമുദായത്തിലെ പ്രബല നേതാക്കളെയും സംഘടനകളെയും ഒപ്പം നിർത്താനുള്ളതാണ്. യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കാര്യത്തിൽ സമസ്തയിൽ ഒരുവിഭാഗത്തിന്റെയും മുസ്ലിം ലീഗിന്റെയും പിന്തുണ ചെന്നിത്തല ഉറപ്പാക്കിയതായാണ് സൂചന.
പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളന വേദിയില്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് സതീശനെ വെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കരുതുന്നത്. ജാമിഅ നൂരിയ സമ്മേളനത്തിലെ ഒരു സെഷന്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചത്. എം കെ മുനീർ അധ്യക്ഷനാകുന്ന സെഷൻ നാളെ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് ജാമിഅയുടെ പ്രസിഡന്റ്. ലീഗ് നേതൃത്വത്തിന്റെ താല്പര്യപ്രകാരമാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചതെന്നാണറിയുന്നത്. കഴിഞ്ഞ വർഷത്തെ സമ്മേളനത്തിൽ വി ഡി സതീശനാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ സതീശന് ക്ഷണമില്ല. നേരത്തെ മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ എൻഎസ്എസും ശിവഗിരി തീർത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേക്ക് എസ്എൻഡിപിയും ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമസ്തയുടെ പരിപാടിയിലേക്കും ചെന്നിത്തല അതിഥിയായെത്തുന്നത്. എട്ടുവർഷത്തെ അകൽച്ചയ്ക്ക് ശേഷമായിരുന്നു എസ്എൻഡിപി രമേശ് ചെന്നിത്തലയെ ക്ഷണിച്ചത്.
2013ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ, ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി. പിന്നാലെ തന്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമർശം എന്നുപറഞ്ഞ് ചെന്നിത്തല സുകുമാരൻ നായരെ തള്ളിപ്പറഞ്ഞു. ഇതോടെയാണ് എൻഎസ്എസ് അകന്നത്.
കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ പുരോഗമിക്കുന്ന വേളയിൽ ചെന്നിത്തലയുടെ വർധിച്ചു വരുന്ന പിന്തുണ കൃത്യമായ സൂചനകളാണ് നൽകുന്നത്. ഇതു നന്നായി മനസിലാക്കിയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിക്കാൻ താല്പര്യമില്ലെന്നും യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും വി ഡി സതീശൻ മുൻകൂട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.