17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 18, 2024
September 16, 2024
September 13, 2024
September 11, 2024
September 10, 2024
September 6, 2024

കുവൈറ്റ് ദുരന്തത്തിൽ ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം: മുഖ്യമന്ത്രി

വീണാ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ചത് ഔചിത്യമില്ലാത്ത നടപടി
Janayugom Webdesk
തിരുവനന്തപുരം
June 14, 2024 9:56 pm

കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകകേരള സഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുവൈറ്റ് സർക്കാർ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാർ കുവൈറ്റുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണം. ഇക്കാര്യത്തിൽ സമയോചിത ഇടപെടൽ ഉണ്ടാവണം. ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അത് ഈടാക്കുന്ന കാര്യവും കുവൈറ്റ് സർക്കാർ പരിശോധിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരേ മനസോടെ നീങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുവൈറ്റ് സർക്കാർ സംഭവത്തില്‍ ഫലപ്രദമായി ഇടപെട്ടു. കേന്ദ്ര സർക്കാരും എംബസി മുഖേന കാര്യങ്ങൾ നീക്കി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ കരുതലും എടുക്കണം. സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ചയുണ്ടായോ, ഉണ്ടെങ്കിൽ ഉത്തരവാദി ആര്‌, ഇത്തരം കാര്യങ്ങളിൽ ഗൗരവമായ തുടർനടപടികൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീപിടിത്തത്തിൽ പൊലിഞ്ഞ ജീവനുകളുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്കും ഗ്ലോബൽ കോൺടാക്ട് സെന്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുവൈറ്റ് തീപിടിത്തത്തെതുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്‌ അങ്ങോട്ടു പോകാൻ അനുമതി നിഷേധിച്ച കേന്ദ്ര നടപടി ഇത്തരമൊരു കാര്യത്തിൽ ഉചിതമല്ല. ഒരു സംസ്ഥാനത്തിന്‌ മറ്റൊരു രാജ്യത്ത്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല. രാജ്യം എന്ന നിലയിൽ കേന്ദ്രമാണ്‌ ചെയ്യേണ്ടത്‌. അവിടെ ജീവിക്കുന്നവരിൽ നല്ലൊരു വിഭാഗം ഇവിടെയുള്ളവരാണ്‌. അതുകൊണ്ട്‌ എന്താണ്‌ പ്രശ്നങ്ങളെന്ന്‌ കൃത്യമായി കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാൻ സംസ്ഥാന സർക്കാരിന്‌ കഴിയുമായിരുന്നുവെന്നും അതൊന്നും വേണ്ട എന്ന സമീപനം ഇതുപോലൊരു കാര്യത്തിൽ സ്വീകരിക്കുന്നത്‌ ഉചിതമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങളെല്ലാം ചെയ്തിട്ടുണ്ട്‌, പിന്നെ നിങ്ങളെന്തിനാണ്‌ പോകുന്നതെന്ന്‌ ചിലർ ചോദിച്ചതായി അറിഞ്ഞു. കേരളത്തിനും മലയാളികൾക്കും ഒരു പൊതുരീതിയും സംസ്കാരവുമുണ്ട്‌. ഇത്തരം ഘട്ടങ്ങളിൽ എത്തിച്ചേരുക എന്നതാണത്‌. അത്‌ നമ്മുടെ നാട്‌ ആഗ്രഹിക്കുന്നതാണ്‌. ഒരു മരണവീട്ടിൽ നമ്മൾ പോകുമ്പോള്‍ നിങ്ങള്‍ക്ക് അവിടെ എന്താണ്‌ ചെയ്യാനുള്ളത്‌ എന്ന് ഇത്തരക്കാര്‍ ചോദിക്കുമായിരുന്നു. ആരോഗ്യ മന്ത്രി അവിടെയെത്തുമ്പോൾ പരിക്കേറ്റവരുടെ കാര്യവും മലയാളി സമൂഹത്തിന്‌ പറയാനുള്ള കാര്യവുമെല്ലാം അറിയാനും കൈകാര്യം ചെയ്യാനും സാധിക്കുമായിരുന്നു. അതാണ്‌ നിഷേധിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.