വാഹനാപകടത്തിൽപ്പെട്ട പതിനെട്ടുകാരന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനംചെയ്തെന്ന പരാതിയിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. തലയിൽ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൽദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ബൈക്കപകടത്തിൽപ്പെട്ട അഖിലിന്റെ അവയവങ്ങൾ മലേഷ്യൻ പൗരനാണ് ദാനം ചെയ്തത്. 2009 നവംബർ 29 നാണ് അപകടം നടന്നത്. കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം ലേക്ഷോറിലേക്ക് വിദഗ്ധ ചികിത്സയെന്ന രീതിയിൽ മാറ്റി. തൊട്ടടുത്ത ദിവസം മസ്തിഷ്കമരണം സ്ഥിരീകരിച്ചെന്ന് അറിയിക്കുകയും കരളും വൃക്കകളും മാറ്റിവയ്ക്കുകയായിരുന്നു.
കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. തലയിൽ രക്തം കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ ഇരു ആശുപത്രികളും നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിട്ടു.
രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ഇരു ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ അവയവദാനത്തിനുള്ള നടപടികളിലും അപാകതയുണ്ടെന്നും കോടതി കണ്ടെത്തി.
English Summary: Complaint against Kochi Lakeshore Hospital
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.